ഇത് ആരാധകർ കാണാൻ കൊതിച്ചിരുന്ന ടീം; ജയം തുടരട്ടെ, ബ്ലാസ്റ്റേഴ്സ്! – വിഡിയോ

എടികെയ്ക്കെതിരെ ഗോൾനേട്ടം ആഘോഷിക്കുന്ന പെസിച്ച്, പോപ്ലാട്നിക്, സി.കെ. വിനീത് എന്നിവർ. (ചിത്രം: ഐഎസ്എൽ)

കോട്ടയം∙ കളി മെനയുന്ന മധ്യനിര, ഗോളടിക്കുന്ന മുന്നേറ്റ നിര, മൈതാനമെങ്ങും ഓടിക്കളിക്കുന്ന താരങ്ങൾ, സർവ്വോപരി ആക്രമണ ഫുട്ബോൾ കളിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ്... ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ മഞ്ഞപ്പടയുടെ ആരാധകർ കാണാൻ കൊതിച്ചിരുന്ന ടീമിന്റെ ലാഞ്ചനയുണ്ടായിരുന്നു, അഞ്ചാം സീസണിലെ ആദ്യ മൽസരത്തിൽ എടികെയെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ.

പതിവിനു വിപരീതമായി ഇക്കുറി ‘ആരാധകരുടെ ടീം’ ആയിരിക്കും തങ്ങളെന്ന് ഊന്നിപ്പറയുന്ന പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽനിന്ന് മടങ്ങുന്നത്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം കൊൽക്കത്തയെ തോൽപ്പിക്കാനായതിന്റെ ആത്മവിശ്വാസം നൽകുന്ന ഊർജത്തോടെ കൊച്ചിയിൽ മടങ്ങിയെത്തുന്ന ബ്ലാസ്റ്റേഴ്സിന് ഇനി ഒക്ടോബർ അഞ്ചിനാണ് മൽസരം. കരുത്തരായ മുംബൈ സിറ്റി എഫ്സിക്കെതിരെ.

∙ ഗോളടിച്ച് ‘ബാൾക്കൻ ബ്രദേഴ്സ്’

ഗോളടിക്കുന്നതിൽ ഇതുവരെ തുടർന്നുപോന്ന പിശുക്കു മാറ്റാൻ പോന്ന രണ്ടു താരങ്ങളുടെ വരവാണ് ആദ്യ മൽസരം ആരാധകർക്കു മുന്നിൽ വയ്ക്കുന്ന ഏറ്റവും നല്ല വിശേഷം. സ്ലോവേനിയൻ താരം മതേയ് പോപ്ലാട്നിക്കും സെർബിയൻ താരം സ്ലാവിസ് സ്റ്റൊയനോവിച്ചും. 10 മിനിറ്റിന്റെ ഇടവേളയിൽ ഇവർ നേടിയ ഗോളുകളാണ് ആദ്യ മൽസരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പാക്കിയത്. മുൻനിരയിൽ നിരന്തരം എടികെ പ്രതിരോധത്തിന് ഭീഷണി ഉയർത്തിയ ഇരുവരും ലക്ഷ്യം കാണുക കൂടി ചെയ്തതോടെ ടീം അനായാസം വിജയത്തിലെത്തി.

ഒന്നാം ഗോൾ: പോപ്ലാട്നിക്കിൽനിന്നു പന്തു സ്വീകരിച്ച സ്ലാവിസ സ്റ്റൊയനോവിച് രണ്ടു ഡിഫൻഡർമാരെ വെട്ടിച്ചു ഷോട്ടുതിർത്തു. അത് എടികെയുടെ ബ്രസീലുകാരൻ ഡിഫൻഡർ ജർസൻ വിയേരയുടെ കാലിൽത്തട്ടി ഉയർന്നപ്പോൾ അതിനൊപ്പം നർത്തകന്റെ മെയ്‌വഴക്കത്തോടെ മതേയ് തലകൊണ്ടു പന്തിനെ ചെത്തി വലയിലേക്കു വിട്ടു (1–0).

