Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യയിലേക്കു നോക്കൂ; അവിടുണ്ട്, ലോകത്തെ ഒന്നിപ്പിക്കുന്ന കാൽപ്പന്തിന്റെ മാന്ത്രികത

Russia Soccer WCup

‘‘ലോകത്തിലെ ഏറ്റവും മികച്ച ആശയവിനിമയ ഉപാധിയാണു ഫുട്ബോൾ. അതിന്റെ ഭാഷ നിഷ്പക്ഷവും സാർവലൗകികവുമാണ്. ഫുട്ബോൾ ലോകത്തൊന്നാകെ ഓരോ ദിവസവും ജനങ്ങളെ ഒന്നിപ്പിക്കുന്നു. അവരുടെ ഭാവനകൾക്കു പുതിയ ചിറകു നൽകുന്നു.’’ - ഫ്രാൻസ് ബെക്കൻബോവർ (താരമായും പരിശീലകനായും ലോകകപ്പ് നേടിയ ജർമൻ ഫുട്ബോളർ)

ലോകകപ്പ്  കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം  ബാക്കി... ഭാഷയുടെ, മതത്തിന്റെ, വർണത്തിന്റെ, ദേശത്തിന്റെ മതിൽക്കെട്ടുകൾ ഭേദിച്ച് ലോകം ഒറ്റ ഗാലറിയിലെ ആൾക്കൂട്ടമായ ദിവസങ്ങളാണ് കടന്നു പോയത്..... ലോകത്തെ ഒന്നിപ്പിക്കുന്ന ആ പന്തിന്റെ മാന്ത്രികതയെക്കുറിച്ച്...

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്കു മനസ്സിലാകുന്ന ഭാഷയ്ക്കു ലിപിയില്ല. നാവുകൊണ്ടല്ല, ഹൃദയംകൊണ്ടാണ് അതു സംസാരിക്കുന്നത്. ഹുങ്കാരം മുഴക്കുന്ന വിജയങ്ങൾ, കനലുപോലെ അണയാൻ മടിച്ചു നിൽക്കുന്ന പോരാട്ടവീര്യങ്ങൾ, പ്രണയംപോലെ കാൽപനികമായ പ്രതിഭാവിലാസങ്ങൾ, പരാജയത്തിനെന്തു മധുരമെന്നു വിളിക്കാൻ നിർബന്ധിക്കുന്ന കീഴടങ്ങലുകൾ... വികാരവിക്ഷോഭങ്ങളുടെ കടലത്രയും പച്ചവിരിച്ച മൈതാനങ്ങളിലെ ചെറുചലനങ്ങളിൽ കണ്ണാടിയിലെന്നപോലെ അതു പ്രതിഫലിപ്പിക്കും - ലിപികളെയും വ്യാകരണങ്ങളെയും അപ്രസക്തമാക്കുന്ന ആ ഭാഷയ്ക്കു ലോകമിട്ട പേരാണു ഫുട്ബോൾ.

ഇംഗ്ലണ്ട്–ക്രൊയേഷ്യ മൽസരം വിഡിയോ സ്റ്റോറി കാണാം

കാൽപന്ത് മതമാണെങ്കിൽ നാലു വർഷത്തിലൊരിക്കൽ നടക്കുന്ന മഹാതീർഥാടനമാണു ലോകകപ്പ്. ഭാഷയുടെ, മതത്തിന്റെ, വർണത്തിന്റെ, ദേശത്തിന്റെ മതിൽക്കെട്ടുകൾ ഭേദിച്ച് ലോകം ഒറ്റ ഗാലറിയിലെ ആൾക്കൂട്ടമാകുന്ന കാലം. കാറ്റുനിറച്ചൊരു തുകൽ പന്ത് ലോകജനതയുടെ ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്ന ദിനങ്ങൾ. ലിപിയില്ലാത്ത ആ ഭാഷ അപ്പോൾ ലോകത്തിന്റെ ഏതെല്ലാമോ കോണുകളിൽ മനുഷ്യന്റെ ഹൃദയവുമായി നേരിട്ടു സംവദിച്ചുകൊണ്ടേയിരിക്കുന്നു. 

ലോകം വിരൽത്തുമ്പിലെ ഗ്രാമമായി മാറിയ ന്യൂജെൻ കാലത്തും ലോകകപ്പ് മനുഷ്യനെ ഇത്രയധികം സ്വാധീനിക്കാൻ എന്താകും കാരണം? വർഷം മുഴുവൻ ടിവിയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഏറ്റവും മികച്ച ഫുട്ബോൾ സ്വീകരണ മുറിയിലെത്തുന്നുണ്ട്. ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചും രണ്ടു ടീമുകൾക്കാണു പന്തു തട്ടുന്നത്. റയൽ മഡ്രിഡിനായി മധ്യനിരയിൽ മോഡ്രിച്ചും മുന്നേറ്റത്തിൽ റൊണാൾഡോയും ഒന്നിക്കുമ്പോൾ കളിയിൽ ഇന്ദ്രജാലം വിരിയുന്നതു ലാ ലിഗയിൽ പലതവണ കണ്ടതാണ്.

