ബ്രസീലിന് മൂന്നാം സ്ഥാനത്തോടെ മടക്കം; മാലിയെ 2–0നു തോൽപ്പിച്ചു

മാലിക്കെതിരെ ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയ യൂറി ആൽബർട്ടോയും സംഘവും ആഹ്ലാദത്തിൽ. ചിത്രം: മനോരമ

കൊൽക്കത്ത ∙ ബ്രസീലിനെ മാലി കളിപ്പിച്ചു ജയിപ്പിച്ചു! അണ്ടർ–17 ലോകകപ്പിൽ മാലിയെ 2–0നു തോൽപ്പിച്ച് ബ്രസീലിനു മൂന്നാം സ്ഥാനം. സ്വന്തം മികവിനെക്കാളേറെ മാലി താരങ്ങളുടെ പിഴവിലായിരുന്നു ബ്രസീലിന്റെ രണ്ടു ഗോളുകളും. 55–ാം മിനിറ്റിൽ ബോക്സിൽ നിന്നുള്ള ബ്രസീൽ മിഡ്ഫീൽഡർ അലന്റെ ദുർബലമായ ഷോട്ട് മാലി ഗോൾകീപ്പർ യൂസഫ് കൊയ്റ്റയുടെ കയ്യിൽ നിന്നു വഴുതുകയായിരുന്നു. കൊയ്റ്റ ഓടിപ്പിടിക്കാൻ നോക്കിയെങ്കിലും പന്തു ഗോൾലൈൻ കടന്നു.

88–ാം മിനിറ്റിൽ ഫോർവേഡ് ലിങ്കണു പകരമിറങ്ങിയ യൂറി ആൽബർട്ടോ ബ്രസീലിന്റെ രണ്ടാം ഗോൾ നേടി. ഗോൾ വീണതോടെ പ്രതിരോധം മറന്നു മാലി ആക്രമിച്ചു കയറിയതാണു രണ്ടാം ഗോളിനു വഴിയൊരുക്കിയത്. കഴിഞ്ഞ തവണ ഫൈനലിൽ നൈജീരിയയോടു തോറ്റ മാലിക്ക് ഇത്തവണ സങ്കടം നിറഞ്ഞ നാലാം സ്ഥാനം. ബ്രസീലിന്റെ കളി കാണാനെത്തിയ കാണികൾ ഒടുവിൽ മാലിക്കു കയ്യടിച്ചാണു മടങ്ങിയത്.

ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയ യൂറി ആൽബർട്ടോയുടെ ആഹ്ലാദം.

ഇംഗ്ലണ്ടിനെതിരെ സെമിഫൈനലിൽ തോറ്റതോടെ പ്രചോദനം നഷ്ടപ്പെട്ട ബ്രസീലായിരുന്നു കളിക്കളത്തിൽ. മാലിയാകട്ടെ, സ്പെയിനിനോടു തോറ്റ സങ്കടം ബ്രസീലിനോടു തീർക്കും എന്ന നിശ്ചയദാർഢ്യത്തിലും. എന്നാൽ ഇത്തവണയും അവരെ ചതിച്ചത് ഫിനിഷിങ്ങിലെ കൃത്യതയില്ലായ്മ തന്നെ. 27 ഷോട്ടുകളാണു മാലി ബ്രസീൽ ഗോൾ പോസ്റ്റിലേക്ക് ഉതിർത്തത്. പതിനേഴും ഗോൾ ലക്ഷ്യംവച്ചായിരുന്നെങ്കിലും ഒന്നുപോലും അവർക്കു ലക്ഷ്യത്തിലെത്തിക്കാനായില്ല. പ്രതിരോധം പലവട്ടം ചിതറിപ്പോയെങ്കിലും ഗോൾകീപ്പർ ബ്രസാവോ ബ്രസീലിനെ രക്ഷിച്ചു. 38–ാം മിനിറ്റിൽ മാലി മിഡ്ഫീൽഡർ സലാം ജിദൗവിന്റെ ഷോട്ട് ഉജ്വലമായ സേവിലൂടെയാണു ബ്രസാവോ രക്ഷപ്പെടുത്തിയത്.

പാസിങ്ങിലും പൊസഷനിലും മാലിയെക്കാൾ മികച്ചുനിന്നെങ്കിലും ബ്രസീലിനു മുന്നേറ്റത്തിൽ ഒട്ടും കൃത്യതയുണ്ടായിരുന്നില്ല. അലനും മാർക്കോസ് അന്റോണിയോയും ചേർന്ന മധ്യനിര കുറച്ചു നീക്കങ്ങൾ സൃഷ്ടിച്ചെങ്കിലും ഫോർവേഡ് ലിങ്കൺ അമ്പേ പരാജയമായി. പൗളിഞ്ഞോയെയും ബ്രെണ്ണറെയും മാർക്ക് ചെയ്ത് മാലി ബ്രസീലിന്റെ വിങ്ങുകളിലൂടെയുള്ള വഴിയടയ്ക്കുകയും ചെയ്തു. വിരസമായ കളി ആദ്യ ഗോൾ വീണതോടെയാണു കുറച്ചെങ്കിലും നന്നായത്.

മാലിക്കെതിരെ ഭാഗ്യം കൊണ്ടു മാത്രമാണു ജയിച്ചത്. ഞങ്ങളുടെ ഏറ്റവും മോശം മൽസരമായിരുന്നു ഇത്. തീരെ  പോസിറ്റീവ് ആയിരുന്നില്ല കളിക്കാർ. മാലിയാണ് നന്നായി കളിച്ചത്. ബ്രസീലിയൻ ഫുട്ബോൾ ലോകത്തിന് കാണിച്ചു കൊടുക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. എല്ലാ രാജ്യങ്ങൾക്കും ഫുട്ബോൾ സൗകര്യങ്ങൾ ഒരു പോലെയായിരിക്കുന്ന കാലത്ത് മൽസരിച്ചു ജയിക്കണമെങ്കിൽ നൂറു ശതമാനം മികവും സമർപ്പണവും വേണം.  ഇങ്ങനെ മതിയോ എന്ന് കളിക്കാർ  ചിന്തിക്കേണ്ട മൽസരമാണിത്. ഇവരെല്ലാവരും ഭാവിയിൽ സീനിയർ ഫുട്ബോൾ കളിക്കേണ്ടവരല്ലേ..?  

                        - കാർലോസ് അമാദ്യു (ബ്രസീൽ കോച്ച്)