Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർജന്റീനയോ ഫ്രാൻസോ, രണ്ടിലൊന്ന് ഇന്നറിയാം; എല്ലാ കണ്ണുകളും മെസ്സിയിൽ

argentina-practice അർജന്റീന താരങ്ങൾ പരിശീലനത്തിൽ.

ലയണൽ മെസ്സിയെ നിലയ്ക്കു നിർത്താൻ ഞങ്ങൾക്കറിയാം. മെസ്സിയുടെ സകല മികവും അംഗീകരിച്ചു കൊണ്ടുതന്നെയാണ് ഇതു പറയുന്നത്. – ദിദിയേ ദെഷാം (ഫ്രാൻസ് പരിശീലകൻ)

മനോഹരമായ ഒരു പെയിന്റിങ് പോലെയാണു കസാൻ. നഗരത്തിലെ ഓരോ കെട്ടിടത്തിനും വിവിധ നിറങ്ങളിലുള്ള മഷിക്കൂട്ടു കൊണ്ടു വരച്ച പോലെ ഓരോ നിറം, ഓരോ മുഖം. ലോകകപ്പിന്റെ പ്രീ–ക്വാർട്ടർ പോരാട്ടങ്ങൾ ‘കളർഫുൾ’ ആയി തുടങ്ങാൻ ഇതിലും നല്ലൊരു വേദിയില്ല. കസാന്റെ നിറക്കൂട്ടിലേക്ക് ഇന്ന് രണ്ടു വർണങ്ങൾകൂടി വന്നുചേരുന്നു. അർജന്റീനയുടെ ഇളംനീലയും ഫ്രാൻസിന്റെ കടുംനീലയും. ഇന്ത്യൻ സമയം ഇന്നു രാത്രി 7.30ന് അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ രണ്ടു ടീമിനും ഇത് കരുത്തും ദൗർബല്യവും ശരിക്ക് അളക്കാനുള്ള ‘ലിറ്റ്മസ് ടെസ്റ്റാ’ണ്. അതിൽ ആരുടെ നിറം തെളിയും?

പ്രീ–ക്വാർട്ടറിൽ ഒട്ടും പ്രതീക്ഷിച്ചതല്ല ഈ മൽസരം. ക്രൊയേഷ്യയ്ക്കു പിന്നിൽ അർജന്റീന ഗ്രൂപ്പിൽ രണ്ടാമതായിപ്പോയതോടെയാണ് ലോക ഫുട്ബോളിലെ രണ്ടു ശക്തികൾ തമ്മിലുള്ള മൽസരം നേരത്തേയായത്. നോക്കൗട്ടിലേക്ക് ഓടിക്കയറിയാണ് അർജന്റീന വരുന്നതെങ്കിൽ ഫ്രാൻസ് ചുമ്മാ നടന്നു കയറുകയായിരുന്നു.

ഐസ്‌ലൻഡിനോട് സമനിലയും ക്രൊയേഷ്യയോട് തോൽവിയും വഴങ്ങിയ അർജന്റീനയ്ക്ക് നൈജീരിയയുമായുള്ള മൽസരം തന്നെ നോക്കൗട്ട് റിഹേഴ്സലായി. അതിന്റെ ആവേശം ഇപ്പോഴും അടങ്ങിയിട്ടില്ല. ഓസ്ട്രേലിയയെയും പെറുവിനെയും തോൽപ്പിച്ച ഫ്രാൻസ് ഡെന്മ‍ാർക്കുമായുള്ള കളിയിൽ വിരസമായ സമനില വഴങ്ങിയിട്ടും ഗ്രൂപ്പ് ജേതാക്കളായി. 

മികവുകളിങ്ങനെ

∙ അർജന്റീന: നൈജീരിയയ്ക്കെതിരെ ജയത്തോടെ അർജന്റീന ലോകകപ്പിൽ ഫുൾടാങ്ക് ഇന്ധനമടിച്ചു കഴിഞ്ഞു. മെസ്സിയെ മുൻനിർത്തിയുള്ള പ്ലാനിൽ മഷറാനോയും ബനേഗയും ആവേശത്തോടെ കളിക്കുന്നു. വിങ്ങിൽ ഡി മരിയയുടെ വേഗവും ഉൽസാഹവും മുതൽക്കൂട്ട്. 

∙ ഫ്രാൻസ്: മന്ദവേഗത്തിലുള്ള അർജന്റീന പ്രതിരോധത്തെ കഷ്ടപ്പെടുത്താൻ കഴിവുള്ളവരാണ് ഫ്രാൻസിന്റെ അതിവേഗ മുന്നേറ്റം. ജിറൂദിന്റെ ഹെഡറുകളും ഉയരം കുറഞ്ഞ അർജന്റീന പ്രതിരോധത്തിനു ഭീഷണിയാകും. കാന്റെയും പോഗ്ബയും ക്ലിക്കായാൽ മധ്യനിരയിൽ ഫ്രാൻസ് കളി പിടിക്കും.

പോരായ്മയുമുണ്ട്

∙ അർജന്റീന: ആവേശം മാറ്റിനിർത്തിയാൽ പോരായ്മകളേറെ. ഗോൾകീപ്പിങും പ്രതിരോധവും ഇപ്പോഴും ഉറച്ചതല്ല. കളി നിയന്ത്രിക്കുകയും അറ്റാക്ക് ചെയ്തു കളിക്കുകയും ചെയ്യുന്ന ഒരു മിഡ്ഫീൽഡറുടെ കുറവുണ്ട്. മുന്നേറ്റത്തിൽ മെസ്സിയൊഴികെ ആരും വിശ്വസിക്കാവുന്നവരല്ല. 

∙ ഫ്രാൻസ്: പ്രതീക്ഷിച്ച പോലുള്ള പ്രകടനം ഫ്രാൻസ് ഇതുവരെ പുറത്തെടുത്തിട്ടില്ല. ഡെൻമാർക്കിനെതിരെയുള്ള ഗോളില്ലാ സമനില നിരാശാജനകം. ആവേശവും ആവശ്യവും ഫ്രഞ്ച് താരങ്ങളുടെ ശരീരഭാഷയിൽ വന്നില്ല. അന്റോയ്ൻ ഗ്രീസ്മാൻ ഫോമിലേക്കുയർന്നിട്ടില്ല. 

ടീം വാർത്തകൾ

∙ അർജന്റീന:  എൻസോ പെരസിനു നേരിയ പരുക്കുണ്ട്. പക്ഷേ കളിക്കാൻ തന്നെ സാധ്യത. ബനേഗ, മെർക്കാഡോ, മഷറാനോ, മെസ്സി, അക്യുന, ഓട്ടമെൻഡി എന്നിവരെല്ലാം ഒരു മഞ്ഞക്കാർഡിനും വിലക്കിനും അകലെ. 

∙ ഫ്രാൻസ്: ഡെൻമാർക്കിനെതിരെ പുറത്തിരുന്ന ഹ്യൂഗോ ലോറിസ്,  പോഗ്ബ, എംബപെ എന്നിവർ തിരിച്ചെത്തും. പോഗ്ബ, മറ്റ്യൂഡി, ടോളിസോ എന്നിവർ വിലക്കിന് ഒരു കാർഡ് അകലെ.

ഇവരെ ശ്രദ്ധിക്കുക

∙ അർജന്റീന

ലയണൽ മെസ്സി (7.86 റേറ്റിങ് പോയിന്റ്)*, 

എവർ ബനേഗ (7.51), 

മാർക്കോസ് റോഹോ (7.41)

∙ ഫ്രാൻസ്

എൻഗോളോ കാന്റെ(7.39 റേറ്റിങ് പോയിന്റ്), 

റാഫേൽ വരാൻ (7.26), 

ജിബ്‌രിൽ സിദിബെ (7.22)

(ഗോളുകൾ, പാസിങ്, അസിസ്റ്റ്, കാർഡുകൾ, ഷോട്സ്, മാൻഓഫ് ദ് മാച്ച് തുടങ്ങിയവ പരിഗണിച്ചാണു റേറ്റിങ് തീരുമാനിക്കുന്നത്.