Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിക്കും മുൻപേ അടിച്ചിടും; ശ്വാസം മുട്ടിക്കുന്ന ഹൈപ്രസിങ്

എ. ഹരിപ്രസാദ്
Author Details
liverpool-pressing-game ചാംപ്യൻസ് ലീഗ് ഫൈനലിൽ റയൽ മഡ്രിഡിനെതിരെ ലിവർപൂളിന്റെ പ്രസിങ് ഗെയിം. (യുട്യൂബ് ചിത്രം)

കീവിലെ ഒളിംപിക് സ്റ്റേഡിയത്തിൽ നടന്ന ഇക്കഴിഞ്ഞ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിന്റെ തുടക്കം ഓർത്തുനോക്കൂ. യൂറോപ്യൻ കിരീടനേട്ടം ശീലമാക്കിയ റയൽ മഡ്രിഡിന്റെ താരപ്പട ശ്വാസംമുട്ടുകയായിരുന്നു ആദ്യനിമിഷങ്ങളിൽ. ചുവപ്പണിഞ്ഞിറങ്ങിയ ലിവർപൂളിന്റെ പോരാളികൾ കളം കീഴടക്കിയപ്പോൾ പന്തും നിയന്ത്രണവും റയൽ താരങ്ങൾക്കു നഷ്ടമായി.

സ്വന്തം ബോക്സ് മുതൽ എതിരാളികളുടെ ഗോൾമുഖം വരെ ഒരേ ആർജവത്തോടെ നിയന്ത്രിച്ച് ഇംഗ്ലിഷ് ക്ലബ് പുറത്തെടുത്ത ആ കേളീശൈലിയുടെ പേരാണു ഹൈ പ്രസിങ്. 

ദ് ഹൈ പ്രസ് വേ ?

സിംഹത്തെ അതിന്റെ മടയിൽ ചെന്ന് ആക്രമിക്കുന്നതിനു സമാനമാണ് ഹൈ പ്രസ് തന്ത്രം. എതിരാളികൾ അവരുടെ ഹാഫിൽ നീക്കങ്ങൾക്കു തുടക്കമിടുമ്പോൾ ശ്രദ്ധാപൂർവം കാത്തിരിക്കുന്നതാണു ഫുട്ബോളിലെ പതിവുകാഴ്ച. ആ മേഖലയിൽനിന്ന് അവർ അത്ര ഭീഷണിയൊന്നും സൃഷ്ടിക്കില്ലെന്ന സുരക്ഷിതബോധമാണ് ഇത്തരമൊരു ‘വെയ്റ്റിങ് അപ്രോച്ച്’ സ്വീകരിക്കുന്നതിനു പിന്നിൽ.

എന്നാൽ ഇതിനു വിപരീതമാണു ഹൈ പ്രസിങ്. എതിരാളികളുടെ ഭാഗത്ത് അതിക്രമിച്ചു കയറി, അവർ നീക്കങ്ങൾ തുടങ്ങും മുൻപേ പന്തു പിടിച്ചെടുത്തുള്ള കടന്നാക്രമണമാണു ഹൈ പ്രസിങ് എന്നു പറയാം. അടിക്കും മുൻപേ അടിച്ചിടുന്ന ശൈലി. എതിർ ബോക്സിൽ എത്രത്തോളം മുന്നോട്ടുചെന്നു പന്ത് പിടിക്കാമോ അത്രത്തോളം നല്ലതെന്നാണു ഹൈ പ്രസിങ് ചിന്താഗതി. 

ഓൾറൗണ്ട് ആക്രമണം 

അസാധ്യമെന്നു തോന്നുന്ന രീതിയിൽ ഹൈ പ്രസിങ് വഴങ്ങുന്ന ടീമുകളുടെ ഔട്ട്ഫീൽഡ് താരങ്ങളെല്ലാം എതിരാളികളെ കടന്നാക്രമിക്കുന്ന പ്രകൃതക്കാരാവും. പത്തു കളിക്കാരും ഒരൊറ്റ യൂണിറ്റ് എന്ന രീതിയിൽ പ്രസിങ് നടത്തുമ്പോൾ മാത്രമേ പ്ലാൻ വിജയത്തിലെത്തൂ.

പ്രതിരോധം തുടങ്ങുന്നതുതന്നെ മുന്നേറ്റനിരയിലെന്ന മട്ടിലാകും ഹൈ പ്രസിങ് ടീമുകളിലെ ഫോർവേഡുകളുടെ മനോഭാവം. ചിലെ സ്ട്രൈക്കർ അലക്സിസ് സാഞ്ചസ് തന്നെ ഉത്തമോദാഹരണം. 

ഗുണവും ദോഷവും

പൊസെഷൻ ഗെയിം പിന്തുടരുന്ന ടീമുകൾക്ക് ഈ ഗെയിം പ്ലാൻ കൂടുതൽ ദോഷം ചെയ്യും. എതിരാളികളുടെ പ്രസിങ് താരങ്ങളിലുണ്ടാക്കുന്ന സമ്മർദം പലപ്പോഴും മിസ് പാസുകൾ സൃഷ്ടിക്കും. 90 മിനിറ്റ് മൽസരത്തിലുടനീളം പ്രസിങ് ഗെയിം കളിക്കുകയെന്നതു താരങ്ങളെ സംബന്ധിച്ചും കടുകട്ടിയാണ്.

ചാംപ്യൻസ് ലീഗ് ഫൈനലിൽ റയൽ മഡ്രിഡ് സ്വീകരിച്ച വഴിതന്നെയാണു ഹൈ പ്രസിങ് ടീമുകൾക്കെതിരെ എതിരാളികൾ പൊതുവേ പരീക്ഷിക്കാറുള്ളത്. ആദ്യപകുതിയിൽ കരുതൽ, പിന്നെ പടയോട്ടം– ലക്ഷ്യം നേടാനാവാതെ ഓടിത്തളർന്ന ‘പ്രസിങ് സംഘം’ അപ്പോഴേക്കും ‘ഡിപ്രസ്ഡ്’ ആയിട്ടുണ്ടാകും. 

പ്രസിങ് മാസ്റ്റേഴ്സ് 

ലിവർപൂളിന്റെ ആളിക്കത്തലിനു പിന്നിലെ ബുദ്ധികേന്ദ്രമായ യുർഗൻ ക്ലോപ്പ് തന്നെ ദ് ഹൈ പ്രസ് തന്ത്രത്തിന്റെ പേരുകേട്ട വക്താവ്. ക്ലോപ്പിന്റെ കീഴിൽ പ്രസിങ് ഗെയിമിലൂടെ അടുത്തിടെ ക്ലബ് ഫുട്ബോളിൽ തരംഗം സൃഷ്ടിച്ചൊരു ടീം ജർമനിയിലെ ബൊറൂസിയ ഡോർട്ട്മുണ്ടാണ്. അഞ്ചു വർഷം മുൻപൊരു ചാംപ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിന് ഡോർട്ട്മുണ്ടിന്റെ പടയുമായും ക്ലോപ്പ് വന്നിരുന്നു.

സ്പാനിഷ് ക്ലബ് സെവിയ്യയും സമീപകാലത്തു പ്രസിങ് തന്ത്രം പലകുറി വിജയത്തിലെത്തിച്ചിട്ടുണ്ട്. തെക്കേ അമേരിക്കൻ ഫുട്ബോളിൽ ചിലെ നടത്തിയ കുതിപ്പിനും ഈ ഗെയിം പ്ലാൻ തന്നെ കാരണം. ഹൈ പ്രസിങ് നടപ്പാക്കി ചിലെയ്ക്കും സെവിയ്യയ്ക്കും പുതുജീവൻ നൽകിയ പരിശീലകൻ റഷ്യൻ ലോകകപ്പിനും ടീമുമായെത്തുന്നുണ്ട്. പേര് ഹോർഗേ സാംപോളി. ടീം അർജന്റീന.