Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം നാടുപോൽ ഈ ഖത്തർ; 2022 ലോകകപ്പിനായി മലയാളികൾ കാത്തിരിക്കുന്നത് വെറുതെയല്ല!

khalifa-Stadium 2022ലെ ലോകകപ്പ് ഫുട്ബോളിനു സജ്ജമായ ദോഹ ഖലീഫ രാജ്യാന്തര സ്റ്റേഡിയം

ഖത്തർ– നമ്മുടെ കൊച്ചു കേരളത്തിന്റെ മൂന്നിലൊന്നു വലുപ്പം മാത്രമുള്ള രാജ്യം. ആകെ ജനസംഖ്യ 26 ലക്ഷം. അതിൽ തന്നെ ആറു ലക്ഷത്തിലേറെ ഇന്ത്യക്കാർ. അതിൽ ഭൂരിഭാഗവും മലയാളികൾ. അവരെല്ലാവരും ഒരുമിച്ചൊരു പന്തിനു പിന്നാലെ ഓടാൻ ഒരുങ്ങുന്നു; ഇനി നാലു വർഷം മാത്രം. 

2022ൽ ലോകം മുഴുവൻ ഖത്തറിലെത്തും. അറബി നാട്ടിലെ, മരുഭൂമിയിലെ ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ കാണാൻ. ആവേശത്തിന്റെ ലോകകപ്പ് ഫുട്ബോൾ റഷ്യയിൽ കലാശക്കൊട്ടിനൊരുങ്ങുന്നു; എന്നാൽ, അതിനും എത്രയോ മുൻപു തന്നെ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു- #seeyouin2022. 

∙ മ്മ്ടെ സ്വന്തം ലോകകപ്പ് 

ഇതുവരെയുള്ള ലോകകപ്പ് പോലെയാവില്ല മലയാളികൾക്കു ഖത്തർ ലോകകപ്പ്; അതു നമ്മുടെ സ്വന്തം ലോകകപ്പാണ്. മലയാളികൾ ആഘോഷിക്കുന്ന ലോകകപ്പ്. മലപ്പുറത്തെയും കോഴിക്കോട്ടെയുമൊക്കെ ഫുട്ബോൾ ആരാധകർ ഇപ്പോൾ തന്നെ ഖത്തറിലെ ബന്ധുക്കളോടും ചങ്ങാതിമാരോടുമൊക്കെ പറഞ്ഞു വച്ചിട്ടുണ്ട്, 2022ലെ ലോകകപ്പിനൊരു ടിക്കറ്റ്. 

ആദ്യമായാണു നമുക്കു തൊട്ടടുത്ത് ലോകകപ്പെത്തുന്നത്. കേരളത്തിൽ നിന്ന് യാത്രയ്ക്കു നാലര മണിക്കൂർ മാത്രം മതി. ഖത്തറിൽ നാട്ടുകാരും ബന്ധുക്കളുമൊക്കെ ഇഷ്ടം പോലെ ഉള്ളതു കൊണ്ടു താമസമൊരു പ്രശ്നമല്ല. ഓൺ അറൈവൽ വീസ ഉള്ളതുകൊണ്ടു വീസ പ്രശ്നവുമില്ല. വിമാന ടിക്കറ്റും, കളികാണാനുള്ള ടിക്കറ്റുമുണ്ടെങ്കിൽ നമുക്കു ലോകകപ്പ് കാണാം. അതുകൊണ്ടു തന്നെ 2022ലെ ഖത്തർ ലോകകപ്പ് മലയാളികളുടേതു കൂടിയാവും. 

Majlis-Qatar 2022ലെ ലോകകപ്പിനെ സ്വാഗതം ചെയ്തു മോസ്കോയിൽ ഖത്തർ ഒരുക്കിയ മൾട്ടിമീഡിയ മ്യൂസിയം

ആവേശത്തിന്റെ കോപ്പ നിറയ്ക്കാൻ ഇനി വേറെ വല്ലതും വേണോ? അതുകൊണ്ട് പാസ്പോർട്ടും മറ്റു കാര്യങ്ങളുമൊക്കെ ഇപ്പോഴേ റെഡിയാക്കി വച്ചോ. മെസ്സിയും റൊണാൾഡോയും നെയ്മറുമെല്ലാം അടുത്ത ലോകകപ്പിന് ഉണ്ടാകുമോയെന്ന് ഉറപ്പില്ല; ഏതായാലും മ്മ്ക്കു പോവാം. സ്റ്റേഡിയത്തിലിരുന്ന് ആവേശത്തിന്റെ കൊടി പാറിക്കാം. 

∙ ഞെട്ടിക്കും നമ്മൾ! 

2022ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്ന രാജ്യമായി ഖത്തർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകം മുഴുവൻ ഞെട്ടി. ഈയൊരു ചെറു രാജ്യത്തിന് ഇതൊക്കെ കഴിയുമോ? പക്ഷേ, അന്നുമുതൽ ഖത്തറിന്റെ മനസ്സിൽ ഒരേയൊരു വർഷമേയുണ്ടായിരുന്നുള്ളൂ, 2022. 

ഇംഗ്ലണ്ട്– ക്രൊയേഷ്യ സെമി ഫൈനൽ മൽസരം വിഡിയോ സ്റ്റോറി കാണാം

റഷ്യയിൽ ലോകകപ്പ് ഫുട്ബോളിനു പന്തുരുളുന്നതിന് എത്രയോ മുൻപു തന്നെ 2022ലെ ലോകകപ്പ് ഫുട്ബോളിനുള്ള ആദ്യ സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. ദോഹയിലെ പുതുക്കി പണിത ഖലീഫ രാജ്യാന്തര സ്റ്റേഡിയം എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയതാണ്. റഷ്യൻ ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറിൽ ഒരുക്കിയ ഫാൻ സോണുകളിലൊന്ന് ഈ സ്റ്റേഡിയത്തിലായിരുന്നു. 

സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ കൂറ്റൻ സ്ക്രീനിൽ റഷ്യയിലെ മൽസരങ്ങളുടെ തൽസമയ സംപ്രേഷണം. അടുത്ത ലോകകപ്പ് നടക്കുന്ന സ്റ്റേഡിയത്തിലിരുന്ന് ഇത്തവണത്തെ ലോകകപ്പ് മൽസരങ്ങൾ കണ്ട സന്തോഷം ഒന്നു വേറെ തന്നെ. ലോകകപ്പിനുള്ള മറ്റ് ഏഴു സ്റ്റേഡിയങ്ങളുടെ നിർമാണവും 2020നുള്ളിൽ പൂർത്തിയാവും. അതാണ് സ്പീഡ്! 

∙ കണ്ടോ, കണ്ടെയ്നർ സ്റ്റേഡിയം 

ഖത്തറിലെ പൂർവികരുടെ പ്രധാന തൊഴിൽ മുത്തുവാരലായിരുന്നു. കടലിൽ നിന്ന് അമൂല്യമായ മുത്തുകൾ അവർ മുങ്ങിയെടുത്തു; അങ്ങനെ അവർ അദ്ഭുതത്തിന്റെ ചെപ്പുകൾ തുറന്നു. 2022ലെ ലോകകപ്പ് ഫുട്ബോളും ഒരു അദ്ഭുത ചെപ്പാവും. അദ്ഭുതങ്ങൾ എന്തൊക്കെയാണെന്നതു കാത്തിരുന്നു തന്നെ കാണണം. 

ലോകത്താദ്യമായി ലോകകപ്പ് ഫുട്ബോളിനായി ഒരു കണ്ടെയ്നർ സ്റ്റേഡിയം ഒരുങ്ങുന്നുവെന്നത് അതിൽ ഒന്നു മാത്രം. ദോഹയിൽ കടൽ തീരത്തോടു ചേർന്നാണ് കണ്ടെയ്നർ സ്റ്റേഡിയം നിർമിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രത്യേകം രൂപകൽപന ചെയ്ത ഷിപ്പിങ് കണ്ടെയ്നറുകൾ കൊണ്ടാണു നിർമാണം. കളികഴിഞ്ഞാൽ ഈ സ്റ്റേഡിയം പൂർണമായും പൊളിച്ചു മാറ്റി മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുകയുമാവാം. 

Qatar-Airways ഫിഫ ലോഗോയും ലോകകപ്പ് മുദ്രയുമായി ഖത്തർ എയർവേയ്സ് വിമാനം

തീർന്നില്ല, സ്റ്റേഡിയത്തിന്റെ കഥ. അറേബ്യൻ ടെന്റിന്റെ മാതൃകയിൽ അൽ ഖോർ അൽ ബായ്ത്ത് സ്റ്റേഡിയം, അറബി തൊപ്പിയുടെ മാതൃകയിൽ അൽ തുമാമ സ്റ്റേഡിയം, കപ്പൽ പായപോലെയുള്ള അൽ വക്റ സ്റ്റേഡിയം, മണൽക്കൂനയെ അനുസ്മരിപ്പിക്കുന്ന അൽ റയ്യാൻ സ്റ്റേഡിയം, ഡയമണ്ട് പോലെയുള്ള എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ഉദ്ഘാടനവും ഫൈനലും നടക്കുന്ന ലുസെയ്‌ൽ സ്റ്റേഡിയം... അങ്ങനെ സ്റ്റേഡിയങ്ങളുടെ കാര്യങ്ങൾ പറയാൻ ഇനിയും ഏറെയുണ്ട്. 

∙ നവംബർ– ഡിസംബർ ലോകകപ്പ് 

ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി മൽസരങ്ങളുടെ സമയക്രമം മാറുന്നുവെന്നതാണു ഖത്തർ ലോകകപ്പിന്റെ മറ്റൊരു പ്രത്യേകത. ജൂൺ– ജൂലൈ മാസത്തിനു പകരം നവംബർ– ഡിസംബർ മാസങ്ങളിലാണു ഖത്തർ ലോകകപ്പ് നടക്കുക. ജൂൺ– ജൂലൈ മാസം ഖത്തറിൽ നല്ല ചൂടാണ്. അതുകൊണ്ടാണ് ചെറുതണുപ്പുള്ള നവംബർ– ഡിസംബർ മാസത്തിലേക്കു ലോകകപ്പ് മാറ്റിയത്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നാണു ഫൈനൽ. 

എല്ലാ സ്റ്റേഡിയങ്ങളിലും അത്യാധുനിക ശീതീകരണ സാങ്കേതികവിദ്യയാണുള്ളത്. ഗാലറി മാത്രമല്ല, മൈതാനവും തണുപ്പിക്കും ഈ സംവിധാനം. അതുകൊണ്ടു തന്നെ ചൂടിനെ പേടിക്കുകയേ വേണ്ട. കളിക്കാരും കാണികളും ചൂടാകില്ല. 

തിരക്കിട്ട് ഓടി നടന്നുളള കളിയുമില്ല. ലോകകപ്പ് നടക്കുമ്പോൾ ഖത്തറിലെ ഒരു സ്റ്റേഡിയത്തിൽ നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്കു വേണമെങ്കിൽ ഓടിയെത്താം. സ്റ്റേഡിയങ്ങൾ തമ്മിലുള്ള പരമാവധി ദൂരം 55 കിമീ മാത്രം. 

ലോകകപ്പിനു വേണ്ടി ഖത്തറിലേക്ക് എത്താനും മടങ്ങി പോകാനും മാത്രം വിമാനം കയറിയാൽ മതി. പിന്നീടുള്ള യാത്രയൊക്കെ മെട്രോ ട്രെയിനിലും ബസിലും. ലോകകപ്പ് നടക്കുന്ന ഒരു മാസം കളിക്കാർക്കൊക്കെ ഒരേ ഹോട്ടലിൽ താമസിക്കാം. ഒരേ മൈതാനത്തു പരിശീലനം നടത്താം. ആവശ്യത്തിനു വിശ്രമിക്കാം. യാത്രാ ക്ഷീണമെന്ന പ്രശ്നമേയില്ല. അത് കളിയിലും കാണാമെന്നു ചുരുക്കം. 

∙ പുല്ലിലുമുണ്ട് ഫുട്ബോൾ 

ഫുട്ബോൾ മൈതാനത്തെ പുല്ലിൽ പ്രത്യേകിച്ച് എന്തു കാര്യം. അങ്ങനെ പറയാൻ വരട്ടെ. ഖത്തർ ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി(എസ്‌സി) ഇതുവരെ പരിശോധിച്ചത് 24 ഇനം പുല്ലിനങ്ങളാണ്. ഇതിനു വേണ്ടി പ്രത്യേക കേന്ദ്രം തന്നെ എസ്‌സി ആരംഭിച്ചിട്ടുണ്ട്. 

ലോകകപ്പ് ഫുട്ബോൾ മൈതാനങ്ങളിൽ വിരിക്കാനുള്ള പുല്ലിനത്തെ കുറിച്ചുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്. ഏറെ വൈകാതെ ഏതു പുല്ലിനമാണു മൈതാനത്തിൽ വിരിക്കുകയെന്നു പ്രഖ്യാപിക്കും. സ്റ്റേഡിയത്തിൽ പുല്ല് വിരിക്കാൻ 14 മണിക്കൂറിൽ താഴെ മാത്രം സമയമാണ് എടുക്കുക. 

ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ 13.5 മണിക്കൂർ കൊണ്ടു പുല്ല് വിരിച്ച് ഇതിനകം തന്നെ ഇക്കാര്യത്തിൽ റെക്കോർഡിട്ടു കഴിഞ്ഞു ഖത്തർ. ഈ പുല്ല് വെറും പുല്ലല്ല! 

∙ ആവേശം അങ്ങ് മോസ്കോയിലും 

റഷ്യൻ ലോകകപ്പിനു തിരശീല വീഴും മുൻപു തന്നെ ഖത്തറിന്റെ ഫുട്ബോൾ ആവേശം മോസ്കോയിലും സെന്റ്പീറ്റേഴ്സ്ബർഗിലും ആരംഭിച്ചു കഴിഞ്ഞു. ഫുട്ബോൾ ആരാധകരെ മുഴുവൻ ഖത്തറിലേക്കു സ്വാഗതം ചെയ്ത് ‘മജ്‌ലിസ് ഖത്തർ’ എന്ന പരിപാടിയാണു സംഘടിപ്പിക്കുന്നത്. 

ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും ഫുട്ബോൾ ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ‘മജ്‌ലിസ് ഖത്തർ’ സംഘടിപ്പിക്കുന്നത്. അറേബ്യൻ സംഗീതവും, ഹെന്നയും, അറബിക് കാലിഗ്രഫിയും എല്ലാം ചേർന്നൊരു ആഘോഷമാണു ഖത്തർ ഇപ്പോൾ റഷ്യയിൽ ഒരുക്കുന്നത്. 

മോസ്കോയിലെ മോസ്ക്വ നദിയിൽ പൊങ്ങിക്കിടക്കുന്ന മൾട്ടിമീഡിയ മ്യൂസിയമാണു മജ്‌ലിസ് ഖത്തറിന്റെ പ്രത്യേകതകളിലൊന്ന്. ഖത്തറിന്റെ സാംസ്കാരിക പൈതൃകം വർണ വിസ്മയങ്ങളായി മൾട്ടിമീഡിയ മ്യൂസിയത്തിലെ ഡിജിറ്റൽ ബോർഡുകളിൽ ഒഴുകിയിറങ്ങുന്നു. 

∙ ന്നാ, തൊടങ്ങാല്ലേ! 

1950ൽ ബ്രസീലിൽ നടന്ന ലോകകപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിനാണ് ഇന്ത്യ യോഗ്യത നേടിയത്. നിർഭാഗ്യവശാൽ അന്ന് ഇന്ത്യ പലകാരണങ്ങളാൽ ലോകകപ്പിൽ നിന്നു പിൻവാങ്ങി. പറഞ്ഞു വന്നത് അതല്ല, 1950ൽ ഖത്തർ പന്തു തട്ടി തുടങ്ങിയിട്ടേയുള്ളൂ. ഖത്തറിലെ ആദ്യത്തെ സ്റ്റേഡിയം– ദോഹ സ്റ്റേഡിയം ഔദ്യോഗികമായി തുറന്നത് 1962ലാണ്. 1970കളുടെ അവസാനമാണു ഖലീഫ രാജ്യാന്തര സ്റ്റേഡിയം നിർമിക്കുന്നത്. 

പക്ഷേ, ലോകത്തെ മുഴുവൻ അമ്പരപ്പിച്ച് 1981ൽ ഖത്തർ ഫിഫ യൂത്ത് ലോകകപ്പിന്റെ ഫൈനലിലെത്തി. ബ്രസീലിനെയും ഇംഗ്ലണ്ടിനെയും തോൽപിച്ചായിരുന്നു ഖത്തറിന്റെ ഫൈനൽ പ്രവേശം. അന്ന് ഫൈനലിൽ പശ്ചിമ ജർമനിയോടു തോറ്റെങ്കിലും ഖത്തറിൽ ഫുട്ബോൾ ആവേശം ഉയർന്നു പൊങ്ങി. 1995ൽ ഫിഫ യൂത്ത് ലോകകപ്പിനു ഖത്തർ ആതിഥ്യം വഹിച്ചു. 

വലിയ സ്വപ്നങ്ങൾ കാണുന്ന കൊച്ചു രാജ്യമാണ് എന്നും ഖത്തർ. അതുകൊണ്ടു തന്നെ 2022ലെ ലോകകപ്പ് ഫുട്ബോൾ ഒരു മഹാ സംഭവമാകും. 2022 ആകുന്നതിനു രണ്ടു വർഷം മുൻപു തന്നെ ലോകകപ്പ് ഫുട്ബോളിനു പൂർണ സജ്ജമാകാനാണു ഖത്തർ തയാറെടുക്കുന്നത്. ഫിഫ ലോകകപ്പ് മുദ്രയുമായി ഖത്തർ എയർവേയ്സ് വിമാനങ്ങൾ വാനിൽ പറക്കാൻ തുടങ്ങിക്കഴിഞ്ഞു. അദ്ഭുതങ്ങളുടെ ചെപ്പു തുറക്കുമ്പോൾ അമ്പരക്കാൻ ഒരുങ്ങിക്കോളൂ.