രണ്ടാം ഗോൾ: ഗോൾ നേടാനാവാതെ പോയതിന്റെ കേടുതീർത്ത വോളിയായിരുന്നു സ്ലാവിസ സ്റ്റൊയനോവിച്ചിന്റേത്. നർസാരി മധ്യത്തിൽനിന്നുനീട്ടിക്കൊടുത്ത പന്തു കാലിലെടുത്ത് വെട്ടിത്തിരിഞ്ഞ്, കിടുങ്ങിപ്പോയ ഡിഫൻഡറെ മറികടന്നു സ്ലാവിസയുടെ കിടിലൻ വോളി (2–0).

ഇവർക്കു പുറമെ ആദ്യ ഇലവനിൽ ഇടം പിടിച്ച മറ്റു രണ്ടു താരങ്ങളും ബാൾക്കൻ രാജ്യങ്ങളുടെ പ്രതിനിധികളാണ്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്ക് മടങ്ങിയെത്തിയ സെർബിയൻ താരം നെമാ‍ഞ്ച പെസിച്ചും മധ്യനിരയിൽ പുതിയതായി എത്തിയ നിക്കോള ക്രമാരവിച്ചും ചേരുമ്പോൾ ബ്ലാസ്റ്റേഴ്സിലെ ബാൾക്കാൻ ആധിപത്യം പൂർണം. മിന്നും പ്രകടനവുമായി ഇവരും ബ്ലാസ്റ്റേഴ്സ് നിരയിൽ വരവറിയിച്ചു.

∙ ചെറുപ്പമാണ് ഈ ടീം, ഊർജസ്വലരും

ടീമിന് താരപ്പകിട്ടു സമ്മാനിക്കാൻ പ്രായമെത്തിയ സൂപ്പർ താരങ്ങളെ ഇക്കുറി കൊണ്ടുവരേണ്ടതില്ലെന്ന പരിശീലകൻ ഡേവിഡ് ജയിംസിന്റെ നിലപാട് ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ടീമിന്റേത്. ആദ്യ ഇലവനിൽ കളിച്ച താരങ്ങളുടെ ശരാശരി പ്രായം 23.7 മാത്രമായിരുന്നു. അതിന്റെ ഊർജം അവരുടെ പ്രകടനത്തിലും നിഴലിച്ചു. മൈതാനമെങ്ങും ഓടിക്കളിച്ച ബ്ലാസ്റ്റേഴ്സ് താരങ്ങൾ, താരപ്പകിട്ടിൽ തങ്ങളേക്കാൾ മുന്നിലുള്ള എതിരാളികളെ കാര്യമായി അനങ്ങാൻ പോലും സമ്മതിച്ചില്ല.

മധ്യനിരയിലാണ് ഡേവിഡ് ജയിംസ് ഏറ്റവും ഭാവനാപൂർണമായ ‘കളി’ കളിച്ചത്. പുതുമുഖ താരം ക്രമാരവിച്ചിനൊപ്പം മൂന്ന് ഇന്ത്യൻ യുവതാരങ്ങളെ അണിനിരത്തിയ ജയിംസ്, മധ്യനിരയിൽ എപ്പോഴും ‘ആളനക്കം’ ഉറപ്പുവരുത്തി. സെയ്മിൻലെൻ ദുംഗൽ, ഹാലിചരൺ നർസാരി, മലയാളി താരം സഹൽ അബ്ദുൽ സമദ് എന്നിവരാണ് ക്രമാരവിച്ചിനൊപ്പം മധ്യനിരയിൽ കളി മെനഞ്ഞത്. ഇതോടെ അതിവേഗ ഫുട്ബോൾ തന്നെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ലക്ഷ്യമെന്ന് വ്യക്തമായി.

