ഇന്ന് ബ്ലാസ്റ്റേഴ്സ്–പുണെ സിറ്റി എഫ്സി ; കോച്ച് മാറി, കളിയും മാറട്ടെ !

ഐഎസ്എല്ലിൽ എഫ്സി പുണെ സിറ്റിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് സംഘം കൊച്ചി പനമ്പിളളിനഗർ മൈതാനത്ത് പരിശീലനത്തിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

കൊച്ചി∙ ജീവശ്വാസംതേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു വീണ്ടും കളിക്കളത്തിൽ. നഷ്ടക്കണക്കുകളിൽനിന്നു കരകയറാനുള്ള ശ്രമത്തിൽ റെനി മ്യൂലൻസ്റ്റീൻ ഇല്ല. അതു നല്ലതെന്ന് ആരാധകരിൽ പലരും പറയുന്നു. പക്ഷേ ഡിഫൻഡർ ലാസിച് പെസിച്ചും സ്ട്രൈക്കർ സി.കെ.വിനീതും ഇല്ലാത്തതു നഷ്ടം തന്നെ. എഫ്സി പുണെ സിറ്റിക്കെതിരായ കളി ഇന്നു രാത്രി എട്ടിനു കലൂർ സ്റ്റേഡിയത്തിൽ. 

∙ തന്ത്രങ്ങൾ തുടരും

മ്യൂലൻസ്റ്റീൻ പോയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ ഇന്നു മിക്കവാറും അദ്ദേഹത്തിന്റേതിനു സമാനമാവും. മുൻമൽസരങ്ങളിൽ കണ്ട മഞ്ഞക്കാർഡുകൾ മൂലം പുറത്തിരിക്കേണ്ടിവരുന്ന നെമാന്യ ലാസിച് പെസിച്ചിനു പകരം പ്രതിരോധത്തിന്റെ പൂട്ടുതീർക്കാൻ സന്ദേശ് ജിങ്കാനൊപ്പം വെസ് ബ്രൗൺ അണിനിരക്കും. മധ്യനിരയിലേക്കു ബെർബറ്റോവ് തിരിച്ചെത്തുമെന്നാണു സൂചനകൾ. മുൻനിരയിൽ മാർക്ക് സിഫ്നിയോസ് തന്നെയാവും കുന്തമുന. 

∙ സെറ്റ് പീസുകൾ

പുണെ സിറ്റിയുടെ അൽഫാരോയും മാർസെലീഞ്ഞോയും സെറ്റ് പീസുകളുടെ ആശാൻമാരാണ്. മാർസെലീഞ്ഞോ മാരകമായ ഫ്രീകിക്കുകളും ഉതിർക്കും. ഇവയെ ബ്ലാസ്റ്റേഴ്സ് എങ്ങനെ നേരിടുമെന്നത് ഇന്നു നിർണായകമാകും.