Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാംഗ്ലൂരിന് പത്തു വിക്കറ്റ് ജയം; ഉമേഷ് യാദവിന് മൂന്നു വിക്കറ്റ്

Umesh Yadav പഞ്ചാബ് ഓപ്പണർ രാഹുലിന്റെ വിക്കറ്റെടുത്ത ഉമേഷ് യാദവിനെ ബാംഗ്ലൂർ ക്യാപ്റ്റൻ കോഹ്‌ലി അഭിനന്ദിക്കുന്നു.

ഇൻഡോർ∙ നിർണായക മൽസരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ പഞ്ചാബിനു തൊട്ടതെല്ലാം പിഴച്ചു! ഭാവനാശൂന്യമായ ബാറ്റിങിലൂടെ വിക്കറ്റ് വലിച്ചെറിയാൻ ബാറ്റ്സ്മാൻമാർ മൽസരിച്ചപ്പോൾ പഞ്ചാബിന് പത്തു വിക്കറ്റ് തോൽവി. ആദ്യം ബാറ്റു ചെയ്ത  പഞ്ചാബ് വെറും  88 റൺസിനു പുറത്തായി. മൂന്നു വിക്കറ്റ് നേട്ടത്തോടെ ഉമേഷ് യാദവാണ് പഞ്ചാബിനെ തകർത്തത്. മറുപടി ബാറ്റിങിൽ ബാംഗ്ലൂർ 8.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം കണ്ടു.

ഈ സീസണിലെ ഏറ്റവും കുറഞ്ഞ ടീം സ്കോറിൽ നിന്നു പഞ്ചാബ് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഹൈദരാബാദിനെതിരെ 87 റൺസിനു പുറത്തായ മുംബൈയുടെ പേരിലാണ് നിലവിൽ ഈ ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ സ്കോർ. മൂന്നു സിക്സറുകൾ പായിച്ച് ഓപ്പണർ കെ.എൽ രാഹുലും തുടരെ ബൗണ്ടറികൾ നേടി ക്രിസ് ഗെയ്‌ലും ഓപ്പണിങ് വിക്കറ്റിൽ സെറ്റ് ആയ പ്രതീതി നൽകിയെങ്കിലും അഞ്ചാം ഓവറിൽ ഉമേഷ് യാദവ് കാര്യങ്ങൾ തകിടം മറിച്ചു.

ഉമേഷിന്റെ ഷോട്ട് ലെങ്ത് ബോൾ ഉയർത്തിയടിക്കാൻ ശ്രമിച്ച രാഹുലിനെ (21) ഡീപ് സ്ക്വയറിൽ ഗ്രാൻഡ്ഹോം പിടികൂടി. രണ്ടു പന്തുകൾക്കു ശേഷം ഉമേഷിന്റെ മറ്റൊരു ഷോട്ട് ലെങ്ത് ബോൾ ഉയർത്തിയടിക്കാനുള്ള ഗെയ്‌ലിന്റെ(18) ശ്രമവും ഡീപ് സ്ക്വയറിൽത്തന്നെ അവസാനിച്ചു. ഇത്തവണ ക്യാച്ചെടുത്തത് മുഹമ്മദ് സിറാജ് ആണെന്നുമാത്രം. തൊട്ടടുത്ത ഓവറിൽ കരുൺ നായരെയും(1) സിറാജ് വീഴ്ത്തി. നാലാമതിറങ്ങിയ ആരോൺ ഫിഞ്ച് (26) മാത്രമാണ് പിന്നീടു രണ്ടക്കം കണ്ടത്. ബാറ്റ്സ്മാൻമാർ വഴിക്കുവഴിയായി കൂടാരം കയറിയതോടെ പതിനാറാം ഓവറിൽത്തന്നെ പഞ്ചാബ് ഇന്നിങ്സിനു ഷട്ടർവീണു.

ബാംഗ്ലൂരിനായി ചഹാൽ, ഗ്രാൻഡ് ഹോം, സിറാജ്, മൊയിൻ അലി എന്നിവർ ഓരോ വിക്കറ്റ് നേടിയപ്പോൾ മൂന്നു പേർ റണ്ണൗട്ടായി. മറുപടി ബാറ്റിങിൽ 48 റൺസടുത്ത കോഹ്‌ലിയും 40 റൺസെടുത്ത പാർഥിവ് പട്ടേലും ബാംഗ്ലൂർ ജയം അനായാസമാക്കി.  മികച്ച റൺറേറ്റിൽ മൽസരം ജയിച്ചതോടെ പ്ലേ ഓഫിലെത്താൻ ബാംഗ്ലൂരിനും നേരിയ സാധ്യത തെളിഞ്ഞു.