ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അവസാന ഹോം മാച്ച്; ജയിക്കണം, മുന്നേറണം

കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ. ചിത്രം: ഐഎസ്എൽ

കൊച്ചി ∙ ബെർബറ്റോവിനെക്കുറിച്ചു രണ്ടഭിപ്രായമാണ് ആരാധകർക്ക്. പാസുകൾ കിറുകൃത്യം, കൂട്ടുകാർക്ക് അതു മുതലാക്കാനാവുന്നില്ല. വ്യത്യസ്തമാണു രണ്ടാമത്തെ പറച്ചിൽ. ഈ ബെർബയ്ക്കു ഹ്യൂം കളിക്കുന്നതുപോലെ പറന്നു കളിച്ചൂടേ? നടന്നു കളിക്കുന്നതുകൊണ്ട് എന്തു ഗുണം? കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ ഡേവിഡ് ജയിംസ് പറയുന്നതു വിശ്വസിക്കാമെങ്കിൽ ഇന്നു രണ്ടഭിപ്രായത്തിനുമപ്പുറം മറ്റൊരു ബെർബയെ കാണാം. എതിർബോക്സിൽ ഗോൾ മണത്തു നീങ്ങുന്ന ബെർബറ്റോവ് എന്ന സ്ട്രൈക്കറെ.

∙ വേണം വിജയം, മൂന്നു പോയിന്റ്

ബെർബ കളിച്ചാലും ഇല്ലെങ്കിലും, ഗോളടിച്ചാലും ഇല്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ചെന്നൈയിൻ എഫ്സിക്കെതിരെ ഇന്നു വേണം വിജയം, മൂന്നു പോയിന്റ്. ബെർബ സ്ട്രൈക്കറുടെ റോളിലേക്കു മാറുകയാണെങ്കിൽ പന്തിട്ടുകൊടുക്കാൻ ആളു വേണം. ബാൾഡ്‌വിൻസൺ കഴിഞ്ഞ കളിയിൽ പന്തു കിട്ടാതെ അലഞ്ഞു നടന്നല്ലോ, ആ ഗതി ബെർബയ്ക്കുണ്ടാവരുത്. പിന്നെ, കോച്ച് ഡേവിഡ് ജയിംസ് സീരിയസ് ആണെന്നു തോന്നുന്നവിധത്തിൽ തമാശ പറയുന്നയാളാണ്. ബെർബ ഇന്ന് എതിർ ബോക്സിൽ കളിക്കണമെന്നില്ല. ഐഎസ്എൽ നാലാം സീസൺ പ്രാഥമിക ലീഗിലെ അവസാന ബ്ലാസ്റ്റേഴ്സ് ഹോംമാച്ചിനു കലൂരിൽ ഇന്ന് എട്ടിനു കിക്കോഫ്.

∙ കോച്ചിനെ വിശ്വസിക്കാമെങ്കിൽ

ഇന്നു ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ ബ്രൗൺ, ജിങ്കാൻ, റിനോ ആന്റോ എന്നിവരോടു ചേരാൻ ലാൽറുവാത്താര എന്ന യുവയോദ്ധാവു തിരിച്ചെത്തും. മധ്യത്തിൽ പുൾഗ, പെക്കുസൻ, അരാത്ത, വിനീത്, ജാക്കിചന്ദ് എന്നിവർ. മുൻനിരയിൽ ബെർബയും ബാൾഡ്‌വിൻസണും. ഈ ലൈനപ്പിൽ അഞ്ചു വിദേശികളുണ്ടെന്നതിനാൽ ഗോളി പോൾ റെച്ചൂക്ക പുറത്തിരിക്കും. അല്ലാത്തപക്ഷം ബെർബയ്ക്കു രണ്ടാം പകുതിയിലേ അവസരം കിട്ടൂ. പെസിച്ചിന് അവസരം നൽകിയാൽ പുൾഗയ്ക്കു പുറത്തിരിക്കേണ്ടിവരും.

∙ അപകടകാരികൾ

മധ്യനിര ജനറൽ റഫായേൽ അഗസ്റ്റോയുടെ നേതൃത്വത്തിലാവും ചെന്നൈയുടെ ആക്രമണങ്ങൾ. മിഹെലിച്ചും ആക്രമണകാരിയാണ്. മിഡ്ഫീൽഡർ ധൻപാൽ ഗണേഷ് തിരിച്ചെത്തുന്നു. ഗോളടിക്കാൻ ജേജെ ഉണ്ടെങ്കിലും കുറച്ചുനാളായി ഈ സ്ട്രൈക്കറുടെ പീരങ്കിയടിയൊന്നും നേരേചൊവ്വേ ഗർജിക്കുന്നില്ല. 

ഇന്നും അങ്ങനെ പോട്ടെ എന്നാണു ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രാർഥന. സെറീനോയും കാൾഡറോണും ജെറിയും നയിക്കുന്ന പ്രതിരോധം പിളർത്തി രണ്ടെണ്ണം അടിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ആഘോഷിക്കാം.