ജ്യൂസ് കടയിൽ നിന്ന് ഐഎസ്എല്ലിൽ

കൊച്ചി∙ എട്ടാം ക്ലാസിൽ പഠനം നിർത്തുമ്പോൾ ഫുട്ബോളും ജീവിതം കരുപ്പിടിപ്പിക്കാനൊരു വരുമാനവുമായിരുന്നു ആഷിഖിന്റെ ലക്ഷ്യം. അതിനായി ഒരു ജ്യൂസ് കടയിൽ സഹായിയായി കൂടി. പകൽ കടയിലും വൈകുന്നേരങ്ങളിൽ മൈതാനങ്ങളിലുമായുള്ള  ഓട്ടപ്രദക്ഷിണം പക്ഷേ അധികം നീണ്ടില്ല. ഫുട്ബോളിന്റെ വിളി വന്നു. ആദ്യം എംഎസ്പിയിൽ. പിന്നെ ഡൽഹിയിൽ, പുണെയിൽ. ഒടുവിൽ സ്പാനിഷ് ലീഗിലെ വിയ്യാറയലിന്റെ അക്കാദമിയിൽ. 

സിനിമാക്കഥ പോലെ തോന്നുന്ന ഈ കഥയിലെ നായകൻ,  പുണെ സിറ്റിയുടെ മലയാളിതാരം ആഷിഖ് കരുണിയനാണ്. ഐഎസ്എല്ലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി എന്ന നേട്ടവുമായി ബ്ലാസ്റ്റേഴ്സിനെ നേരിടാനൊരുങ്ങുകയാണ് ആഷിഖ്. സ്വന്തം മണ്ണിൽ, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും  കൺമുന്നിൽ ഒരു സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിനും കൂടിയാണ് ഇരുപതുകാരൻ ഇന്നു ബൂട്ട് കെട്ടുക. 

മലപ്പുറം പട്ടർകടവിൽ അസൈനിന്റെയും ഖദീജയുടെയും അഞ്ചു മക്കളിൽ ഇളയ ആളാണ് ആഷിഖ്. സാമ്പത്തിക ബുദ്ധിമുട്ടേറിയതോടെയാണ് ആഷിഖ് പഠനം അവസാനിപ്പിക്കുന്നത്. സ്വന്തം സ്കൂളിനടുത്തൊരു കടയിൽ ജോലി ചെയ്യവേയാണ് ആഷിഖിനെത്തേടി എംഎസ്പി സ്പോർട്സ് ഹോസ്റ്റലിന്റെ വിളിയെത്തിയത്. 

‘‘പഠനം പുനരാരംഭിക്കാനും അവിടെ സാധിച്ചു. ഇതിനിടെ കെഎഫ്എയുടെ വിഷൻ ഇന്ത്യയിലുൾപ്പെട്ടതും സഹായകരമായി. അണ്ടർ–15 സ്റ്റേറ്റ് ടീമിനൊപ്പം ജാർഖണ്ഡിൽ കളിക്കുമ്പോഴാണ് സെയിൽ അക്കാദമി തിരഞ്ഞെടുത്തത്. അക്കാദമിയിൽ പരിശീലിച്ചതോടെ ഡൽഹിയിലെ രണ്ടാം ഡിവിഷൻ ലീഗ് ടീമിന്റെ ക്ഷണം കിട്ടി’’ – ആഷിഖ് പറഞ്ഞു. 

പിന്നീട് അനസ് എടത്തൊടിക വഴി പുണെ എഫ്സിയുടെ അക്കാദമിയിൽ ചേർന്നു. ഐഎസ്എല്ലിൽ ആദ്യം തേടിയതു ഡൽഹിയാണ്. കരാറായെങ്കിലും പുണെ അക്കാദമിയെ പുണെ സിറ്റി എഫ്സി ഏറ്റെടുത്തതോടെ ആ മോഹം സഫലമായില്ല. താരനിബിഡമായ പുണെ ടീമിൽ പകരക്കാരനായി കളത്തിലെത്തിയ ആഷിഖ് കഴിഞ്ഞ രണ്ടു കളികളിലും ആദ്യ ഇലവനിലുണ്ട്. നോർത്ത് ഈസ്റ്റിനെതിരെ ഗോളും നേടിയാണ് കൊച്ചിയിലേക്കുള്ള ആദ്യവരവ്.