ലയണൽ മെസ്സി എന്ന ആരാധകരുടെ മിശിഹ അർജന്റീനയുടെ മുന്നേറ്റനിരയിൽ ചേമ്പിലയിലെ  വെള്ളത്തുള്ളിപോലെ വേറിട്ടു നിൽക്കുന്നതു കാണുമ്പോൾ ഫുട്ബോൾ അറിയുന്നവരുടെ മനസ്സിൽ ബാർസിലോനയുടെ ലൈനപ്പ് ഓടിയെത്തും. ഇനിയേസ്റ്റയെന്ന മൈതാനത്തിലെ പൈപ്പ്‌ലൈൻ എത്ര സുന്ദരമായാണ് അവിടെ മെസ്സിക്കു മുന്നിൽ പാസുകളുടെ ഇന്ധനമെത്തിക്കുന്നത്. 

പൂർണതകളുടെ വിളയാട്ടമാണു ക്ലബ് ഫുട്ബോൾ. അവിടെ റൊണാൾഡോയും മോഡ്രിച്ചും ഒരു ടീമിലാണ്. ഇനിയേസ്റ്റയും മെസ്സിയും ഒരേ ഭാഗത്തേക്കാണ് ഒഴുകിപ്പരക്കുന്നത്. ലോകകപ്പിൽ പക്ഷേ, ചേരുംപടി ചേരുന്ന ആ ചേരുവകളില്ല. റൊണാൾഡോയ്ക്കൊപ്പം പോർച്ചുഗൽ നിരയിൽ ശരാശരിക്കാരാണ്. മെസ്സിയെന്ന അതികായന്റെ നിഴലിലൊതുങ്ങുന്ന ആൾക്കൂട്ടമാണ് അർജന്റീന. പ്രക്ഷുബ്ധമായ കടലാണു നല്ല നാവികനെ സൃഷ്ടിക്കുന്നതെന്ന ജീവിതത്തിലെ ചൊല്ല് ഇവിടെയും പ്രസക്തമാകുന്നു. ലഭ്യമായ വിഭവംകൊണ്ടു കിരീടത്തിലേക്കു പന്തു തട്ടുന്നവനെ ലോകം നക്ഷത്രമെന്നു വിളിക്കുന്നു.

കൈകൊണ്ടു പന്തു തട്ടി കളിനിയമങ്ങളുടെ കാവുതീണ്ടിയിട്ടും ലഹരി ഉപയോഗത്തിന്റെ പാതാളത്തിലേക്കു പതിച്ചിട്ടും മറഡോണയെന്ന മുടിയനായ പുത്രൻ ഫുട്ബോൾ ചരിത്രത്തിലെ വിശുദ്ധനാകുന്നത് ഈ സമവാക്യംകൊണ്ടാണ്. അമിട്ടുപോലെ ഒറ്റശബ്ദത്തിൽ ഉലകം കുലുക്കുന്നവരല്ല, മാലപ്പടക്കംപോലെ ടീമിലേക്കാകെ ഊർജം പ്രസരിപ്പിക്കുന്നവരാണ് ഇവിടെ നായകന്മാർ. ഒറ്റവട്ടത്തിലൊതുങ്ങുന്ന ചന്ദ്രനല്ല, ഒരേ പ്രകാശം ചൊരിയുന്ന 11 നക്ഷത്രങ്ങളാണ് അവസാന കണക്കെടുപ്പിൽ ചിരിതൂകുന്നത്. ഒത്തുപിടിച്ചാൽ കപ്പും പോരുമെന്ന കൂട്ടായ്മയുടെ സന്ദേശമാണു ലോകകപ്പിനെ ഇത്രമേൽ ജനപ്രിയമാക്കുന്നതിലെ ഒരു കാരണം. 

അധിനിവേശത്തിനെതിരായ പ്രതിരോധമാണു ഫുട്ബോളിന്റെ സന്ദേശമെന്നു പറയാറുണ്ട്. കളത്തിന്റെ ഇരുപാർശ്വങ്ങളിലും ഗോൾവരയ്ക്കു സമാന്തരമായും വരച്ചിരിക്കുന്ന വരകൾ സ്വന്തം രാജ്യത്തെയോ ദേശത്തെയോ സൂചിപ്പിക്കുന്നു. അതിനു പുറത്തേക്കുള്ള ഓരോ നീക്കവും അധിനിവേശമാണ്. അതിനാൽ അതിരുവിട്ടു കളിക്കുന്നതിനുള്ള ശിക്ഷയാണ് ത്രോ ഇൻ, കോർണർ കിക്ക് എന്നിവയൊക്കെ. ആ അർഥത്തിൽ ക്രിക്കറ്റ് അധിനിവേശത്തിന് ആഹ്വാനം നൽകുകയാണ്. അതിർത്തിക്കപ്പുറത്തേക്കു പന്തു പായിച്ചാൽ സിക്സും ഫോറുമായി അവർ കയ്യേറ്റത്തെ മഹത്വവൽക്കരിക്കുന്നു. 

