Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലിപ്പടയോട് പകരം വീട്ടുമോ ഗെയ്ല്‍?; ആകാംക്ഷയോടെ ആരാധകർ

Gayle

ഇൻഡോർ∙ ഐപിഎൽ പതിനൊന്നാം സീസണിൽ ഏതാണ്ട് പുറത്തായ മട്ടിലാണ് സാക്ഷാൽ വിരാട് കോഹ്‍ലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ഒരു തോൽവി കൂടി ഏറ്റുവാങ്ങിയാൽ ആ പുറത്താകൽ ഉറപ്പിക്കാം. ഇന്ന് വൈകിട്ട് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും കിങ്സ് ഇലവൻ പ‍ഞ്ചാബും ഏറ്റുമുട്ടുമ്പോൾ ശ്രദ്ധാകേന്ദ്രം ക്രിസ് ഗെയ്‌ലെന്ന വെസ്റ്റ് ഇൻഡീസുകാരനാണ്. കഴിഞ്ഞ സീസൺ വരെ റോയൽ ചാലഞ്ചേഴ്സ് ടീമിന്റെ ഭാഗമായിരുന്ന ഗെയ്‍ൽ ഇക്കുറി അവർക്കെതിരെ വരുമ്പോൾ, മുൻ ടീമിനെതിരെ എന്തായിരിക്കും കരുതിവച്ചിരിക്കുക?

പ്ലേ ഒാഫിന്റെ പടിക്കല്‍ നില്‍ക്കുന്ന പഞ്ചാബിന് ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. ഇരുവരും ഏറ്റുമുട്ടിയ ആദ്യമല്‍സരത്തില്‍ ബാംഗ്ലൂരിനായിരുന്നു ജയം. നിലവിൽ 11 മൽസരങ്ങളിൽനിന്ന് ആറു ജയമുൾപ്പെടെ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിന് ഒരു ജയം കൂടിയുണ്ടെങ്കിൽ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കാം. അതേസമയം, 11 മൽസരങ്ങളിൽ ഏഴും തോറ്റ റോയൽ ചാലഞ്ചേഴ്സിന് ഇനി മുന്നേറണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം.

ഫലമെന്തായാലും, ക്രിസ് ഗെയ്‌ലിന്റെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ മൂന്ന് മല്‍സരങ്ങളില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം ഗെയ്ല്‍ ബാംഗ്ലൂരിനെതിരെ തീര്‍ത്താല്‍ കോഹ്‌ലിക്കും സംഘത്തിനും വെല്ലുവിളിയാകും. കൊല്‍ക്കത്തയ്ക്കെതിരെ 245 റണ്‍സ് വഴങ്ങിയ പഞ്ചാബ്  ബോളര്‍മാര്‍ അത്ര ആത്മവിശ്വാസത്തിലല്ല. 20 വിക്കറ്റ് സ്വന്തമാക്കിയ ആന്‍ഡ്രൂ ടൈയിലിലാണ് ബോളിങ്  പ്രതീക്ഷയത്രയും. രാഹുലും ആരോണ്‍ ഫിഞ്ചും അശ്വിനും ഒപ്പം കരുണ്‍ നായരും മായങ്ക് അഗര്‍വാളും റണ്‍സ് നേടിയാല്‍ മാത്രമേ പഞ്ചാബിന് പിടിച്ചുനില്‍ക്കാനാകൂ. 

ബാംഗ്ലൂരിനാകട്ടെ നഷ്ടപ്പെടാന്‍ ഒന്നുമില്ല.‍ പ്ലേ ഒാഫ് പ്രതീക്ഷ ഏതാണ്ട് അസ്മതിച്ച ബാംഗ്ലൂരിന് അവസാന സ്ഥാനക്കാര്‍ എന്ന നാണക്കേട് ഒഴിവാക്കാന്‍ ജയിക്കണം. ഡിവില്ലിയേഴ്സും കോഹ്‌ലിയും ഫോമിലുള്ളതും ചാഹല്‍ വിക്കറ്റെടുക്കുന്നതുമാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ.