ഛേത്രി ട്രിക്കിൽ ബെംഗളൂരു ഐഎസ്എൽ ഫൈനലിൽ

സുനിൽ ഛേത്രിയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന പുണെ താരങ്ങൾ

ബെംഗളൂരു∙ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ കിടിലൻ ഹാട്രിക്കിന്റെ കരുത്തിൽ ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ. കണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ 3–1ന് എഫ്‌സി പുണെ സിറ്റിയെ ആതിഥേയർ തകർത്തുവിട്ടു.

കളിയുടെ 15, 65, 89 മിനിറ്റുകളിലാണ് ഛേത്രിയുടെ ഗോളുകൾ. പുണെയുടെ ഗോൾ ജോനാഥൻ ലൂക്ക് നേടി. പുണെയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. അതിനാൽ സ്വന്തം മണ്ണിൽ വിജയമല്ലാതെ ബെംഗളൂരുവിന് ഫൈനലിലേക്ക് വേറെ വഴിയില്ലായിരുന്നു. ആരാധകരുടെ നിറഞ്ഞ പിന്തുണയോടെ ക്യാപ്റ്റൻ ഛേത്രി ടീമിനെ സ്വന്തം തോളിലേറ്റി തന്റെ മികവ് ആവർത്തിച്ചു. ബെംഗളൂരുവിന്റെ ആദ്യ ഐഎസ്എൽ ഫൈനലാണിത്.

പതിനഞ്ചാം മിനിറ്റിൽ പുണെ ഗോളി വിശാൽ കെയ്തിന്റെയും പ്രതിരോധത്തിന്റെയും പിഴവിൽനിന്നാണ് ബെംഗളൂരു ആദ്യ ഗോൾ നേടുന്നത്. ഉദാന്ത-ഛേത്രി സഖ്യമാണ് ഗോളിലേക്ക് വഴിതുറന്നത്. വലതു ഭാഗത്ത് നിന്ന് ഉദാന്ത ഉയർത്തിക്കൊടുത്ത പന്തിൽ ഛേത്രി തലവച്ചു. ഗോളി കെയ്ത്ത് പന്തിന് പുറകെ ചാടിയെങ്കിലും പ്രതിരോധത്തിലെ ഗുർതേജ് സിങ്ങിനെ ഇടിച്ചുവീണു. ഇവർക്കിടയിൽ നിലത്തു വീണ പന്ത് നേരെ വലയിൽ കയറി. ഒരു ഗോളിന് പിന്നിലായ പുണെ ആക്രമണത്തിന്റെ ശക്തി വർധിപ്പിച്ചു.

പുണെ അവസരങ്ങളുടെ തിരമാലകൾ പാഴാക്കിക്കൊണ്ടിരിക്കെയാണ് ബെംഗളൂരുവിന് പെനൽറ്റി ലഭിക്കുന്നത്. ബോക്‌സിലൂടെ മുന്നേറിയ ഛേത്രിയെ പുണെയുടെ സാർത്ഥക് തള്ളിവീഴ്ത്തിയതിന് കിട്ടിയ ശിക്ഷ. ഗോളി കെയ്ത് ചാടുമ്പോൾ ഛേത്രിയുടെ കിക്ക് മുകളിലൂടെ വലയിലേക്ക് പറന്നിറങ്ങി. 82–ാം മിനിറ്റിൽ പുണെ ഗോളടിച്ചു. ബോക്‌സിനു പുറത്തുനിന്നു ലഭിച്ച ഫ്രീകിക്ക് പകരക്കാരനായി ഇറങ്ങിയ ജോനാഥൻ ലൂക്ക് വലയിൽ എത്തിച്ചു. ഒരു ഗോൾ വീണതോടെ സടകുടഞ്ഞെണീറ്റ പുണെ ഒന്നിച്ച് ആക്രമണത്തിന് മുതിർന്നതോടെ ബെംഗളൂരുവിന്റെ ബോക്‌സിൽ വീണ്ടും സമ്മർദമായി. എന്നാൽ ഈ തക്കം മുതലെടുത്ത് പ്രത്യാക്രമണത്തിലൂടെ സുനിൽ ഛേത്രി തന്റെ മൂന്നാം ഗോളും നേടി. ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ ബെംഗളൂരുവിന് ആഹ്ലാദവേള.

ഗോവ–ചെന്നൈ സെമിഫൈനൽ വിജയികളാണ് ബെംഗളൂരുവിന്റെ എതിരാളികൾ.പതിനേഴിന് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കലാശക്കളി.