തിയറിയിൽ മാത്രമല്ലേ, അധിനിവേശത്തിനെതിരായ പോരാട്ടങ്ങൾ നമുക്കു മുന്നിൽ പന്തു തട്ടിക്കളിക്കുകയല്ലേ? നാളെ റഷ്യയിലെ ലുഷ്കിനി സ്റ്റേഡിയത്തിൽ, ലോക കിരീടം തേടിയിറങ്ങുമ്പോൾ ക്രൊയേഷ്യയ്ക്കുനേരെ ഫ്രാൻസ് മുനകൂർപ്പിച്ചു നിർത്തിയിരിക്കുന്ന ആയുധങ്ങൾ ഏതൊക്കെയാണ്? കാമറൂണിൽ വേരുകളുള്ള കിലിയൻ എംബപെ, ഗിനിയൻ വംശജനായ പോൾ പോഗ്ബെ, കാമറൂൺ രക്തം സിരകളിലോടുന്ന ഉംറ്റിറ്റി, മാലി കുടുംബത്തിലെ കണ്ണി എംഗോള കാന്റെ.

1998ൽ ലോകകപ്പിൽ ഫ്രഞ്ച് വസന്തം വിടർന്നപ്പോൾ അതിന്റെ അമരത്തുണ്ടായിരുന്നത് അൽജീറിയൻ വംശജനായ സിനദിൻ സിദാൻ. എല്ലാം ഫ്രാൻസിന്റെ പഴയ കോളനികളിൽനിന്നുള്ളവർ. വിശ്വവിജയത്തിലേക്കു പന്തു തട്ടാൻ ഫ്രാൻസിനു കൂട്ട് പതിറ്റാണ്ടു മുൻപു ചിവിട്ടിമെതിച്ച തലമുറകളിലെ പിന്മുറക്കാരുടെ കാലുകൾ. ചരിത്രത്തിന്റെ മനോഹരമായ ഇത്തരം പകവീട്ടലുകൾ ഫുട്ബോളിലല്ലാതെ മറ്റെവിടെ കാണാൻ കഴിയും? ബെൽജിയത്തിന്റെയും സാക്ഷാൽ ഇംഗ്ലണ്ടിന്റെയുമൊക്കെ നിരയിലുമുണ്ടായിരുന്നു ചരിത്രത്തിന്റെ കാവ്യനീതി പന്തുകളിക്കാരനായി അവതരിച്ചതിന്റെ സുന്ദര കാഴ്ചകൾ. 

കളിയുടെ രീതിശാസ്ത്രങ്ങൾ മാറ്റിനിർത്തിയാൽ ഭൂപടത്തിലൂടെയുള്ള സഞ്ചാരംകൂടിയാണു ലോകകപ്പ്. മറ്റൊരു കണക്കെടുപ്പിലും അടയാളപ്പെടുത്താതെ പോകുന്ന കൊച്ചു രാജ്യങ്ങളെ, ജനവിഭാഗങ്ങളെ, മനുഷ്യരെ ഗൂഗിൾ മാപ്പിനെക്കാൾ കൃത്യമായി നമുക്കു മുന്നിലെത്തിക്കുന്നുണ്ട് ഈ മാമാങ്കം. വെറും മൂന്നര ലക്ഷം ജനസംഖ്യയുള്ള ഐസ്‌ലാൻഡ് എന്ന കുഞ്ഞൻ രാജ്യം ഭൂപടത്തിൽ അമീബപോലെ അദൃശ്യമാണ്. ആ ദ്വീപസമൂഹത്തിന്റെ പേരു കേൾക്കാത്തവർ ലോകത്തിന്റെ ഏതു ഭാഗത്താണ് ഇപ്പോൾ ഉണ്ടാകുക?

