Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണഗ്രൂപ്പല്ല, ‘ആത്മഹത്യ ഗ്രൂപ്പാ’ണ് ഡി; ഇതൊരു ഒന്നൊന്നര ഗ്രൂപ്പ്!

Sigger, Messi, Modric, Victor Moses സിഗർദസൻ, മെസ്സി, മോഡ്രിച്ച്, വിക്ടർ മോസസ്

മരണഗ്രൂപ്പല്ല; ആത്മഹത്യാ ഗ്രൂപ്പാണിത്. അർജന്റീനയ്ക്കും ക്രൊയേഷ്യയ്ക്കും വേണമെങ്കിൽ ഐസ്‌ലൻഡിലും നൈജീരിയയിലും മുങ്ങി ജീവൻ വെടിയാം. രണ്ടു ടീമും അട്ടിമറി ഹരമാക്കിയവരാണ്. ഡി ഗ്രൂപ്പിലെ സമവാക്യങ്ങൾ തെറ്റിയാൽ ലോകകപ്പിന്റെ ഉത്തരമൊന്നാകെ തെറ്റും. പ്രവചനങ്ങളെല്ലാം പാഴിലാകും. ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, ഇവാൻ റാകിട്ടിച്ച്, ലൂക്ക മോഡ്രിച്ച്– സൂപ്പർ താരങ്ങൾ തമ്മിലുള്ള പോരാട്ടവും ഗ്രൂപ്പിൽ കാണാം. 

ഐസ്‌ലൻഡ് – ഹരമാണ് അട്ടിമറി!

ഫിഫ റാങ്കിങ്: 22 

പരിശീലകൻ: ഹെയ്മിർ ഹാൽഗ്രിംസൺ

sigger സിഗർദസൻ

ഐസ്‌ലൻഡ് കൂളാണ്. ആരെയും വീഴ്ത്തിക്കളയാം എന്ന പ്രതീക്ഷ അവർക്കുണ്ട്. കഴിഞ്ഞവർഷം ഇംഗ്ലണ്ടിനെവരെ അട്ടിമറിച്ചാണ് യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്കു കുതിച്ചെത്തിയത്. യുക്രെയ്നെയും ഹോളണ്ടിനെയുംവരെ പിന്തള്ളി ലോകകപ്പിനു യോഗ്യത നേടിയതോടെ അതു വെറും ഭാഗ്യമല്ലെന്നു തെളിഞ്ഞു. കോച് ഹെയ്മിർ ഹാൽഗ്രിംസൺ ദന്ത ഡോക്ടറായിരുന്നു. ടീമിനെ തണ്ടർ ക്ലാപ്പ് അടിച്ചു പ്രോൽസാഹിപ്പിക്കുന്ന പരിശീലകർ കൂടിയാകുന്നതോടെ ‘അട്ടിമറിക്കൂട്ട്’ തയാർ. 

കരുത്ത്: ഒരു ക്ലബ് ടീമിനെപ്പോലുള്ള ഒത്തിണക്കം. ഒപ്പം ആത്മവിശ്വാസവും അവസാനംവരെ പൊരുതാനുള്ള വീര്യവും. 

ദൗർബല്യം: പ്രധാന താരങ്ങളെല്ലാം പരുക്കിന്റെ പിടിയിലാണ്. ഗിൽഫി സിഗർദസൻ, സിഗ്തോർസൻ, ഫിൻബൊഗാസൻ, ഗുണ്ണർസൻ എന്നിവരുൾപ്പെടെ. 

ഐസ്‌ലൻഡിന്റെ ജനസംഖ്യ 3.3 ലക്ഷം മാത്രമാണ്. ഇന്നുവരെ ലോകകപ്പ് കളിച്ചിട്ടുള്ള രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യവും ഐസ്‌ലൻഡ് തന്നെ.

അർജന്റീന – അരത്തൂക്കം മുന്നിൽ

ഫിഫ റാങ്കിങ്: 4 

പരിശീലകൻ: ഹോർഗെ സാംപോളി

messi മെസ്സി

ഗ്രൂപ്പിൽ അർജന്റീന അരത്തൂക്കം മുന്നിൽതന്നെ. 24 കാരറ്റ് താരപ്രഭയോടെ മെസ്സി ലോകകപ്പിനെത്തുന്നു. യോഗ്യതാ റൗണ്ടിലെ അവസാന മൽസരത്തിൽ ഇക്വഡോറിനെതിരെ ഉജ്വല ഹാട്രിക്കോടെ മെസ്സി തന്നെയാണ് അർജന്റീനയുടെ റഷ്യൻ ടിക്കറ്റ് ഉറപ്പിച്ചത്. അർജന്റീന ജയിക്കുമോ എന്നതിനെക്കാൾ മെസ്സി ലോകകപ്പ് നേടുമോ എന്നതു തന്നെയാണ് ചോദ്യം. കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയെ വീഴ്ത്തിയ ചിലെയുടെ പരിശീലകൻ ഹോർഗെ സാംപോളിയാണ് കോച്ചിന്റെ കുപ്പായത്തിൽ. 

കരുത്ത്: മെസ്സിയുൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ സാന്നിധ്യം. സ്പാനിഷ് ലീഗ് (മെസ്സി), ഇംഗ്ലിഷ് ലീഗ് (അഗ്യൂറോ), ഇറ്റാലിയൻ ലീഗ് (ഹിഗ്വെയ്ൻ, ഡൈബാല) മിശ്രണമാണ് അർജന്റീനയുടെ മുന്നേറ്റം. 

