ഹോം മൽസരങ്ങളിൽ ഇനിയും ഫോമിലെത്തിയില്ല; ഇതു മതിയാകില്ല ബ്ലാസ്റ്റേഴ്സ്!

കൊച്ചി∙ ലീഗ് തുടങ്ങിയിട്ടേയുള്ളൂ. ടീം തോറ്റു മടങ്ങിയിട്ടുമില്ല. എന്നാലും പറയാതെ വയ്യ, അഞ്ചാമൂഴത്തിൽ കിരീടം കണ്ടു മടങ്ങാൻ ഈ കളി മതിയാകില്ല ബ്ലാസ്റ്റേഴ്സ്. കൊൽക്കത്തയിൽ വിജയം തെളിയിച്ചു തുടങ്ങിയ സീസണിന് കൊച്ചിയിൽ ഇരുൾ വീണിരിക്കുകയാണ്. ജയത്തിനും തോൽവിക്കും ഇടയിൽ രണ്ടു ഹോം മൽസരം കൈവിട്ട് ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചത് ലീഗിൽ തലപ്പത്ത് എത്താനുള്ള സുവർണാവസരം. ആവേശം വിതറുന്ന കാണികളുടെതുണയുണ്ടായിട്ടും പാതിവഴിയിൽ കളി കൈവിടുകയായിരുന്നു ബ്ലാസ്റ്റേഴ്സ്.

മുംബൈയ്ക്കെതിരെ രണ്ടാം പകുതിയിലും ഡൽഹിക്കെതിരെ ഒന്നാം പകുതിയിലും കളി മറന്ന ബ്ലാസ്റ്റേഴ്സിന് ഇനി എവേ മൽസരങ്ങളാണ്. നന്നായി ‘ഗൃഹപാഠം’ ചെയ്ത് ഒരുങ്ങേണ്ട പരീക്ഷണനാളുകളാണ് ടീമിനെ കാത്തിരിക്കുന്നത്.

∙ സമയം തെറ്റിയ റൊട്ടേഷൻ

ഡൽഹിക്കെതിരെ മുന്നിലും പിന്നിലും മാറ്റങ്ങളോടെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ഫോർമേഷൻ തന്നെ ചില സന്ദേഹങ്ങൾ ഉയർത്തിയിരുന്നു. ലീഗിൽ നിലയുറപ്പിക്കും മുൻപേ ഇത്തരമൊരു റൊട്ടേഷൻ പരീക്ഷണം വേണ്ടിയിരുന്നോ എന്നതാണ് ആദ്യത്തേത്. ആദ്യ ഇലവനിൽ മൂന്നു വിദേശതാരങ്ങളെ മാത്രം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതിനു പിന്നിലെ ലോജിക്കും പിടികിട്ടുന്നില്ല. ഈ പരീക്ഷണം വഴി മാത്തേയ് പ്ലൊപ്ലാട്നിക്കിനെയാണ് കോച്ച് കരയ്ക്കിരുത്തിയത് . ടീമിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞ ബാൾക്കൻ സഖ്യത്തിന്റെ അഭാവം മുന്നേറ്റത്തിൽ പ്രതിഫലിക്കുക തന്നെ ചെയ്തു.

ഒന്നാം പകുതിയിൽ പ്രത്യാക്രമണത്തിലൂടെ വന്ന ഒറ്റപ്പെട്ട നീക്കങ്ങൾ ഒഴിച്ചാൽ നിശബ്ദമായിരുന്നു മുൻനിര. സാന്നിധ്യം അറിയിക്കാനായെങ്കിലും സ്റ്റൊയനോവിച്ചിനു പറ്റിയ കൂട്ടാളിയാകാൻ വിനീതിനായില്ല. ഇടവേളയ്ക്കു ശേഷം പ്ലൊപ്ലാട്നിക്കിന്റെ വരവോടെയാണു ചിത്രം മാറിയത്. ബ്ലാസ്റ്റേഴ്സ് ഉണർന്നുകളിച്ചു. ഡൽഹിയുടെ പൊസെഷൻ ഗെയിമിന്റെ താളം മുറിഞ്ഞു. ഗോൾ നേട്ടത്തിനുമപ്പുറം വിനീതിന്റെ പ്രകടനവും മെച്ചപ്പെട്ടു.

