Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യൻ ലോകകപ്പിൽ ജഴ്സി മാറ്റി ടീമുകൾ; കൺഫ്യൂഷൻ തീർക്കണമേ...

Jersey

ഈ ബ്രസീലിനും പോർച്ചുഗലിനും സ്പെയിനുമൊക്കെ എന്തുപറ്റി? പ്രമുഖ ടീമുകൾ ഔദ്യോഗിക ജഴ്സിക്കു പകരം രണ്ടാം ജഴ്സിയിൽ കളിക്കാനിറങ്ങുന്നതിന്റെ കാരണം ഒടുവിൽ ഫിഫ തന്നെ വെളിപ്പെടുത്തുന്നു...

മഞ്ഞ ജഴ്സി ധരിച്ച് ബ്രസീലിന്റെ കളി കാണാൻ സെന്റ് പീറ്റേഴ്സ്ബർഗിലെത്തിയവർ ഞെട്ടി! ഗ്രൂപ്പ് ഇയിൽ കോസ്റ്റ റിക്കയ്ക്കെതിരെ ബ്രസീൽ ഇറങ്ങിയതു ടീമിന്റെ രണ്ടാം നിറമായ നീലയിൽ. കോസ്റ്റ റിക്ക ആരാധകരും ഞെട്ടാതിരുന്നില്ല, ചുവപ്പും നീലയും നിറത്തിൽ കോസ്റ്റ റിക്ക ഇറങ്ങുന്നതു നോക്കിയിരുന്നവരെ അമ്പരിപ്പിച്ചുകൊണ്ട് ടീം വന്നത് വെള്ള ജഴ്സിയിൽ.

സെർബിയ – സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ – ഡെന്മാർക്ക്, പോർച്ചുഗൽ – മൊറോക്കോ തുടങ്ങിയ കളികളിലെല്ലാമുണ്ടായി ഇതേ സംഭവം. ടീമുകളുടെ കളിയുടുപ്പുകൾ സാമ്യമുണ്ടെങ്കിലാണ് സാധാരണയായി ജഴ്സി മാറ്റം. ഈ ലോകകപ്പിൽ തുടക്കം മുതൽ ടീമുകളുടെ ജഴ്സി മാറ്റം പതിവായതോടെ സംഭവത്തെക്കുറിച്ച് അന്വേഷണങ്ങളായി. ഒടുവിൽ, കഴിഞ്ഞ ദിവസം ഫിഫ വക്താവ് നൽകിയ മറുപടി ഇങ്ങനെ:

‘‘ഗ്രൂപ്പ് റൗണ്ടിലെ മൂന്നു മൽസരങ്ങൾക്കിടെ, ലോകകപ്പിലെ 32 ടീമുകളും ഒരു കളിക്കെങ്കിലും തങ്ങളുടെ പ്രധാന ജഴ്സി ഉപയോഗിച്ചിരിക്കണമെന്നു ഫിഫയ്ക്കു നിർബന്ധമുണ്ട്. ഇതനുസരിച്ചാണു ടീമുകളുടെ ജഴ്സികൾ തീരുമാനിച്ചത്. എല്ലാ ടീമുകൾക്കും ഓരോ കളിക്കും ഉപയോഗിക്കേണ്ട ജഴ്സിയെക്കുറിച്ച് ഏപ്രിലിൽ തന്നെ വിവരം കൈമാറിയിരുന്നു.’’
കോടിക്കണക്കിനു ഡോളർ വിപണിമൂല്യമുള്ള ബിസിനസാണിപ്പോൾ ജഴ്സി ഉൾപ്പെടയുള്ള ടീം കിറ്റ് വ്യാപാരം.

