Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെരി എ സൂപ്പർ താരങ്ങളും ലോകകപ്പിനില്ല; ‘ഇറ്റലി’ക്കാരുടെ കഷ്ടകാലം !

Italy നെയ്ങ്കോളൻ , ഇകാർദി

ഇറ്റാലിയൻ ഫുട്ബോളിൽ ഇലപൊഴിയും കാലമാണിത്. ലോകകപ്പിനു യോഗ്യത നേടാനാകാതെ ഇറ്റലി എന്ന വടവൃക്ഷം കടപുഴകിയതിനു പിന്നാലെ ഇറ്റാലിയൻ ലീഗിലെ സൂപ്പർ താരങ്ങളും ലോകകപ്പിന്റെ വസന്തകാലമെത്താതെ കൊഴിഞ്ഞുവീഴുന്നു. ഇറ്റാലിയൻ ദേശീയ കളിക്കാർക്കു പുറമെ സെരി എയിലെ മികച്ച രണ്ടു താരങ്ങൾ– അർജന്റീനയുടെ മൗറോ ഇകാർദിയും ബൽജിയത്തിന്റെ റാജ നെയ്ങ്കോളനും ഇത്തവണ ലോകകപ്പിനില്ല. അസിസ്റ്റുകളിൽ ഒന്നാമതുള്ള സ്പെയിനിന്റെ ലൂയിസ് ആൽബർട്ടോ, ലീഗ് സീസണിൽ മിന്നിത്തിളങ്ങിയ ബോസ്നിയൻ താരം എ‍ഡിൻ ജെക്കോ എന്നിവരും ഈ ലോകകപ്പിന്റെ നഷ്ടങ്ങൾ. 

അങ്ങോട്ടുമിങ്ങോട്ടും ഗോളാകാവുന്ന പന്തുപോലെയായിരുന്നു അവസാന നിമിഷം വരെ ഇകാർദിയുടെ അവസ്ഥ. അർജന്റീന കോച്ച് ഹോർഗെ സാംപോളിയുടെ സാധ്യതാ ടീമിൽ ഇടം പിടിച്ച ഇകാർദിക്ക് പ്രതീക്ഷിക്കാൻ അർഹതയേറെയുണ്ടായിരുന്നു. 

സെരി എ സീസണിൽ 29 ഗോളുകളുമായി ടോപ് സ്കോററായിരുന്നു ഇന്റർ മിലാൻ ക്യാപ്റ്റൻ. ലാസിയോയ്ക്കെതിരെ അവസാന മൽസരത്തിൽ ടീമിനെ 3–2നു ജയിപ്പിച്ചു ടീമിന് ചാംപ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു. എന്നാൽ അതിന്റെ സന്തോഷമടങ്ങുംമുൻപ് ഇകാർദിയെത്തേടി സങ്കടവാർത്തയെത്തി: അർജന്റീന ടീമിൽ ഇടമില്ല. 

യുവെന്റസ് സഖ്യമായ പൗളോ ഡൈബാലയെയും ഗോൺസാലെ ഹിഗ്വെയ്നെയുമാണ് ഇകാർദിക്കു പകരം സാംപോളി ടീമിലെടുത്തത്. ലീഗിൽ ഇത്തവണ ഇകാർദിക്ക് ഏഴു ഗോളുകൾ പിന്നിലായിരുന്നു ഡൈബാല. ഹിഗ്വെയ്ൻ 13 ഗോളുകളും. കളിയെക്കാളേറെ കളിക്കളത്തിനു പുറത്തുള്ള കാര്യങ്ങളാണ് ഇകാർദിയുടെ വഴിയടച്ചത്. ലയണൽ മെസ്സിയുടെ അപ്രീതിയാണ് ഇകാർദി പുറത്തായതിനു കാരണമെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഇകാർദിയോ മെസ്സിയോ ഇതിനോടു പ്രതികരിച്ചിട്ടില്ല. അർജന്റീന മുൻ താരവും മെസ്സിയുടെ അടുത്ത സുഹൃത്തുമായ മാക്സി ലോപ്പസിന്റെ ഭാര്യയെ ഇകാർദി വിവാഹം കഴിച്ചതാണു വിദ്വേഷത്തിനു കാരണം എന്നുവരെ പറയപ്പെടുന്നു. 

നെയ്ങ്കോളന്റെ കാര്യം അതിലും കഷ്ടമായിപ്പോയി. ഉജ്വലപ്രകടനത്തോടെ എഎസ് റോമയെ ചാംപ്യൻസ് ലീഗ് സെമിഫൈനൽവരെയെത്തിച്ച പ്ലേമേക്കർക്ക് ബൽജിയം കോച്ച് റോബർട്ടോ മാർട്ടിനെസുമായുള്ള സ്വരച്ചേർച്ചയില്ലായ്മ മാത്രമാണു വിനയായത്. തന്റെ ലൈനപ്പിൽ നെയ്ങ്കോളനു നൽകാൻ ഇടമില്ല എന്നാണു മാർട്ടിനെസ് പറയുന്നതെങ്കിലും ടീമിൽ ഇടം പിടിച്ച മറ്റുള്ളവരെക്കണ്ടാൽ മൂക്കത്തു വിരൽ വച്ചുപോകും. മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാൻ അവസരം കിട്ടാതെ വലയുന്ന അദ്‌നാൻ ജനുസ്‌രാജും മൊണാക്കോയ്ക്കു വേണ്ടി സീസണിൽ ഭേദപ്പെട്ട പ്രകടനം മാത്രം കാഴ്ച വച്ച യൂറി ടെലെമാൻസും. പിന്നാലെ മനസ്സു മടുത്ത് നെയ്ങ്കോളൻ രാജ്യാന്തര ഫുട്ബോളിൽനിന്നുതന്നെ വിരമിക്കുകയും ചെയ്തു. 

നെയ്ങ്കോളനെ പുറത്താക്കിയതിനെതിരെ ബൽജിയത്തിൽ പ്രതിഷേധമുയർന്നുകഴിഞ്ഞു. ‘‘ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാൾ ടീമിലുണ്ടായിട്ടും അയാളെ ഉൾപ്പെടുത്താതെ ലോകകപ്പിനു പോകുന്ന ഏക ടീമാകും ബൽജിയം’’– ബൽജിയത്തിന്റെ മുൻതാരം ഫിലിപ്പെ ആൽബർട്ടോ പറയുന്നു.

 നെയ്ങ്കോളൻ ഇല്ലാത്തതു ഫുട്ബോൾ പ്രേമികളുടെ നഷ്ടം കൂടിയാണ്. നിൻജ ഹെയർസ്റ്റൈലുമായി, കഴുത്തിൽ ബഹുവർണങ്ങളിലുള്ള ടാറ്റൂ പതിച്ച്, മധ്യവരയ്ക്കടുത്തുനിന്നു പായിക്കുന്ന വെടിച്ചില്ലുപോലുള്ള ആ ഷോട്ടുകൾ കാണാനാവില്ലല്ലോ..!