Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ടർ 17 ലോകകപ്പിന്റെ ചരിത്രവും സിംഗപ്പൂരും

under-17-fifa-world-cup

രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫ പുരുഷൻമാർക്കായി നടത്തുന്ന ഒൻപതു ടൂർണമെന്റുകളിൽ ഒന്നാണു ഫിഫ അണ്ടർ 17 ലോകകപ്പ്. ഏറ്റവും പ്രായം കുറഞ്ഞവർക്കായി ഫിഫ നടത്തുന്ന ടൂർണമെന്റ് എന്ന പ്രത്യേകത ഈ ടൂർണമെന്റിനു സ്വന്തം. ഇന്ത്യയിൽ നടക്കുന്നത് ലോകകപ്പിന്റെ 17–ാമത് പതിപ്പാണ്. അണ്ടർ 17 ലോകകപ്പിന്റെ ചരിത്രം ഇതാ... 

സിംഗപ്പൂരിന് നന്ദി 

അണ്ടർ – 17 ഫുട്ബോൾ ലോകകപ്പിനു നന്ദി പറയേണ്ടതു സിംഗപ്പുർ ഫുട്ബോൾ അസോസിയേഷനോടാണ്. 16 വയസ്സിനു താഴെയുള്ളവർക്കായി രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റ് ആദ്യമായി തുടങ്ങിയത് അവരാണ്. 1977ൽ ആരംഭിച്ച ലയൺ സിറ്റി കപ്പ് ലോകത്തിലെ ആദ്യത്തെ അണ്ടർ 16 ഫുട്ബോൾ ടൂർണമെന്റാണ്. വാർഷിക ടൂർണമെന്റ് എന്ന നിലയിലാണ് അത് ആരംഭിച്ചത്. 1982ലെ ലയൺ സിറ്റി കപ്പ് ടൂർണമെന്റിൽ പ്രത്യേക ക്ഷണിതാവായെത്തിയ അന്നത്തെ ഫിഫയുടെ സെക്രട്ടറി ജനറൽ ജോ ബ്ലാറ്ററുടെ മനസ്സിലേക്ക് ആ ആശയമെത്തിയത് പെട്ടെന്നായിരന്നു– എന്തുകൊണ്ട് ഫിഫയ്ക്കും ഇത്തരമൊരു ടൂർണമെന്റ് ആയിക്കൂടാ?

അങ്ങനെയാണ് ഫിഫയും 16 വയസ്സിൽ താഴെയുള്ളവർക്കായി 1985ൽ ഒരു ടൂർണമെന്റ് ആരംഭിക്കുന്നത്.  പ്രഥമ ടൂർണമെന്റിന് ചൈന വേദിയൊരുക്കി. ടൂർണമെന്റിന്റെ ‘കുട്ടിത്തം’ ഫിഫ പിന്നീട് മാറ്റി. 1991ൽ  പ്രായപരിധി വർധിപ്പിച്ചു, 17 വയസ്സിൽ താഴെയുള്ളവർക്കായി ടൂർണമെന്റ്. അതോടെ ടൂർണമെന്റിന്റെ പേരും മാറി– ഫിഫ അണ്ടർ 17 ലോക ചാംപ്യൻഷിപ്. 2007 മുതൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16ൽനിന്ന് 24ലേക്ക് വർധിപ്പിച്ചു. ഒപ്പം ടൂർണമെന്റിന്റെ പേര് വീണ്ടും മാറ്റി – ഫിഫ അണ്ടർ 17 ലോകകപ്പ്.