Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിപ്പടയെ വീഴ്ത്തി ‘സൂര്യനുദിക്കുമോ?; ഇന്നറിയാം, മുംബൈയിൽ

captains മുംബൈയിൽ നടന്ന ച‍ടങ്ങിൽ ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ചെന്നൈ ക്യാപ്റ്റൻ ധോണിയും ഐപിഎൽ ട്രോഫിയുമായി. ചിത്രം: വിഷ്ണു വി. നായർ

മുംബൈ ∙ രണ്ടുമാസം നീണ്ട ഐപിഎൽ പൂരത്തിന് ഇന്നു കലാശക്കൊട്ട്. ധോണിക്കു കീഴിൽ മൂന്നാം കിരീടം ലക്ഷ്യമിട്ടു മഞ്ഞപ്പടയും രണ്ടാം കിരീടത്തിനു സൺറൈസേഴ്സും ഇറങ്ങുമ്പോൾ ഭാഗ്യം ആർക്കൊപ്പമാകും? ക്യാപ്റ്റൻസിയിലെ ‘കൂൾനെസ്സ്’ കൊണ്ട് വില്യംസണും ഇതിനോടകം പേരെടുത്തുകഴിഞ്ഞു.

ടീം സ്പിരിറ്റിൽ ചെന്നൈയ്ക്കാണു മേൽക്കൈയെങ്കിലും വ്യക്തിഗത മികവിൽ ഹൈദരാബാദാകും മുന്നിൽ. ഐപിഎൽ ഫൈനൽ ക്വാളിഫയർ ഒന്നിന്റെതന്നെ തനിയാവർത്തനമാകുമ്പോൾ ചെന്നൈയ്ക്കെതിരെ അവസാനനിമിഷം മൽസരം നഷ്ടമാക്കിയതിന്റെ കണക്കുതീർക്കാനാകും ഹൈദരാബാദ് ഇറങ്ങുക. അത്യാവശ്യഘട്ടത്തിൽ ഡുപ്ലെസി നീട്ടിയ ഓക്സിജന്റെ ത്രില്ലിലാണു ചെന്നൈ ഇപ്പോഴും.

തിരിച്ചു വന്ന് ഹൈദരാബാദ്

അവിശ്വസനീയമായ രീതിയിൽ തുടർജയങ്ങളോടെ പ്ലേ ഓഫ് ഉറപ്പിച്ചു. പിന്നീട് അവിശ്വസനീയമാം വിധമുള്ള തുടർപരാജയങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരങ്ങളിൽ ചെന്നൈ, കൊൽക്കത്ത, ബാംഗ്ലൂർ എന്നിവരോടും ഒന്നാം ക്വാളിഫയറിൽ ചെന്നൈയോടും തോറ്റു. കഴിഞ്ഞ അഞ്ചു കളികളിൽ ജയിക്കാനായത് ഒന്നിൽ മാത്രം – കൊൽക്കത്തയ്ക്കെതിരെ രണ്ടാം പ്ലേ ഓഫിൽ. വൈകിയെത്തിയ ജയം ട്രാക്കിലേക്കു തിരിച്ചെത്തിച്ചു എന്ന പ്രതീക്ഷയോടെയാണു ഹൈദരാബാദ് ഇന്നിറങ്ങുക.

ശക്തി

സീസണിലെ ഏറ്റവും കിടയറ്റ ബോളിങ് നിരയാണു ഹൈദരാബാദിന്റെ കരുത്ത്. ഭുവനേശ്വറും സിദ്ധാർഥ് കൗളും മികച്ച രീതിയിലാണു പന്തെറിയുന്നത്. കൊൽക്കത്തയ്ക്കെതിരെ കഴിഞ്ഞ മൽസരത്തിൽ നിരാശപ്പെടുത്തിയ ഇടംകയ്യൻ പേസർ ഖലീൽ അഹമ്മദിനു പകരം സന്ദീപ് ശർമ ടീമിലേക്കു മടങ്ങിയെത്തിയേക്കും. ഷാക്കിബും റാഷിദും സമ്മാനിക്കുന്ന സ്പിൻ വൈവിധ്യവും ഹൈദരാബാദിനു തുണയാകും. 21 വിക്കറ്റ് വീഴ്ത്തിയ സിദ്ധാർഥ് കൗൾ വിക്കറ്റ് വേട്ടക്കാരിൽ ആദ്യ അ​​ഞ്ചിലുണ്ട്. 

