Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്റ്റ്യാനോയോ സ്വാരസോ?; സോച്ചിയിൽ ആരുദിക്കുമെന്ന് കാത്ത് ആരാധകർ

ronaldo-ricardo-peppe പോർച്ചുഗൽ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, റിക്കാർഡോ ക്വരസ്മ, പെപ്പെ എന്നിവർ പരിശീലനത്തിനിടെ.

തോറ്റാലും കുഴപ്പമില്ല, പക്ഷേ മനോഹരമായി കളിക്കണം എന്നു പറയുന്നതിന്റെ പൊരുൾ എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. അതെക്കുറിച്ച് ആലോചിക്കുമ്പോൾ ഞാൻ ആശയക്കുഴപ്പത്തിലാകും - ഫെർണാണ്ടോ സാന്റോസ്, പോർച്ചുഗൽ കോച്ച്

സോച്ചിയിൽ ഇന്നു പോർച്ചുഗലും യുറഗ്വായും കൊമ്പുകോർക്കുമ്പോൾ പ്രാർഥനകളിൽ ഒരു പങ്കു ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു വേണ്ടിയാകും. ക്രിസ്റ്റ്യാനോയുടെ ഭാവി നിർണയിച്ചേക്കാവുന്ന മൽസരമാണിത്. ഇന്നു പിഴച്ചാൽ, ക്രിസ്റ്റ്യാനോ ലോകകപ്പിന്റെ ചരിത്രമാകും.

മൂന്നു മൽസരങ്ങളിൽ ഒരു ഹാട്രിക് അടക്കം നാലു ഗോൾ നേടിയ ക്രിസ്റ്റ്യാനോ മികച്ച ഫോമിൽ തുടരുന്നതു പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിനു പ്രതീക്ഷ നൽകുന്നുണ്ട്. അവസാന ഗ്രൂപ്പ് മൽസരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങി ഗോൾ നേടിയ വെറ്ററൻ സ്ട്രൈക്കർ റിക്കാർഡോ കരെസ്മ ക്രിസ്റ്റ്യാനോയ്ക്കു മുൻനിരയിൽ മികച്ച പങ്കാളിയാകുമോ എന്നാണ് അറിയേണ്ടത്. അതേസമയം, പരിചയസമ്പന്നനായ പെപ്പെയുടെ നേതൃത്വത്തിലുള്ള പ്രതിരോധത്തിൽ ഇടയ്ക്കിടെ വിള്ളലുകളുണ്ടാകുന്നുണ്ട്.

ആദ്യ മൽസരത്തിൽ സൗദി അറേബ്യയ്ക്കെതിരെ ശോഭ കുറഞ്ഞ വിജയത്തിനു ശേഷം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച യുറഗ്വായ് വിജയത്തുടർച്ചയ്ക്കു വേണ്ടി പൊരുതും. ഇതിനകം തന്നെ ഗോളുകൾ നേടിക്കഴി‍ഞ്ഞ സ്ട്രൈക്കർമാരായ ലൂയി സ്വാരെസിന്റെയും എഡിൻസൻ കവാനിയുടെയും ഫിനിഷിങ് മൽസരഫലത്തിൽ നിർണായകമാകും. ക്രിസ്റ്റ്യാനോയെ പൂട്ടി പോർച്ചുഗലിന്റെ മുന്നേറ്റത്തിനു തടയിടാനാകും യുറഗ്വായ് കോച്ച് ഓസ്കർ ടബരേസിന്റെ തന്ത്രം.

മധ്യനിരയിലെ പോരാട്ടത്തിൽ വിജയിക്കുന്ന ടീമിനു മേൽക്കൈ ലഭിക്കാനാണു സാധ്യത. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം കണ്ടുമുട്ടലാണിത്; ലോകകപ്പിൽ ആദ്യത്തേതും. അതേമസമയം, ടീമിലെ താരങ്ങളിൽ മിക്കവരും ക്ലബ് മൽസരങ്ങളിൽ ഒട്ടേറെത്തവണ ഏറ്റുമുട്ടിയതിനാൽ അപരിചിതത്വം പ്രശ്നമാകില്ല. 

