Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറഡോണയ്ക്ക് വിശ്വാസമുണ്ട്; മെസ്സിയുടെ ഒരു ഗോളിൽ കഥ മാറും!

Lionel Messi

ഐസ്‌ലൻഡിനെ സൂക്ഷിക്കണമെന്നു കളിക്കു മുൻപേ അർജന്റീന ടീമിനോടു ഞാൻ പറഞ്ഞതാണ്. അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഐസ്‌ലൻഡുകാർ പ്രതിരോധത്തിന്റെ പതിനെട്ടടവും പയറ്റി. ലയണൽ മെസ്സിക്കും ടീമിനും അതിനെ മറികടക്കാൻ കഴിയാതെപോയതു മഹാകഷ്ടം, നിരാശാജനകം എന്നൊക്കെയല്ലാതെ എന്തു പറയാൻ!

അർജന്റീന–ഐസ്‍ലൻഡ് മൽസരം വിഡിയോ സ്റ്റോറി കാണാം

എങ്ങനെയും സമനില പിടിച്ച് ഒരു പോയിന്റ് നേടുകയെന്ന ഉദ്ദേശ്യത്തോടെ വരുന്ന ടീമുകളെ നേരിടാൻ വലിയ പ്രയാസമാണ്. ടീമിലെ സർവകളിക്കാരും സ്വന്തം ബോക്സിൽ താമസമാക്കിയാൽ പിന്നെ അവസരങ്ങൾ എങ്ങനെയുണ്ടാകാൻ? അത്തരം സന്ദർഭങ്ങളിൽ, വല്ലപ്പോഴും വീണുകിട്ടുന്ന ഒരു ചെറിയ അവസരം പോലും വിലപ്പെട്ടതാണ്. 1–1 സമനിലയിൽ നിൽക്കെ, ലിയോ മെസ്സിക്കു കിട്ടിയ പെനൽറ്റി പാഴായതാണു കഴി‍ഞ്ഞ കളിയിൽ അർജന്റീനയ്ക്കു സംഭവിച്ച മഹാനഷ്ടം. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു.

പക്ഷേ, അർജന്റീനയുടെ സമനിലയ്ക്കു ഞാൻ മെസ്സിയെ മാത്രം കുറ്റം പറയില്ല. സമനിലയിൽ ടീമിനൊന്നാകെ ഉത്തരവാദിത്തമുണ്ട്. മെസ്സിക്കു സംഭവിച്ചതുപോലെ എനിക്കും പറ്റിയിട്ടുണ്ട്. 1990ലെ ക്വാർട്ടർ ഫൈനലിൽ യൂഗോസ്ലാവ്യയോടു ജയിച്ച മൽസരത്തിലെ ടൈബ്രേക്കറിൽ എന്റെ കിക്കും ലക്ഷ്യത്തിലെത്തിയില്ല. ഇത്തരം സന്ദർഭങ്ങളിൽ, സംഭവിച്ചതു മറന്നു മുന്നോട്ടു പോവണമെന്നു മാത്രമേ എനിക്ക് ഉപദേശിക്കാനുള്ളൂ.

ഇനി ക്രൊയേഷ്യയാണ് എതിരാളികൾ. ഐസ്‌ലൻഡുകാരെപ്പോലെ പെനൽറ്റി ബോക്സിൽ കൂട്ടമായി നിൽക്കാൻ ഇഷ്ടപ്പെടുന്നവരല്ല അവർ. അർജന്റീന കളിക്കാരേക്കാൾ ഉയരമുള്ള ഐസ്‌ലൻഡിനെപ്പോലെയുമല്ല അവർ. കുലമഹിമയും പാരമ്പര്യവുമുള്ള ഫുട്ബോൾ സംഘമാണു ക്രൊയേഷ്യയുടേത്. അവരുടെ മധ്യനിര ഭാവനാസമ്പന്നമാണ്. മോഡ്രിച്ചും റാകിടിച്ചും കളിയുടെ ഒഴുക്കു നിയന്ത്രിക്കാൻ മിടുക്കരാണ്. വേണ്ടത്ര മൽസരപരിചയമുള്ള അവർക്ക് എപ്പോൾ എവിടെയാണ് ആക്രമിക്കേണ്ടതെന്നും നന്നായി അറിയാം. മാരിയോ മാൻഡ്സൂകിച്ച് എന്ന സ്ട്രൈക്കറുടെ മികവുകളെ കാണാതിരിക്കാനും വയ്യ.

ഐസ്‌ലൻഡിനെതിരെ അർജന്റീനയുടെ മധ്യനിരയിലെ വിടവുകൾ പരസ്യമായിരുന്നു. ഐസ്‌ലൻഡിന് അതു മുതലെടുക്കാൻ പറ്റിയില്ല, പക്ഷേ ക്രൊയേഷ്യക്കാരിൽനിന്ന് ആ ആനുകുല്യം പ്രതീക്ഷിക്കാനും വയ്യ. കോച്ച് ഹോർഗെ സാംപോളി കുറച്ചുകൂടി നന്നായി കാര്യങ്ങൾ കണക്കുകൂട്ടണം. ശ്വാസം മുട്ടിക്കുന്ന പ്രതിരോധത്തിനു ക്രൊയേഷ്യക്കാർ വരില്ല. അതുകൊണ്ടുതന്നെ അർജന്റീന സ്ട്രൈക്കർമാർക്കു കളിക്കാൻ കൂടുതൽ സ്ഥലം കിട്ടും. മെസ്സിയും അഗ്യൂറോയും നന്നായി മാർക്ക് ചെയ്യപ്പെടുമെന്നുറപ്പാണ്.

അവിടെ മൂന്നാമതൊരു സ്ട്രൈക്കർക്ക് അവസരം കിട്ടും. അവിടേക്കു പറ്റിയൊരാളെ കോച്ച് നിയോഗിക്കണം. ഏയ്ഞ്ചൽ ഡി മരിയ കഴിഞ്ഞ കളിയിൽ പരാജയമായിരുന്നു. ക്രൊയേഷ്യക്കെതിരെ ടീമിൽ ഇടം കിട്ടിയാൽ, ഈ മൂന്നാം സ്ട്രൈക്കറുടെ റോളാണു ഡി മരിയ ചെയ്യേണ്ടത്. അതേസമയം, ആ സ്ഥാനത്തേക്കു പൗലോ ഡൈബാല വരുമെന്നും കേൾക്കുന്നുണ്ട്. നല്ല കാര്യം.

പ്രതിരോധത്തിൽ, മഷരാനോയും ബനേഗയും തോളോടു തോൾ ചേർന്ന് ഉത്തരവാദിത്തമേൽക്കണം. ഇത്രയൊക്കെ വിമർശിച്ചെങ്കിലും അർജന്റീനയുടെ ഭാവിയെക്കുറിച്ച് എനിക്ക് ആശ നശിച്ചിട്ടൊന്നുമില്ല. യഥാർഥ ഫുട്ബോൾ കളി അവരുടെ ഉള്ളിലുണ്ട്. അടങ്ങാത്ത ആഗ്രഹവും അച്ചടക്കവും അവരെ ലക്ഷ്യത്തിലെത്തിക്കും. ഇപ്പോൾ, ഇക്കഴിഞ്ഞതെല്ലാം മറക്കാൻ മെസ്സിയുടെ ഒരു ഗോൾ മതി; അത്രമാത്രം!