ഗോദയിൽ കണ്ടത് (പത്താം ഐപിഎലില്‍ ഓർക്കാൻ)

∙ ജോൺസന്റെ സുവിശേഷങ്ങൾ

മിച്ചൽ ജോൺസനെറിഞ്ഞ അവസാനത്തെ ഓവറാകും അടുത്ത ഐപിഎൽവരെ ചർച്ച ചെയ്യപ്പെടുന്ന ഒന്ന്. അവസാന ഓവറിൽ പുണെ വിജയത്തിന് 11 റൺസകലെനിൽക്കെയാണ് മുംബൈ താരം ജോൺസൺ പന്തെറിയാനെത്തിയത്.

ക്രീസിൽ മനോജ് തിവാരിയും അർധസെഞ്ചുറി പൂർത്തിയാക്കിയ സ്റ്റീവ് സ്മിത്തും. ആദ്യ പന്ത് തിവാരി ഫോറിലേക്കു പറത്തിയതോടെ അഞ്ചു പന്തിൽ ഏഴു റൺസ് ലക്ഷ്യം. അടുത്ത പന്ത് ഉയർത്തിയ തിവാരിയും മൂന്നാംപന്തിൽ സ്മിത്തും പുറത്തായതോടെ മൂന്നു പന്തിൽ ഏഴു റൺസ് ലക്ഷ്യം.

നാലാം പന്തിൽ ഒരു റൺസ്. രണ്ടു പന്തിൽ ആറു റൺസെടുത്താൽ പുണെ ജേതാക്കൾ. അഞ്ചാം പന്തിലും ആറാം പന്തിലും രണ്ടു റൺസ് വീതം. ഒരൊറ്റ റണ്ണിന് മുംബൈക്ക് അവിശ്വസനീയ വിജയം.

∙ ഗ്രേറ്റ് ബെൻ സ്റ്റോക്സ്

കൊടുംവില കൊടുത്തു പുണെ വാങ്ങിയതാണ് ബെൻ സ്റ്റോക്സിനെ. ഈ ഇംഗ്ലണ്ട് താരം അതിന്റെ മുതലും കൂട്ടുപലിശയും കൊടുത്തുതീർത്താണു മടങ്ങിയത്. 12 കളികളിൽനിന്ന് 12 വിക്കറ്റുകളും 316 റൺസും നേടിയ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിലുൾപ്പെട്ടതിനാൽ നേരത്തേ മടങ്ങേണ്ടിവന്നില്ലായിരുന്നെങ്കിൽ ഫൈനലിന്റെ വിധി ചിലപ്പോൾ മാറിയേനെ. 

∙ പേസ് ബോളിങ് അപാരത

കൂടുതൽ വിക്കറ്റുനേട്ടത്തിനുള്ള പർപ്പിൾ ക്യാപ് സ്വന്തമാക്കിയത് ഹൈദരാബാദിന്റെ ഭുവനേശ്വർ കുമാറാണെങ്കിലും ‍പന്തുകൊണ്ട് ഞെട്ടിച്ചത് പുണെയുടെ ജയദേവ് ഉനദ്കട്ടും മുംബൈയുടെ ജസ്പ്രീത് ബുമ്രയും. തുടക്കബോളിങ്ങിൽ ഉനദ്കട്ടും അവസാന ഓവറുകളിൽ ബുമ്രയും പന്തെറിയുന്നതിന്റെ മനോഹാരിത അവർണനീയം.

ബാറ്റ്സ്മാൻമാരെ നിരായുധരാക്കുന്ന പന്തുകളോടെ ഇവർ ഇന്ത്യൻ ബോളിങ്ങിന്റെ ഭാവി തീർത്തും സുഭദ്രമെന്നെഴുതിവച്ചു. 12 കളിയിൽ ഉനദ്കട്ട് 24 വിക്കറ്റെടുത്തപ്പോൾ ബുമ്രയ്ക്ക് 16ൽ 20. 

∙ പ്രതീക്ഷകളുടെ ഏദൻതോട്ടം

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള കണ്ടെത്തലുകളാൽ സമ്പന്നമാണ് പത്താം ഐപിഎൽ. ബാറ്റിങ്ങിൽ നിതീഷ് റാണ, ഋഷഭ് പന്ത്, സഞ്ജു വി. സാംസൺ, രാഹുൽ ത്രിപാഠി, ശ്രേയസ് അയ്യർ, ബോളിങ്ങിൽ മലയാളി താരം ബേസിൽ തമ്പി, വാഷിങ്ടൺ സുന്ദർ, സന്ദീപ് ശർമ, പവൻ നേഗി... ആ നിരയങ്ങനെ നീളുമ്പോൾ ഉറപ്പിക്കാം ടീം ഇന്ത്യ ഇനിയും ലോക ക്രിക്കറ്റിന്റെ ഉയരങ്ങളിൽ വിരാജിക്കുമെന്ന്. 

∙ ബാഹുബലിമാർ

ഫീൽഡിങ്ങിലാണ് വിസ്മയകരമായ മാറ്റങ്ങൾ. വിശേഷിച്ചും ബൗണ്ടറി ലൈൻ ഫീൽഡിങ്ങിൽ. സിക്സെന്നുറപ്പിച്ച് ബാറ്റ്സ്മാൻ ചിരിയോടെ നോക്കുമ്പോൾ വാനിൽനിന്നു പൊട്ടിവീണ് പന്തു പിടിച്ചെടുക്കുന്ന എത്രയെത്ര അവിശ്വസനീയ കാഴ്ചകളാണ് ബാക്കിയാകുന്നത്.

ബെൻ സ്റ്റോക്സും സഞ്ജു സാംസണും അടക്കമുള്ളവർ എടുത്ത ബൗണ്ടറി ലൈൻ ക്യാച്ചുകൾ, ഈ ഐപിഎലിലെ മികച്ച ക്യാച്ചായി മാറിയ സുരേഷ് റെയ്നയുടെ സ്ലിപ്പിലെ ക്യാച്ച്, ഉനദ് കട്ട് എടുത്ത ചില ക്യാച്ചുകൾ... ഇവയുടെ ചാരുത എങ്ങനെ മറക്കും.

∙ രക്ഷാധികാരി ഹാഷിം അംല

ട്വന്റി20ക്കു ചേരുന്ന ബാറ്റ്സ്മാനാണോ ഹാഷിം അംലയെന്ന ദക്ഷിണാഫ്രിക്കക്കാരൻ എന്നു സംശയിച്ചവർക്കുള്ള മറുപടിയായിരുന്നു പഞ്ചാബിനായി അംലയുടെ രണ്ടു സെഞ്ചുറികൾ.

ഇക്കുറി ഐപിഎലിൽ രണ്ടു സെഞ്ചുറികൾ കുറിച്ച ഏക ബാറ്റ്സ്മാൻ. ആകെ പിറന്നത് അഞ്ചു സെഞ്ചുറികൾ. ഡേവിഡ് വാർണറുടെ 124 മികച്ച സ്കോർ. 102 റൺസെടുത്ത ഡൽഹിയുടെ മലയാളി താരം സഞ്ജു സാംസണുമുണ്ട് സെഞ്ചുറി പട്ടികയിൽ.