ആദ്യ പകുതിയിൽ പന്തടക്കത്തിലും പാസിങ്ങിലും എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ്. കളിയിൽ 62 ശതമാനത്തിലധികം നിയന്ത്രണം നിലനിർത്തിയ ബ്ലാസ്റ്റേഴ്സ്, മൂന്നു ഗോളിനെങ്കിലും മുന്നിലെത്തേണ്ടതായിരുന്നു. നിർഭാഗ്യം വിലങ്ങുതടിയായതോടെ സ്കോർ ബോർഡിന് അനക്കം വച്ചില്ലെങ്കിലും, പ്രതീക്ഷ വയ്ക്കാവുന്ന ടീമാണ് ബ്ലാസറ്റേഴ്സിന്റേതെന്ന് ആദ്യപകുതിയിൽ വ്യക്തമായി.

∙ ‘ജീവൻ’ നിലനിർത്തിയ രണ്ടാം പകുതി

ഒരു ടീമിൽ അനുവദിക്കപ്പെട്ട അഞ്ചാം വിദേശ താരത്തെ രണ്ടാം പകുതിയുടെ തുടക്കത്തിലേ കളത്തിലിറക്കിയ ഡേവിഡ് ജയിംസ് ടീമിന് പുതിയ ഊർജവും പ്രദാനം ചെയ്തു. ആദ്യപകുതിയിൽ ഓടിക്കളിച്ച് ക്ഷീണിച്ച സഹലിനെ മാറ്റി ഘാന താരം കറേജ് പെക്കൂസനെയാണ് രണ്ടാം പകുതിയിൽ രംഗത്തിറക്കിയത്. ലക്ഷ്യബോധമില്ലാത്ത ഷോട്ടുകളിലൂടെ ‘പഴയ പെക്കൂസൻ’ തന്നെയാണ് താനെന്ന് ഘാന താരം തെളിയിച്ചെങ്കിലും, മധ്യനിരയ്ക്ക് കൂടുതൽ ഭാവനാശക്തി കൈവന്നു. ആദ്യപകുതിയെ അപേക്ഷിച്ച് എടികെയും കൂടുതൽ മികവു പുലർത്തിയതോടെ രണ്ടാം പകുതിയിൽ കളം പിടിക്കാൻ ബ്ലാസ്റ്റേഴ്സ് കൂടുൽ സമയമെടുത്തു.

മൽസരം അവസാന 20 മിനിറ്റിലേക്കു കടന്നതോടെ ദുംഗലിനെ പിൻവലിച്ച് സി.കെ. വിനീതിനെയും ജയിംസ് കളത്തിലിറക്കി. മധ്യനിരയിൽനിന്ന് പന്തെത്തിച്ചാൽ മുൻനിരയിൽ തങ്ങൾ എത്രമാത്രം അപകടകാരികളാണെന്ന് പോപ്ലാട്നിക്കും സ്റ്റൊയനോവിച്ചും വൈകാതെ തെളിയിച്ചു. 10 മിനിറ്റിന്റെ ഇടവേളയിൽ എടികെ പോസ്റ്റിലേക്ക് രണ്ടു തവണ നിറയൊഴിച്ച ബാൾക്കൻ സഖ്യം, മൽസരം ബ്ലാസ്റ്റേഴ്സിന് അനുകൂലമാക്കി.

∙ പുതുപുത്തൻ, കൊപ്പലിന്റെ എടികെ

സ്റ്റീവ് കൊപ്പലിനു കീഴിൽ പൂർണമായും പുതിയ മുഖവുമായാണ് എടികെ അഞ്ചാം സീസണിലെ ആദ്യ മൽസരത്തിനിറങ്ങിയത്. കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്തായിപ്പോയതിന്റെ നാണക്കേടു മാറ്റാൻ ടീമിൽ സമഗ്രമായ അഴിച്ചുപണി നടത്തിയ എടികെ മാനേജ്മെന്റ്, ഒരുപിടി ശ്രദ്ധേയരായ താരങ്ങളെ ടീമിലെത്തിച്ചിരുന്നു. ഇതോടെ, ആദ്യ മൽസരത്തിൽ കളത്തിലിറങ്ങിയ ആദ്യ ഇലവനിൽ കഴിഞ്ഞ സീസണിലെ ടീമിൽനിന്ന് ഇടംപിടിച്ചത് ഒരേയൊരു താരം; ജയേഷ് റാണ.

