ഒറ്റ റണ്ണിന് ഒരു ഐപിഎൽ

ഐപിഎൽ കിരീടം നേടിയ മുംബൈ താരങ്ങളുടെ ആഹ്ലാദം.

ഹൈദരാബാദ് ∙ ഐപിഎൽ കിരീടം വീണ്ടും ഇന്ത്യൻ ക്രിക്കറ്റിന്റെ രാജ തലസ്ഥാനത്തേക്കു തന്നെ. മൂന്നാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് കൂടുതൽ കിരീടനേട്ടങ്ങളുടെ റെക്കോർഡുമിട്ടു.

ഹൈദരാബാദിൽ നടന്ന ഫൈനലിൽ ഐപിഎലിന്റെ അപ്രവചനീയതയ്ക്കു ചേർന്ന ഫൈനലിലൊടുവിലാണ് മുംബൈയുടെ കിരീടധാരണം. ചെറിയ സ്കോർ പിറന്ന ഫൈനലിൽ പോരാട്ടവീര്യത്തോടെ കളിച്ച മുംബൈ അയൽക്കാരായ പുണെയ്ക്കെതിരെ സ്വന്തമാക്കിയത് ഒരു റണ്ണിന്റെ വിജയം.  

130 റൺസിന്റെ ലക്ഷ്യത്തിലേക്ക് പുണെയുടെ കുതിപ്പ് അനായമായിരുന്നില്ല. രാഹുൽ ത്രിപാഠിയെ (മൂന്ന്) പെട്ടെന്നു നഷ്ടമായെങ്കിലും അജിങ്ക്യ രഹാനെയും (44) ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും (51) ചേർന്ന് സ്കോർ മുന്നോട്ടു കൊണ്ടു പോയി. പന്ത്രണ്ടാം ഓവറിൽ ഒന്നിന് 71 എന്ന നിലയിൽ സുരക്ഷിതമായ നിലയിലായിരുന്നു പുണെ.

എന്നാൽ റൺറേറ്റിന്റെ സമ്മർദ്ദത്തിന് അടിപ്പെട്ടതോടെ അവർ പതറി. 17–ാം ഓവറിൽ ധോണി പുറത്താകുമ്പോഴും പുണെ നൂറ് തികച്ചിരുന്നില്ല. പക്ഷേ, സ്മിത്ത് ക്രീസിലുള്ളതിനാൽ അപ്പോഴും പുണെയ്ക്കു തന്നെയായിരുന്നു സാധ്യത കൂടുതൽ. എന്നാൽ ആവേശത്തോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ കളി തിരിച്ചു. മിച്ചൽ ജോൺസന്റെ അവസാന ഓവറിൽ സമ്മർദ്ദത്തിനടിപ്പെട്ട് സ്മിത്തും പുറത്തായതോടെ പുണെ വീണു.

നാലു റൺസ് വേണ്ട അവസാന പന്തിൽ നേടാനായത് രണ്ടു റൺസ് മാത്രം. പണത്തിന്റെ കളിയായ ഐപിഎലിൽ ഒരു റണ്ണിന്റെ കുറവ് പുണെ അങ്ങനെ ശരിക്കുമറിഞ്ഞു. ഒറ്റ റണ്ണിനു തോറ്റ അവർക്ക് സമ്മാനത്തുക ഇനത്തിൽ നഷ്ടമായത് അഞ്ചു കോടി രൂപ!