പടിഞ്ഞാറൻ യൂറോപ്പിലെ ബൽജിയത്തിന്റെ വർണശബളമായ പതാക, നിറംവാരിയെറിഞ്ഞതുപോലെയുള്ള ക്രൊയേഷ്യൻ ജഴ്സി, മഞ്ഞയും പച്ചയും പ്രതലത്തിൽ നീലകൊണ്ട് ഉമ്മവച്ചതുപോലുള്ള ബ്രസീൽ കൊടി, ആഫ്രിക്കയിലെ ഏതോ ഭാഗത്തുനിന്നു വന്ന കാമറൂണെന്ന രാജ്യവും റോജർ മില്ലയെന്ന അത്ഭുത മനുഷ്യനും, ഏഷ്യയിൽ ആദ്യമായി നടന്ന ലോകകപ്പിൽ ഫ്രാൻസിനെ ഞെട്ടിച്ചു കളത്തിൽ ഭൂകമ്പം തീർത്ത ആഫ്രിക്കൻ വൻകരയിലെ സെനഗൽ, ഓറഞ്ച് പോലെ മധുരമുള്ള ടോട്ടൽ ഫുട്ബോൾ കളിച്ച ക്രൈഫിന്റെ ഹോളണ്ട്, ബ്രസീലിലെ തെരുവിൽ പിറന്ന് ഫുട്ബോൾ ആകാശത്തു നക്ഷത്രങ്ങളായി പുനർജനിച്ച പെലെ, സീക്കോ, സോക്രട്ടീസ്, ഗാരിഞ്ച, ദിദി, റിവേലിനോ, റൊമാരിയോ, റൊണാൾഡോ... പന്തിനു പിന്നാലെ കണ്ണുകൾ പായുമ്പോൾ ലോകം ഒരു മൈതാന ചതുരത്തിലേക്കു ചുരുങ്ങുന്നു. കാഴ്ചകൾ അടിച്ചുവിട്ട പന്തുപോലെ നമ്മെ തേടിവരുന്നു. 

റഷ്യയിലെ മാമാങ്കവേദിയിൽത്തന്നെയുണ്ട് ഫുട്ബോളെന്ന ലിപിയില്ലാത്ത ഭാഷയുടെ സാർവദേശീയത. ബൽജിയം താരങ്ങളുടെ മാതൃഭാഷ ഫ്രഞ്ചും ഡച്ചും. പല താരങ്ങൾക്കും പരസ്പരം മിണ്ടാൻ ഫുട്ബോളല്ലാതെ മറ്റൊരു ഭാഷയില്ല. സ്പെയിനിൽനിന്നുള്ള പരിശീലകൻ മാർട്ടിനെസിന് ഈ രണ്ടു ഭാഷകളും അറിയില്ല. എന്നിട്ടും, മൈതാനത്ത് എത്ര സുന്ദരമായാണ് അവർ പരസ്പരം മനസ്സറിഞ്ഞത്. 

പണക്കിലുക്കത്തിന്റെ ബലത്തിൽ ലോകത്തിലെ മികച്ച താരങ്ങളെയൊക്കെ സ്വന്തം തട്ടകത്തിലെത്തിക്കുന്ന യൂറോപ്യൻ ക്ലബ് ഫുട്ബോൾ, ഫുട്ബോളിനെ സങ്കരയിനമാക്കി മാറ്റിയിട്ടുണ്ട്. എങ്കിലും, എല്ലാ ലോകകപ്പിനുശേഷവും എന്നപോലെ റഷ്യയിൽനിന്നും ആ ചോദ്യം ഉയർന്നു കേൾക്കുന്നു. ഈണം വരികളെ പ്രണയിക്കുന്ന മെലഡിപോലെ കളിയെ സംഗീതമാക്കുന്ന ലാറ്റിനമേരിക്കൻ ശൈലിയാണോ, ഗണിതശാസ്ത്രംപോലെ സങ്കീർണവും ബോറടിപ്പിക്കുന്നതും എന്നാൽ കൃത്യമായി ലക്ഷ്യത്തിൽ തറയ്ക്കുന്നതുമായ യൂറോപ്യൻ മോഡലാണോ, വന്യമായ കരുത്തിന്റെ പകർന്നാട്ടമായ ആഫ്രിക്കൻ താളമാണോ, വിയർപ്പൊഴുക്കി ഫലം കൊയ്യുന്ന ഏഷ്യൻ മോഡലാണോ ഫുട്ബോളിലെ ക്ലാസിക് ശൈലി?

കഴിക്കുന്നവന്റെ നാവിലാണു ബിരിയാണിയുടെ രുചി എന്നതുപോലെ, കാണുന്ന കണ്ണിൽത്തന്നെയാണു ഫുട്ബോളിന്റെ സൗന്ദര്യം. ലോകകപ്പ് പക്ഷേ, എല്ലാ ശൈലികളും കൂടിക്കലർന്ന ജുഗൽബന്ദിയാണ്. ലാറ്റിനമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും കൂടിക്കലർന്ന കോക്ടെയിൽ. ജീവിതംപോലെയല്ല, ജീവിതംതന്നെയാണു ഫുട്ബോൾ എന്നു കളിയുടെ മർമം അറിഞ്ഞവർ നേരത്തേ പറഞ്ഞുവച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, അതിന്റെ ജീവശ്വാസംതന്നെയാണു ലോകകപ്പ്.