ദൗർബല്യം: ആരെ, എങ്ങനെ കളിപ്പിക്കും എന്ന കാര്യത്തിൽ കോച്ചിന് ഇപ്പോഴും വ്യക്തതയില്ല. മധ്യനിരയിൽ വിജയകരമായ ഒരു ഫോർമേഷൻ രൂപപ്പെടുത്തിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

7– 1993ൽ കോപ്പ അമേരിക്ക കിരീടം ചൂടിയതിനു ശേഷം അർജന്റീന ഏഴു രാജ്യാന്തര ഫൈനലുകൾ തോറ്റു. 1995, 2005 കോൺഫെഡറേഷൻസ് കപ്പുകൾ, 2004, 2007, 2015, 2016 കോപ്പ അമേരിക്ക, 2014 ലോകകപ്പ് എന്നിവയാണവ. ഇതിനിടെ ജയിച്ചത് 2004, 2008 ഒളിംപിക് ഫൈനലുകൾ. 

ക്രോയേഷ്യ – സ്പാനിഷ് മസാല

ഫിഫ റാങ്കിങ്: 18 

പരിശീലകൻ: സ്ലാട്ട്കോ ദാലിച്ച്

modric മോഡ്രിച്ച്

ക്രൊയേഷ്യയുടെ വെള്ളയും ചുവപ്പും ജഴ്സി ആരാധകരുടെ ഹരമാണ്. 1998 ഫ്രാൻസ് ലോകകപ്പിൽ ഡേവർ സൂക്കറും ബോബനുമെല്ലാം ചേർന്ന് നേടിക്കൊടുത്ത മൂന്നാം സ്ഥാനം തന്നെയാണ് ലോക ഫുട്ബോളിൽ ഇപ്പോഴും ക്രൊയേഷ്യയുടെ മേൽവിലാസം. അതുപോലൊരു കൂട്ട് ഇത്തവണയുമുണ്ട്. സ്പാനിഷ് ലീഗിൽ റയലിനും ബാർസയ്ക്കും വേണ്ടി ചേരി തിരിഞ്ഞു പോരാടുന്ന ലൂക്ക മോഡ്രിച്ചും ഇവാൻ റാകിട്ടിച്ചും. 

കരുത്ത്: ഒന്നാന്തരം മിഡ്ഫീൽഡ്. റാകിട്ടിച്ച്, മോഡ്രിച്ച് എന്നിവർക്കു പുറമെ കൊവാസിച്ച്, പെരിസിച്ച്, ബ്രൊസോവിച്ച് എന്നിവരും ഏതൊരു പരിശീലകനും സ്വപ്നം കാണുന്നത്. മുന്നേറ്റത്തിൽ മരിയോ മാൻസൂക്കിച്ച്– ഇവാൻ പെരിസിച്ച് കൂട്ടുകെട്ടും. 

ദൗർബല്യം: താരങ്ങളുണ്ടെങ്കിലും ടീമായിട്ടില്ല. യോഗ്യത നേടാൻ പ്ലേഓഫ് വരെ കളിക്കേണ്ടി വന്നു. പരിശീലകൻ ദാലിച്ചിന് മൽസരപരിചയം തീരെ കുറവ്. 

3– 1994 മാർച്ചിൽ ക്രൊയേഷ്യയുടെ ഫിഫ റാങ്കിങ് 125 ആയിരുന്നു. എന്നാൽ 1999 ജനുവരിയിൽ ക്രൊയേഷ്യ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. 

നൈജീരിയ – ഒന്നാഞ്ഞു പിടിച്ചാൽ..!

ഫിഫ റാങ്കിങ്: 47 

കോച്ച്: ജെർനോട്ട് റോർ

 വിക്ടർ മോസസ്

ആഫ്രിക്കൻ ഫുട്ബോൾ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നതു നൈജീരിയ എന്നു തന്നെ. ഘാന, ഐവറി കോസ്റ്റ് തുടങ്ങിയവരെല്ലാം സമീപകാലത്ത് നൈജീരിയൻ പ്രതാപത്തിനു ഭീഷണി ഉയർത്തിയെങ്കിലും ഇത്തവണ അവരെയെല്ലാം മറികടന്നാണ് സൂപ്പർ ഈഗിൾസ് വരുന്നത്. കാമറൂൺ, സാംബിയ, അൽജീരിയ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽനിന്നാണ് നൈജീരിയ യോഗ്യത നേടിയത്. നവംബറിൽ അർജന്റീനക്കെതിരെ സൗഹൃദ മൽസരത്തിൽ 0–2നു പിന്നിലായ ശേഷം തിരിച്ചടിച്ചു ജയിച്ചു. 

കരുത്ത്: വിക്ടർ മോസസ്, കെലച്ചി ഇയനാച്ചോ, അലക്സ് ഇവോബി, ജോൺ ഒബി മൈക്കൽ–താരപ്പകിട്ടിൽ ഒട്ടും പിന്നിലല്ല നൈജീരിയ. 

ദൗർബല്യം: ഗോൾകീപ്പിങ്. വിൻസന്റ് എന്യേമ വിരമിച്ചതിനു ശേഷം പകരം വയ്ക്കാവുന്ന ഒരാളെ കിട്ടിയിട്ടില്ല. എസെൻവ, ഉസോഹോ എന്നിവരെല്ലാം മൽസരപരിചയമില്ലാത്ത താരങ്ങളാണ്. 

8– കഴിഞ്ഞ ലോകകപ്പിനു ശേഷം നൈജീരിയ കോച്ചിനെ മാറ്റിയത് എട്ടു തവണ. ഒടുവിലാണ് ജർമൻകാരനായ ജെർനോട്ട് റോറിൽ ഉറച്ചത്.