വിനീത്, വിജയപ്പറവ

ഇതു പറക്കും വിനീത്... ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നോർത്ത് ഈസ്റ്റിനെതിരെ സൂപ്പർ ഡൈവിങ്ങിലൂടെ ബ്ലാസ്റ്റേഴ്സ് താരം സി.കെ. വിനീത് ഗോൾ നേടുന്നു. ചിത്രം: ഇ.വി. ശ്രീകുമാർ.

കൊച്ചി ∙ ഒടുവിൽ വിജയം പറന്നു വന്നു. മലയാള മണ്ണിൽ മലയാളി താരങ്ങളായ  റിനോ ആന്റോയും സി.കെ. വിനീതുംകൂടി നേടിയ ഗോളിൽ. നാലു സീസൺ കേരളത്തെ രണ്ടാം വീടായി സ്വീകരിച്ച സന്ദേശ് ജിങ്കാന്റെ  പാസിൽനിന്നായിരുന്നു  ഗോളിന്റെ വഴി തെളിഞ്ഞത് എന്നുകൂടിപ്പറഞ്ഞാൽ  ‘മെയ്ഡ് ഇൻ ഇന്ത്യ’ ഗോൾ. 24–ാം മിനിറ്റിലായിരുന്നു വിനീതിന്റെ പറക്കും ഗോൾ. ഐഎസ്എൽ നാലാം  സീസണിലെ  ആദ്യജയത്തോടെ  കേരള ബ്ലാസ്റ്റേഴ്സിന്  അഞ്ചു കളിയിൽ ആറു പോയിന്റായി. പട്ടികയിൽ ഏഴാം സ്ഥാനത്തേക്കു കയറി. അടുത്ത മൽസരം 22നു  ചെന്നൈയിൻ എഫ്സിക്കെതിരെ, അവരുടെ  തട്ടകത്തിൽ. 

∙ ഉണർന്നു, കളിച്ചു

വെസ് ബ്രൗൺ എന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പരുക്കിൽനിന്നു മോചിതനായി ഐഎസ്എൽ  അരങ്ങേറ്റം കുറിച്ചപ്പോൾ  കളി മാറി. പലപ്പോഴും  പ്ലേമേക്കർ ബ്രൗൺ ആയിരുന്നു. റിനോ ആന്റോയും വിനീതും ജാക്കിചന്ദ് സിങ്ങും  ഫോമിലായപ്പോൾ  ബ്ലാസ്റ്റേഴ്സിന്റെ  കളി മാറി. ആക്രമണത്തിലും  പ്രതിരോധത്തിലും  റിനോ മികച്ച ഫോമിലായി.  ക്യാപ്റ്റൻ ജിങ്കാനും  ഇന്നലെ ആക്രമണത്തിനിറങ്ങി. 

∙ നാടകീയം, റഫറിയിങ് 

റഫറിയുടെ പിടിപ്പുകേടും  നോർത്ത് ഈസ്റ്റിന്റെ മലയാളി ഗോൾ കീപ്പർ ടി.പി. രഹനേഷിന്റെ  ചുവപ്പുകാർഡ് കണ്ടു പുറത്തുപോകലും കളിക്കാർ തമ്മിലുള്ള കയ്യാങ്കളിയുമെല്ലാമായി സംഭവബഹുലമായിരുന്നു  കളി. 

10 പേരുമായി ചുരുങ്ങിയിട്ടും നോർത്ത് ഈസ്റ്റ് പുറത്തെടുത്ത പോരാട്ടവീര്യം  ബ്ലാസ്റ്റേഴ്സ് നിരയെ പലപ്പോഴും  പിടിച്ചുലച്ചു, ഗ്യാലറികളിൽ  അപായമണി  മുഴക്കി.

∙ ഒരൊറ്റഗോൾ, ആദ്യ ജയം

വലതു പാർശ്വവരയ്ക്കു  സമാന്തരമായി  ജിങ്കാൻ പന്ത് വായുവിലൂടെ പറത്തി, എതിർ കോട്ടയിലേക്ക്. ആ പന്തിലേക്കു റിനോ കുതിച്ചെത്തുന്നതു  മനോഹരമായ  കാഴ്ചയായിരുന്നു.  സ്പ്രിന്ററെപ്പോലെ  പറന്നെത്തിയ റിനോ പന്തു കാലിലെടുത്ത്  ബോക്സിനു നടുവിലേക്കുവിട്ടു. സുന്ദരമായ ക്രോസ്. അവിടെ രണ്ടു പ്രതിരോധക്കാരുടെ  കോട്ടവാതിൽ  പൊളിച്ച്, തുമ്പിയെപ്പോലെ പറന്ന് സർപ്പത്തെപ്പോലെ  കൊത്തി വിനീത്. വായുവിൽ ഏതാനും സെക്കൻഡ് കളിപ്രതലത്തിനു  സമാന്തരമായി  പറന്നുനിന്നായിരുന്നു  ആ കിടിലൻ ഹെഡർ (1–0). വിജയാഹ്ലാദത്തിൽ 13–ാം നമ്പർ വിനീതും 31–ാം നമ്പർ റിനോയും പരസ്പരം കെട്ടിപ്പുണർന്നു. ഗാലറി ആരവങ്ങളിലമർന്നു. 

