ജാക്കിചന്ദ് ഗോവയിലേക്ക്; ദുംഗൽ ബ്ലാസ്റ്റേഴ്സിൽ

കൊച്ചി ∙ ഐഎസ്എൽ നാലാം സീസൺ അവസാന വിസിൽ മുഴങ്ങുംമുൻപേ ഇന്ത്യൻ ഫുട്ബോളിൽ വീണ്ടും കൂടുമാറ്റക്കാലം. കേരള ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദ് സിങ് (25) എഫ്സി ഗോവയിലേക്കു പോകുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സെയ്മിൻലെൻ ദുംഗൽ ബ്ലാസ്റ്റേഴ്സിലേക്കു വരുന്നു. 

അടുത്ത രണ്ടു സീസൺ ഗോവയ്ക്കു കളിക്കാൻ ജാക്കിചന്ദിന് 1.9 കോടി രൂപ കിട്ടുമെന്നാണു ധാരണ. മൂന്നു സീസൺ കളിക്കാൻ ദുംഗലിനു ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തത് 2.4 കോടി രൂപയെന്ന് അറിയുന്നു. ഈ തുകയ്ക്കു താരം സമ്മതിച്ചെന്നാണു സൂചന. ഈ സീസണിൽ നോർത്ത് ഈസ്റ്റിനുവേണ്ടി 16 തവണ കളത്തിലിറങ്ങിയ ‘ലെൻ’ ചെന്നൈയിൻ എഫ്സിക്കെതിരായ ഹാട്രിക് ഉൾപ്പെടെ നാലു ഗോൾ നേടി. എട്ടുവർഷത്തെ പ്രഫഷനൽ ഫുട്ബോളിൽ മണിപ്പുരി താരത്തിനിത് എട്ടാമത്തെ ക്ലബാണ്.

ഈ സീസണിൽ 17 തവണ ബ്ലാസ്റ്റേഴ്സിന്റെ കുപ്പായമണിഞ്ഞ ജാക്കി രണ്ടുഗോൾ നേടി. അതിലൊന്ന് ഗോവയ്ക്കെതിരെ ആയിരുന്നു. ബെംഗളൂരുവിനെതിരെ ലീഗിലെ അവസാന മൽസരത്തിൽ പരുക്കേറ്റാണു ജാക്കി മടങ്ങിയത്. സീസണിന്റെ അവസാനഘട്ടത്തിൽമാത്രം ഫോമിലെത്തിയ ഡൽഹി ഡൈനമോസ് ഗോവക്കാരുടെ പ്രിയപ്പെട്ട ഇടതു വിങ് ബാക്ക് നാരായൺദാസിനെ വലയിൽ ആക്കാനുള്ള ശ്രമത്തിലാണ്.

രണ്ടുവർഷത്തെ കരാർ രണ്ടുദിവസത്തിനകം യാഥാർഥ്യമായേക്കും. ലീഗിൽ ഏഴാം സ്ഥാനത്തായ മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്സിൽനിന്നു മിലൻ സിങ്, ജംഷഡ്പുരിൽനിന്നു ഷൗവീക് ചക്രവർത്തി, എടികെയുടെ ബിപിൻ സിങ്, ഡൽഹിയുടെ സെന റാൾട്ടെ എന്നിവരെ നോട്ടമിടുന്നു. മിലന്റെ മാറ്റം ഏറെക്കുറെ തീർച്ചയാണ്.