പുതുമുഖങ്ങളായ ബ്രസീലൻ താരം ജേഴ്സൻ വിയേര, ജോൺ ജോൺസൻ, എവർട്ടൻ സാന്റോസ്, മാനുവൽ ലാൻസെറോട്ടെ, നൗസയർ എൽ മയ്മനി എന്നിവരെല്ലാം എടികെ ജഴ്സിയിൽ ഐഎസ്എൽ അരങ്ങേറ്റം കുറിച്ചു. അതേസമയം, പുതിയ താരങ്ങളും പുതിയ പരിശീലകനും ചേർന്നൊരുക്കിയ ടീമിൽ കൂടുതൽ യോജിപ്പ് ആവശ്യമാണെന്ന് ആദ്യ മൽസരം വെളിവാക്കി. തന്ത്രങ്ങളുടെ ആശാനായ കൊപ്പൽ, അടുത്ത മൽസരം മുതൽ ടീമിനെ പൂർണ ശക്തിയിലെത്തിക്കുമെന്ന് വ്യക്തമാക്കിയാണ് ആദ്യ മൽസരത്തിനുശേഷം കളം വിട്ടതും.

∙ രണ്ടാം പരീക്ഷണം കൊച്ചിയിൽ, വിജയം തുടരട്ടെ!

ഒരു മൽസരം കൊണ്ട് ടീമിനെ അളക്കുന്നതിൽ യുക്തിയില്ലെങ്കിലും, ആരാധകർ കാത്തിരുന്ന ബ്ലാസ്റ്റേഴ്സ് ടീമിന്റെ ലക്ഷണങ്ങൾ ആദ്യ മൽസരത്തിൽ ഡേവിഡ് ജയിംസിന്റെ ടീം കാണിച്ചു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. യുവത്വമാണ് ഈ ടീമിന്റെ മുഖമുദ്ര. ആക്രമിച്ചു കളിക്കുന്നതാണ് ഇവരുടെ ശൈലി. ഗോളടിക്കുന്നതാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് കളത്തിലും പിന്നീട് കളത്തിനു പുറത്തും പ്രഖ്യാപിച്ച സ്ട്രൈക്കർമാരാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. കളിക്കാരെ പൂർണമായും മനസ്സിലാക്കി, അതിനൊപ്പിച്ച് ടീമിനെ അണിനിരത്തുന്ന ഡേവിഡ് ജയിംസിന്റെ രീതികളിലുമുണ്ട്, ആരാധകർക്ക് പ്രതീക്ഷ.

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത അങ്കം ഇനി കൊച്ചിയിലാണ്. ഒക്ടോബർ അഞ്ചിനു വൈകുന്നേരം മുംബൈ സിറ്റി എഫ്സിക്കെതിരെ. ആദ്യ മൽസരത്തിലെ പ്രകടനം ഭാഗ്യം കൊണ്ടു സംഭവിച്ച ഒന്നല്ല എന്ന് ഡേവിഡ് ജയിംസിനും ടീമിനും തെളിയിക്കാനുള്ള വേദിയാണിത്. ഇരമ്പിയാർക്കുന്ന അര ലക്ഷത്തോളം കാണികൾക്കു മുന്നിൽ മഞ്ഞപ്പട പുറത്തെടുക്കുന്ന പ്രകടനമാകും ഈ സീസണിൽ ടീമിന്റെ ഗതി നിർണയിക്കുക. അവിടെയും ടീം വിജയവുമായി തിരിച്ചുകയറട്ടെയെന്നാണ് ആരാധകരുടെ പ്രാർഥന. അതിനായാണ് അവരുടെ കാത്തിരിപ്പും.