മികവുകളിങ്ങനെ

∙ യുറഗ്വായ്:  ഗ്രൂപ്പിലെ മൂന്നു മൽസരങ്ങളും വിജയിച്ചതിന്റെ ആത്മവിശ്വാസം വലുതാണ്. മൂന്നു കളികളിലും ഒരു ഗോ‍ൾ പോലും വഴങ്ങിയിട്ടില്ല. വിജയത്തുടർച്ച വലിയ കരുത്താകും. സ്ട്രൈക്കർമാർ ഫോമിലേക്കു തിരച്ചെത്തി ഗോൾപ്പട്ടികയിൽ ഇടം നേടിക്കഴിഞ്ഞു.

∙ പോർച്ചുഗൽ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം തന്നെ ഏറ്റവും വലിയ പ്രചോദനം. കരുത്തരായ സ്പെയിനിനെതിരെ പിന്നിൽ നിന്നശേഷം സമനില പിടിച്ചെടുത്തതു വലിയ ആത്മവിശ്വാസം പകരും. വെറ്ററൻ താരം റിക്കാർഡോ കരെസ്മ ഫോമിലെത്തിയത് ശുഭലക്ഷണം.

പോരായ്മകളോ?

∙ യുറഗ്വായ്: താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെയായിരുന്നു യുറഗ്വായുടെ വിജയം. മധ്യനിരയും മുന്നേറ്റനിരയും തമ്മിലുള്ള ഒത്തിണക്കം പൂർണമായിട്ടില്ല. ഗോളുകൾ വഴങ്ങിയിട്ടില്ലെങ്കിലും പ്രതിരോധത്തിൽ പ്രശ്നങ്ങൾ ശേഷിക്കുന്നു. 

∙ പോർച്ചുഗൽ: മൊറോക്കോയ്ക്കെതിരെ സമനിലയുമായി രക്ഷപ്പെട്ടതു കഷ്ടിച്ച്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ കളിയിൽ പെനൽറ്റി പാഴാക്കി. ക്രിസ്റ്റ്യാനോയ്ക്കു മധ്യനിരയിൽ നിന്നും മുൻനിരയിൽനിന്നും വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. പ്രതിരോധനിരയിൽ വിടവുകളുണ്ടാകുന്നു. 

ടീം വാർത്തകൾ

∙ യുറഗ്വായ്: ഒരു മഞ്ഞക്കാർഡ് കണ്ട മിഡ്ഫീൽഡർ റോഡ്രിഗോ ബെന്റാങ്കുർ ഒരു മഞ്ഞക്കാർഡ് കൂടി കിട്ടിയാൽ സസ്പെൻഷനിലാകും.

∙ പോർച്ചുഗൽ: അഡ്രിയൻ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, സെഡ്രിക് സോറസ്, റൊണാൾഡോ, കരെസ്മ എന്നിവർ ഒരു മഞ്ഞക്കാർഡ് കണ്ടുകഴിഞ്ഞു.

ഇവരെ ശ്രദ്ധിക്കുക

∙ യുറഗ്വായ്

ഹൊസെ ഗിമിനസ് (8.37 റേറ്റിങ് പോയിന്റ്)

ഡിയേഗോ ഗോഡിൻ (7.61 റേറ്റിങ് പോയിന്റ്)

എഡിൻസൺ കവാനി (7.36 റേറ്റിങ് പോയിന്റ്)

∙ പോർച്ചുഗൽ

ക്രിസ്റ്റ്യാനോ (8.08 റേറ്റിങ് പോയിന്റ്)

പെപ്പെ (7.08 റേറ്റിങ് പോയിന്റ്)

കരെസ്മ (7.01 റേറ്റിങ് പോയിന്റ്)

*(ഗോളുകൾ, പാസിങ്, അസിസ്റ്റ്, കാർഡുകൾ, ഷോട്സ്, മാൻഓഫ് ദ് മാച്ച് തുടങ്ങിയവ പരിഗണിച്ചാണു റേറ്റിങ് തീരുമാനിക്കുന്നത്)