(മൽസരം വിക്കറ്റ് ബോളിങ് ശരാശരി ഇക്കണോമി) 

സിദ്ധാർഥ്: 16, 21, 3/23, 24.00, 8.00

ഷാക്കിബ്: 16, 14, 2/18, 31.50, 7.87

സന്ദീപ് ശർമ: 11, 11, 2/17, 25.54, 7.02

ഭുവനേശ്വർ: 11, 9, 3/26, 37.44, 7.99

ദൗർബല്യം

ബാറ്റിങ്‌നിരയിൽ നായകൻ കെയ്ൻ വില്യംസണും ശിഖർ ധവാനുമല്ലാതെ മറ്റാർക്കും കാര്യമായി റൺ കണ്ടെത്താനായിട്ടില്ല. വില്യംസണാകട്ടെ കഴിഞ്ഞ രണ്ടു കളികളിൽ പെട്ടെന്നു പുറത്താകുകയും ചെയ്തു. മധ്യനിര ബാറ്റ്സ്മാൻമാർ വിക്കറ്റു വലിച്ചെറിയാൻ മൽസരിക്കുകയാണ്. ഫോം ഔട്ടായ യൂസഫ് പഠാനും വ‍‍ൃധിമാൻ സാഹയും നിലവിൽ ടീമിനു ബാധ്യതയാണ്.

ബോണസ്

മികച്ച ഫോമിലുള്ള  റാഷിദ് ഖാനാണ് ഹൈദരാബാദിന്റെ പ്ലസ്. ക്വാളിഫയറിൽ നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റ്, പത്തു പന്തിൽ 35*, എന്നിവയ്ക്കു പുറമേ രണ്ടു ക്യാച്ചുകളും ഒരു റണ്ണൗട്ടുമാണു റാഷിദ് സ്വന്തം പേരിൽ കുറിച്ചത്.

∙ വില്യംസൺ (ഹൈദരാബാദ് ക്യാപ്റ്റൻ) : ടീം എന്ന നിലയിൽ ഞങ്ങൾ അവസാന പന്തുവരെ പൊരുതും. ചെന്നൈയ്ക്കെതിരെ ആദ്യ ക്വാളിഫയറിൽ പൊരുതിത്തോറ്റപ്പോഴും കൊൽക്കത്തയ്ക്കെതിരെ പിന്നീട് പൊരുതി ജയിച്ചപ്പോഴും ഞങ്ങൾ ആ ഗുണം കാണിച്ചു. റാഷിദിന്റേതു പോലുള്ള  മനോഭാവമാണ് മറ്റു ടീം അംഗങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നത്.

ജയിച്ചു കയറി ചെന്നൈ

നിർണായക മൽസരങ്ങൾ ജയിച്ചുകയറിയാണു ചെന്നൈ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. ധോണിക്കു പിന്നിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്തവിധം ഒത്തിണക്കത്തോടെയാണു ചെന്നൈ ഇത്തവണ കളത്തിലിറങ്ങിയത്. മാച്ച് വിന്നർമാരുടെ സമ്മേളനമാണു ചെന്നൈ ടീമിൽ. ഓപ്പണിങ്ങിൽ അമ്പാട്ടി റായുഡു മുതൽ അവസാനം ഇറങ്ങുന്ന ഷാർദൂൽ ഠാക്കൂർ വരെ അപകടകാരികൾ. കലാശക്കളിക്കിറങ്ങുമ്പോൾ ധോണിപ്പടയുടെ മനസ്സിലുണ്ടാകുക ജയം മാത്രം.