ജഴ്സി തീരുമാനിക്കുന്ന വിധം

മേജർ ടൂർണമെന്റുകളിൽ ഫിക്സ്ചർ തയാറാക്കുമ്പോൾ ടീമുകളെ എ, ബി എന്നിങ്ങനെ തിരിക്കാറുണ്ട്. ഇതു പ്രകാരം എ ടീം ഹോം ജഴ്സിയും ബി ടീം സെക്കൻഡ് ജഴ്സിയും ഉപയോഗിക്കണമെന്നതാണു ചട്ടം. എന്നാൽ, ലോകകപ്പിൽ എല്ലാ ടീമുകളും അവരുടെ ഹോം ജഴ്സിയും സെക്കൻഡ് ജഴ്സിയും ഉപയോഗിക്കണമെന്നാണു ഫിഫയുടെ തീരുമാനം. ടെലിവിഷൻ സംപ്രേഷണത്തിൽ, ടീമുകളെ തിരിച്ചറിയാൻ പറ്റുന്ന തരത്തിലുള്ള നിറങ്ങൾ തീരുമാനിച്ച ശേഷം കൂടിയാണു ജഴ്സി ഏതാണെന്നു പ്രഖ്യാപിക്കുക. ഇക്കാര്യം വളരെ മുൻപേ ടീമുകളെ അറിയിച്ചിട്ടുണ്ടാവും.

റെക്കോർഡോടെ നൈജീരിയ

∙ ഈ ലോകകപ്പിൽ ഏറ്റവുമധികം ജനകീയമായതു നൈജീരിയയുടെ ഹോം ജഴ്സി. നൈക്കി ഡിസൈൻ ചെയ്ത ജഴ്സി റെക്കോർഡ് വേഗത്തിലാണു വിറ്റഴിയുന്നത്.

∙ 1974 ലോകകപ്പ് മുതൽ ഇതുവരെ ഏറ്റവുമധികം ടീമുകൾക്കു കിറ്റ് സ്പോൺസർ ചെയ്തത് അഡിഡാസ് ആണ്. നൈക്കി 50 ടീമുകൾക്കു വേണ്ടിയും പ്യൂമ 44 ടീമുകൾക്കു വേണ്ടിയും കിറ്റ് അവതരിപ്പിച്ചു.

∙ ബ്രാൻഡഡ് ജഴ്സി കളം പിടിച്ച 1974 ലോകകപ്പിനു ശേഷം ഇതുവരെ 13 ടീമുകൾ, സ്പോൺസറില്ലാതെ കളത്തിലിറങ്ങി. ഇതിൽ 1982 ലോകകപ്പിൽ ജേതാക്കളായ ഇറ്റലിക്കും കിറ്റ് സ്പോൺസർ ഉണ്ടായിരുന്നില്ല.

2018 ലോകകപ്പ് കിറ്റ് സ്പോൺസർമാർ

12 അഡിഡാസ് – അർജന്റീന, ബെൽജിയം, കൊളംബിയ, ഈജിപ്ത്, ജർമനി, ഇറാൻ, ജപ്പാൻ, മെക്സിക്കോ, മൊറോക്കോ, റഷ്യ, സ്പെയിൻ, സ്വീഡൻ

10 നൈക്കി – ഓസ്ട്രേലിയ, ബ്രസീൽ, ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, നൈജീരിയ, പോളണ്ട്, പോർച്ചുഗൽ, സൗദി, ദ. കൊറിയ

3 പ്യൂമ – സെനഗൽ, സ്വിറ്റ്സർലൻഡ്, യുറഗ്വായ്

2 ന്യൂബാലൻസ് – കോസ്റ്റ റിക്ക, പാനമ
2 ഉംബ്രോ – പെറു, സെർബിയ
1 എറിയ – ഐസ്‌ലൻഡ്
1 ഹമ്മൽ – ഡെന്മാർക്ക്
1 ഉൾസ്പോർട് – തുനീസിയ

ഗൗതം ഖേർ
(ഇന്ത്യയിൽനിന്നുള്ള ഏക ഫിഫ മാച്ച് കമ്മിഷണർ)