Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശകർക്കും ആരാധകർക്കും മുന്നിൽ, സൂപ്പർ കിങ് ധോണി!

എ.ഹരിപ്രസാദ്
Dhoni-Captain ടീമംഗങ്ങളുമൊത്ത് ഫീൽഡിലേക്കു വരുന്ന ധോണി. (ട്വിറ്റർ ചിത്രം)

വിലക്കിന്റെ വിലങ്ങിട്ടാലും വില ഇടിയില്ലെന്നു ചെന്നൈ സൂപ്പർ കിങ്സ് തെളിയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം കിരീടവും ഏറ്റുവാങ്ങി ചെന്നൈയുടെ ആരവം വീണ്ടും ഉയരുമ്പോൾ ആരാധകരുടെ കയ്യടികൾ ചെന്നെത്തുന്നത് ഒരൊറ്റ താരത്തിലേയ്ക്കാകും. ടീമിന്റെ റൺവേട്ടക്കാരനായി അവതരിച്ച അംബാട്ടി റായുഡുവിനോ കലാശപ്പോരാട്ടത്തെ ഒറ്റയാൻ സംഭവമാക്കിയ ഷെയ്ൺ വാട്സനോ ഉള്ളതല്ല ആ കയ്യടികൾ. അതു സൂപ്പർ കിങ്സിനെ മുന്നിൽ നിന്നു നയിച്ച നായകൻ മഹേന്ദ്ര സിങ് ധോണിക്കുള്ളതാണ്.

അത്ര കരുത്തില്ലെന്നു തോന്നിച്ചൊരു ടീമിനെ ജേതാക്കളാക്കിയതിന്, യുവതാരങ്ങളിൽ പ്രതീക്ഷ നിറച്ചതിന്, കാലം കഴിഞ്ഞെന്നു തോന്നിച്ച ബാറ്റിൽ ഊർജം തിരിച്ചെത്തിച്ചതിന്.... വിജയത്തിന്റെ വിസിൽ മുഴക്കിയതിന്റെ ക്രെഡിറ്റ് മുഴുവൻ ധോണിയിലേയ്ക്കാണെത്തുന്നത്. 

ക്യാപ്റ്റൻ ബിസി !

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ സീസണിൽ അത്ര കരുത്തരൊന്നുമല്ലാത്ത സംഘവുമായാണു ചെന്നൈ തിരിച്ചെത്തിയത്. ആശിച്ച പോലൊരു സ്ക്വാഡിനെ സ്വന്തമാക്കാൻ കഴിയാത്തതിന്റെ നിരാശ താരലേലം കഴിഞ്ഞിറങ്ങിയ ഫ്ലെമിങ്ങിന്റെ മുഖത്തു തന്നെ തെളിഞ്ഞിരുന്നു. ബോളർമാരുടെ വാങ്ങലിലാണു ടീമിനു പിഴച്ചത്. ഉഗ്രപ്രതാപമുള്ള സ്പിൻ‌ നിരയും ബാറ്റിങ് നിരയെ വെല്ലുവിളിക്കുന്ന പേസർമാരുമുള്ള സംഘമെന്ന ലേബൽ കയ്യൊഴിഞ്ഞാണ്  ഈ വരവെന്നു വിദഗ്ധരും വിലയിരുത്തി. പക്ഷേ, കളത്തിലിറങ്ങിയതോടെ സൂപ്പർ കിങ്സ് പഴയ സൂപ്പർ കിങ്സ് ആയി മാറി.

ക്രിക്കറ്റ് ലോകം കൈകൂപ്പിയ നായകമികവ് ഒരിക്കൽ കൂടി ആ വിക്കറ്റിനു പിന്നിൽ പുനർജനിച്ചു. ടീമിന്റെ ദൗർബല്യമെന്നു വിശേഷിപ്പിക്കപ്പെട്ട  ബോളിങ് നിരയുടെ ഒരു പഴുതുകളും വെളിവാക്കാതെയാണു ധോണി ടീമിനെ മുന്നോട്ടുനയിച്ചത്. ഓരോ മൽസരം കഴിയുന്തോറും പേസ് യൂണിറ്റിനു മൂർച്ചയേറിവന്നു. ഒടുവിൽ ലീഗിനു തിരശീല വീഴുമ്പോൾ ചെന്നൈയുടെ ദീപക് ചഹാറും ശാർദൂൽ താക്കൂറും ടീം ഇന്ത്യയിലേയ്ക്കുള്ള യാത്രയിലും കൂടിയാണ്. സ്പിൻ വിഭാഗത്തിൽ ഹർഭജനെയും താഹിറിനെയും കാൺ ശർമയെയും മാറിമാറി വിനിയോഗിച്ച ധോണിയുടെ മിടുക്കിൽ അശ്വിന്റെ അഭാവം മാത്രമല്ല ജഡേജയുടെ നിറംമങ്ങൽ കൂടി ടീം മറന്നുപോയി. 