ശക്തി

ടീമിലെ ബാറ്റിങ് നിരയുടെ ഉജ്വല ഫോമാണു ചെന്നൈയുടെ കരുത്ത്. ഏഴാം നമ്പറിൽ ബ്രാവോയും എട്ടാം നമ്പറിൽ ഹർഭജനും ഇറങ്ങുന്ന ചെന്നൈ ബാറ്റിങ് നിരയുടെ മുനയൊടിക്കുന്നത് എളുപ്പമല്ല. യുവ താരങ്ങളായ ഷാർദൂൽ ഠാകൂറും ദീപക് ചഹാറും പന്തിൽ മികച്ച സ്വിങ് കണ്ടെത്തുന്നതും ചെന്നൈയ്ക്കു ഗുണം ചെയ്യും.

(മൽസരം റൺസ് ഉയർന്ന സ്കോർ സ്ട്രൈക്ക് റേറ്റ്)

റായുഡു: 15, 586, 100*, 153.00

ധോണി: 15, 455, 79*, 150.66

വാട്സൺ: 14, 438, 106, 145.03

റെയ്ന: 14, 413, 75, 132.37

ദൗർബല്യം

ഡെത്ത് ബോളിങ്ങിലെ പോരായ്മയാണു ചെന്നൈയുടെ പ്രധാന ദൗർബല്യം. ഹൈദരാബാദിനെതിരായ ഒന്നാം പ്ലേ ഓഫിലെ അവസാന ഓവറിൽ ഷാർദൂൽ വിട്ടുനൽകിയത് 20 റൺസാണ്. ഡ്വെയ്ൻ ബ്രാവോയും പഴയ ഫോമിലല്ല. മിക്ക കളികളും കളിക്കാനായെങ്കിലും ഹർഭജൻ സിങ്ങിനു നേടാനായത് ഏഴു വിക്കറ്റുകൾ മാത്രം.

ബോണസ്

സാം ബില്ലിങ്സിനു പകരം ടീമിൽ മടങ്ങിയെത്തിയ ഫാഫ് ഡുപ്ലെസി ഫോമിലേക്കുയർന്നതാണു ചെന്നൈയുടെ ബോണസ്. ഒന്നാം ക്വാളിഫയറിൽ ചെന്നൈയെ വിജയത്തിലെത്തിച്ചത് 67 റൺസോടെ പുറത്താകാതെനിന്ന ഡുപ്ലെസിയുടെ കിടിലൻ ഇന്നിങ്സാണ്. ഫൈനലിലും വൺ ഡൗൺ പൊസിഷനിൽ ഡുപ്ലെഡിയാകും ഇറങ്ങുക. 

അഞ്ചു കളികളിൽ മാത്രം ഇറങ്ങിയ ഡുപ്ലെസി ഇതുവരെ നേടിയത് 152 രൺസ്. സ്ട്രൈക്ക് റേറ്റ് 128.81. നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞ ഡുപ്ലെസിയെ വീഴ്ത്താൻ ഹൈദരാബാദ് ബോളിങ് നിര എന്തു തന്ത്രം പ്രയോഗിക്കുമെന്നു കാണാം.

∙ എം.എസ്. ധോണി (ചെന്നൈ ക്യാപ്റ്റൻ) : ഞങ്ങളുടെ പക്കലുള്ള ബോളർമാരിൽ ഏറ്റവും മികച്ചവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പല കളികളിലും കളിക്കാരെ മാറ്റി പരീക്ഷിച്ചത് ഏറ്റവും മികച്ച ടീമിനെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ്. ചില തീരുമാനങ്ങൾ ചിലപ്പോൾ പാളിപ്പോകും. എങ്കിലും ഇപ്പോൾ ടീമിലുള്ളത് ഏറ്റവും മികച്ച ബോളർമാർതന്നെ