സ്പാനിഷ് കോട്ട തകർത്ത് ഇംഗ്ലിഷ് ഇരമ്പം; 5–2 വിജയവുമായി കിരീടം

സ്പെയിനെതിരെ നാലാം ഗോൾ നേടിയശേഷം ഇംഗ്ലണ്ട് ടീമിന്റെ ആഹ്ലാദം

കൊൽക്കത്ത∙ ഇംഗ്ലണ്ടെടാ... ഇംഗ്ലണ്ട്. രണ്ടു ഗോളിനു മുന്നിൽക്കയറിയ സ്പെയിനിന്റെ നെഞ്ചിലേക്ക് അഞ്ചുതവണ നിറയൊഴിച്ചുവീഴ്ത്തിയ ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പ് ഉയർത്തി. ഈ ലോകകപ്പ് കണ്ടതിൽ ഏറ്റവും വാശിയേറിയ, ഏറ്റവും ആസ്വാദ്യകരമായ മൽസരം. ഒന്നൊന്നര ഫൈനൽ. ഇംഗ്ലണ്ടിനുവേണ്ടി റയാൻ ബ്രൂസ്റ്റർ (44’), മോർഗൻ ഗിബ്സ്‌വൈറ്റ് ( 58), ഫിലിപ് ഫോഡൻ (69’, 88’), ’മാർക് ഗൂയി (84’) എന്നിവർ ഗോളടിച്ചു. സ്പെയിനിന്റെ രണ്ടു ഗോളും സെർജിയോ ഗോമസിന്റെ വകയായിരുന്നു (10’, 31’). 

സ്പെയിൻ തന്ത്രം മാറ്റിപ്പിടിച്ചു, ഇംഗ്ലണ്ട് മാറ്റിയില്ല എന്നതാണു സ്കോർബോർഡിനു പുറത്ത് ഫൈനലിന്റെ കഥ. വിങ്ങുകളിലൂടെയുള്ള തുരുതുരാ ആക്രമണത്തിൽ ഇംഗ്ലണ്ട് വീണ്ടും വിശ്വാസം അർപ്പിച്ചപ്പോൾ സ്പെയിൻ ‘ടിക്കിടാക്ക’എന്ന സ്വതസിദ്ധ ശൈലി മാറ്റിപ്പിടിച്ചു. ഇറാനെതിരെ പയറ്റിയ അതിവേഗ പ്രത്യാക്രണതന്ത്രം വീണ്ടും പുറത്തെടുത്തു. ആദ്യപകുതിയിൽ അതുവിജയിക്കുകയും ചെയ്തു. പക്ഷേ ഇംഗ്ലണ്ട് 11 പേരും ഒന്നിനൊന്നു പൊരുതുന്ന ടീമെന്ന നിലയ്ക്ക് സ്പെയിനിന്റെ തന്ത്രം പൊളിച്ചടുക്കി.

ഇടതടവില്ലാതെ ഇംഗ്ലണ്ട് നടത്തിയ ആക്രമണങ്ങൾ എട്ടുമിനിറ്റോളം സ്പാനിഷ് നിരയെ ഉലച്ചു. പക്ഷേ അതിവേഗ പ്രത്യാക്രമണനീക്കത്തിൽ 10–ാം മിനിറ്റിൽ അവർ മുന്നിലെത്തി. ആബേൽ റൂയിസ് നീട്ടിക്കൊടുത്ത പന്തിലേക്ക് യുവാൻ മിറാൻഡ. ബോക്സിനു നടുവിലേക്കു മിറാൻഡ പന്തുമറിച്ചു. അടിക്കാൻ ശ്രമിച്ചെങ്കിലും മുഹമ്മദ് മുഖ്‌ലിസിനു കിട്ടിയില്ല. കിട്ടാഞ്ഞതു നന്നെന്ന് അടുത്ത നിമിഷം സെർജിയോ ഗോമസ് തെളിയിച്ചു, പന്തിനെ വലയിലേക്കു യാത്രയാക്കിയതിലൂടെ. സ്റ്റേഡിയം പൊട്ടിത്തെറിച്ചു, ഇംഗ്ലണ്ട് നടുങ്ങി.

രണ്ടാം ഗോളിനും വഴിതുറന്നത് ആബേ‍ൽ റൂയിസ് ആയിരുന്നു. ബോക്സിലേക്ക് റൂയിസ് നീട്ടിയ പന്ത് ഗലാബർട്ട് കാലിലെടുത്തു നിയന്ത്രിച്ചു മറിച്ചുകൊടുത്തു. വീണ്ടും ഗോമസ്. പിഴവില്ലാത്ത ഫിനിഷ് (2–0). ആദ്യപകുതി തീരുംമുൻപേ ഇംഗ്ലണ്ട് ഗോളടിച്ചു, ആത്മവിശ്വാസം തിരിച്ചുപിടിച്ചു. വലതുവിങ്ങിലൂടെ സ്റ്റൈലായി കയറിവന്ന സ്റ്റീവൻ സെസന്യോൺ സ്റ്റൈലനായിത്തന്നെ പന്തുയർത്തിവിട്ടു. സ്പാനിഷ് പ്രതിരോധം ഞടുങ്ങി. വായുവിലുയർന്ന് ബ്രൂസ്റ്റർ തലകൊണ്ടു പന്തിൽക്കൊത്തി, വല കിലുക്കി (1–2).

ഇംഗ്ലണ്ടിനായി ഇരട്ടഗോൾ നേടിയ ഫിൽ ഫോഡന്റെ (7) ആഹ്ലാദം. ആദ്യ ഗോൾ നേടിയ റയാൻ ബ്രൂസ്റ്ററാണ് പിന്നിൽ. എട്ടു ഗോളുകൾ നേടിയ ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയപ്പോൾ ഫിൽ ഫോഡനാണ് ഗോൾഡൻ ബോൾ പുരസ്കാരം. ചിത്രം: സലിൽ ബേറ

ആദ്യപകുതിയിൽ നിർത്തിയേടത്തുനിന്നു തുടങ്ങുകയും തുടരുകയുമായിരുന്നു. 58–ാം മിനിറ്റ്. വലതുപാർശ്വത്തിലൂടെ വീണ്ടും സെസന്യോൺ. 18–ാം നമ്പർ താരത്തിൽനിന്ന് പന്തു ഫോഡനിലേക്ക്. ഫോഡന്റെ മികച്ച ക്രോസ്. ഗിബ്സ്‌വൈറ്റിന്റെ കുറ്റമറ്റ ഷോട്ട് (2–2). ഇടതുവിങ്ങിൽനിന്നു വീണ്ടും ഒഡോയിയുടെ മുന്നേറ്റത്തിൽ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ വന്നു. അതിവേഗ നീക്കം, വേഗത്തിന്റെ ആശാനായ ഫോഡനിലേക്ക്. ഫോഡന്റെ ഷോട്ട് സ്പെയിനിന്റെ ഹൃദയം തകർത്തു (3–2). നാലാം ഗോൾ ഇംഗ്ലീഷ് ആഘോഷത്തിനു കൊടിയേറ്റി. ഇടതുപാർശ്വത്തിൽനിന്നു ഫ്രീകിക്ക്.  മാർകി ഗിയൂഹിക്കായിരുന്നു അവസരം. ഗൂയി അതു പാഴാക്കിയില്ല (4–2). വിജയം ഉറപ്പിച്ച് ഇംഗ്ലീഷ് താരങ്ങൾ ആഹ്ലാദനൃത്തമാടി. 

ഒഡോയിയുടടെ മുന്നേറ്റം വീണ്ടും. ഫോഡന്റെ ഉശിരുള്ള ഓട്ടം. ഇടങ്കാലുകൊണ്ട് കിടിലൻ ഷോട്ട് (5–2).