ക്യാപ്റ്റൻ’സ് ഓർഡർ!

ഫീൽഡിലെ തിളക്കങ്ങൾ മാത്രമല്ല, ബാറ്റിങ് ഓർഡറിലെ പരീക്ഷണങ്ങളും ക്യാപ്റ്റൻ ധോണിയുടെ മാസ്റ്റർ പീസുകളായി. അമ്പാട്ടി റായുഡുവെന്ന ഉശിരൻ സ്ട്രോക്ക് മേക്കറെ ഓപ്പണിങ് സ്ഥാനത്തേയ്ക്കു നിയോഗിച്ച ധോണിയുടെ നീക്കം ടീമിന്റെ ജാതകം തന്നെ തിരുത്തിയെഴുതിയ ഒന്നാണ്. പേസും സ്പിന്നും നന്നായി കളിക്കാൻ പോന്നൊരാൾ എന്ന നിലയ്ക്കാണു റായുഡുവിനു സ്ഥാനക്കയറ്റം നൽകിയതെന്നു ധോണി വ്യക്തമാക്കുകയും ചെയ്തു.

ഓപ്പണർ സ്ലോട്ടിൽ നിന്ന് ഏറെക്കുറെ മാഞ്ഞുകഴിഞ്ഞ പേരാണു ഷെയ്ൺ വാട്സന്റേത്. ഹെയ്ഡനും ഹസ്സിയും മക്കല്ലവുമെല്ലാം കസറിയിട്ടുള്ള  ചെന്നൈയുടെ ഇന്നിങ്സിനു തുടക്കമിടാൻ ഇക്കുറി വാട്സനെയാണു ക്യാപ്റ്റൻ തിരഞ്ഞെടുത്തത്. ആത്മവിശ്വാസം വീണ്ടെടുത്ത വാട്സൺ ഫൈനലിൽ അടക്കം രണ്ടു ശതകങ്ങൾ തീർത്ത് ആ വിശ്വാസം കാത്തു.  

ബാറ്റിങ് ക്യാപ്റ്റൻ

വിക്കറ്റിനു മുന്നിൽ എം.എസ്. ധോണിയെന്ന ബാറ്റ്സ്മാൻ ഇതുപോലെ സാന്നിധ്യമറിയിച്ചൊരു ഐപിഎൽ ഇതിനു മുൻപുണ്ടായിട്ടില്ല. ഫിനിഷർ എന്ന നിലയിൽ ആളിക്കത്തിയ പഴയ ധോണിക്കു പകരം ഇന്നിങ്സ് കരുപ്പിടിപ്പിക്കുന്ന  റോളിലേയ്ക്കുള്ള  മെയ്ക്ക് ഓവർ കൂടിയായി ധോണിക്ക് ഈ സീസൺ. മധ്യനിരയിലേയ്ക്കായി കരുതിയ കേദാർ ജാദവ് പരുക്കേറ്റു മടങ്ങിയതിനു പിന്നാലെ ധോണി ചോദിച്ചുവാങ്ങിയതാണ് ഈ സ്ഥാനക്കയറ്റം.

ബാറ്റ്സ്മാൻ എന്ന നിലയിൽ ജാർഖണ്ഡ് താരത്തിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന നാളുകളിൽ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം തന്നെ ആ ബാറ്റിൽ നിന്നു പിറന്നു. പതിനാറു മൽസരങ്ങളിൽ നിന്നായി 455 റൺസ് വാരിക്കൂട്ടിയ പ്രകടനം ഐപിഎല്ലിൽ ധോണിയുടെ ഏറ്റവും മികച്ച സ്റ്റാറ്റ്സ് കൂടിയാണ്. കരിയറിലെ ഉയർന്ന സ്കോറും ഈ സീസണിൽ പിറന്നു. ഇടക്കാലത്ത് ആ വില്ലോയിൽ നിന്ന് അപ്രത്യക്ഷമായ ‘കില്ലിങ് ഇൻസ്റ്റിന്റും’ മുപ്പതു പടുകൂറ്റൻ സിക്സറുകൾ അലങ്കരിച്ച ഈ ഐപിഎല്ലോടെ തിരികെയെത്തിക്കഴിഞ്ഞു.