∙ ചുവപ്പുകാർഡ്, എന്തിന്? 

ബ്ലാസ്റ്റേഴ്സിനു  പ്രത്യക്ഷത്തിൽ നേട്ടമുണ്ടാക്കാത്ത, എന്നാൽ നോർത്ത് ഈസ്റ്റിനു കോട്ടമുണ്ടാക്കിയ  സംഭവം അരങ്ങേറിയത് 42–ാം മിനിറ്റിൽ.  ബോക്സിനു തൊട്ടുപുറത്തു പന്തുമായെത്തിയ സിഫ്നിയോസിനെ  ഗോളി രഹനേഷ് വീഴ്ത്തി. വീണയുടൻ പിടഞ്ഞെണീറ്റ സിഫ്നി പന്തുകാലിലെടുത്തു  നിറയൊഴിക്കാൻ ഒരുങ്ങുമ്പോഴേക്കു  റഫറി റൊവാൻ അറുമുഖം ഫൗൾ വിധിച്ചു വിസിൽ മുഴക്കിയിരുന്നു. ഫൗളിന് ഇരയായ കളിക്കാരൻ അഡ്വാന്റേജ് സ്ഥാനത്താണെങ്കിൽ  കളി തുടരാമെന്ന റഫറീയിങ്ങിലെ ബാലപാഠം  ആ നിമിഷം റൊവാൻ മറന്നുപോയോ? രഹനേഷിനെ  ചുവപ്പുകാർഡ് കാണിച്ചു തിരിച്ചയക്കുന്നതിന്റെ  തിരക്കിലായിരുന്നു  റഫറി. തുടർന്നു ബോക്സിന്റെ വക്കിൽ കിട്ടിയ ഫ്രീകിക്ക് കേരളത്തിനു  ഗുണം ചെയ്തതുമില്ല. 

∙ ആക്‌ഷൻ, ത്രില്ലർ 

പത്തുപേരിലേക്ക് ഒതുങ്ങിയ എതിരാളികളെ  കീറിമുറിക്കുന്ന നീക്കങ്ങൾ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിൽനിന്നുണ്ടായി. ലാൽറുവാത്താരയുടെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. തൊട്ടടുത്ത നിമിഷം റിനോയുടെ  ആക്രമണം കോർണർ വഴങ്ങി എതിരാളികൾ  നിഷ്ഫലമാക്കി. ജാക്കിയുടെ നിലംപറ്റെയുള്ള ശ്രമം പകരക്കാരൻ ഗോളി രവികുമാർ വീണു പിടിച്ചു. ഗോളടിക്കുന്നതൊഴികെയെല്ലാം  ബ്ലാസ്റ്റേഴ്സ് ചെയ്തു. മറുവശത്ത് വീറോടെ ചില പ്രത്യാക്രമണങ്ങൾക്കു പലവട്ടം നോർത്ത് ഈസ്റ്റ് ശ്രമിച്ചുകൊണ്ടിരുന്നു.  റിനോയും  ജിങ്കാനും  പെസിച്ചും  ബ്രൗണും  ചേർന്ന്  ഓരോന്നും വിഫലമാക്കിക്കൊണ്ടിരുന്നു. 

∙ കളി മാറി, കയ്യാങ്കളി 

മധ്യനിരയിൽ ആധിപത്യം നഷ്ടമായതും സമനില ഗോളിനായുള്ള പ്രത്യാക്രമണശ്രമങ്ങൾ പച്ചപിടിക്കാത്തതും  നോർത്ത്  ഈസ്റ്റ് കളിക്കാരുടെ മാനസികനില തെറ്റിച്ചു. കളി അവസാനത്തെ 10 മിനിറ്റിലേക്കു നീങ്ങവെ അതു കയ്യാങ്കളിയുടെ രൂപത്തിൽ പ്രകടമാവുകയും ചെയ്തു.

 മൈതാനമധ്യത്തു പന്തു കാലിൽക്കുരുക്കിയ പെക്കുസനെ  മാർട്ടിൻ ഡാമിയൻ ഡയസ് മെരുക്കാൻ ശ്രമിച്ചു. പെക്കുസൻ വിട്ടില്ല. പെക്കുസന്റെ കാലിൽ ബൂട്ടുകൊണ്ടു പ്രഹരിച്ചു എതിരാളി. 

റഫറി ഓടിയെത്തും മുൻപ് ഉന്തുംതള്ളുമായി. പിന്നെ, റഫറിയുടെ പിടിപ്പുകേട് വീണ്ടും പ്രകടമായ നിമിഷങ്ങൾ.