∙ പ്രതിരോധത്തിനും അലർട്ട്

ടീമിനു സെറ്റ് ആകാൻ ഇനിയും സമയം വേണമെന്ന നിലപാടിലാണു ഡൽഹി ബ്ലാസ്റ്റേഴ്സിനെ നേരിടാനെത്തിയത്. സമനിലയും തോൽവിയും നേരിട്ടെത്തിയ ടീമിന്റെ മുന്നേറ്റത്തിലായിരുന്നു ആശങ്ക. അതു ശരി വയ്ക്കുന്നതായി കളത്തിലെ പ്രകടനം. മധ്യത്തിലും പാർശ്വത്തിലും ബ്ലാസ്റ്റേഴ്സ് താരങ്ങളെ വട്ടംകറക്കിയെങ്കിലും ബോക്സിനുള്ളിൽ ഡൽഹിക്കു പിഴച്ചു. സന്ദേഷ് ജിങ്കാൻ നയിച്ച പ്രതിരോധക്കോട്ട പൊളിക്കാൻ വേണ്ട സാമർഥ്യം മുന്നേറ്റത്തിനില്ലാതെ പോയതാണു ഡൽഹിക്കു വിനയായത്.

എങ്കിലും കേരള പ്രതിരോധത്തെ പരീക്ഷിച്ചാണ് അവർ മടങ്ങുന്നത്. ഒറ്റയാനായി വെല്ലുവിളിച്ച ജിങ്കാന്റെ സാന്നിധ്യമില്ലാത്ത നിമിഷം ഡൽഹി ലക്ഷ്യം കണ്ടതു ബ്ലാസ്റ്റേഴ്സിനുള്ള മുന്നറിയിപ്പാണ്. വൺ ടച്ച് ക്ലിയറൻസുകളിലൂടെയും കോർണർ വഴങ്ങിയും ഡൽഹി വെല്ലുവിളി അതിജീവിച്ച പ്രകടനം മതിയാകില്ല വരും മൽസരങ്ങളിൽ. ജംഷഡ്പുരും പുണെയും ബെംഗളൂരുവും മുന്നേറ്റത്തിൽ മൂർച്ചയുള്ള ആയുധമേന്തുന്നവരാണ്. അനസ് മടങ്ങിയെത്തുന്നതോടെ പ്രതിരോധം അഴിച്ചുപണിതാകും ടീം ഇനിയിറങ്ങുക. ഫ്രഞ്ച് താരം സിറിൾ കാലിയുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനും സമയമായി.

∙ ഹോം വീക്ക്‌നെസ്

സ്വന്തം കാണികൾക്കു മുന്നിൽ കുഞ്ഞൻ ടീമുകൾ പോലും എതിരാളികളെ വീഴ്ത്തുന്ന കാഴ്ചകൾ പതിവാണ് ഫുട്ബോൾ ലീഗുകളിൽ. സൂപ്പർ ലീഗിൽത്തന്നെ ബെംഗളൂരു എഫ്സി പോലുള്ള ടീമുകളെ കാണുക. ആരാധക സംഘത്തിന്റെ സജീവ പിന്തുണയോടെ ശ്രീകണ്ഠീരവയിൽ ഇറങ്ങുന്ന ബെംഗളൂരുവിനെ തളയ്ക്കുക കടുപ്പമാണെന്നതു എതിരാളികളും അംഗീകരിക്കുന്ന കാര്യമാണ്. ബ്ലാസ്റ്റേഴ്സിന്റെ കാര്യം പക്ഷേ, നേരെ തിരിച്ചാണ്. ഹോം ഗ്രൗണ്ട് ആനുകൂല്യമൊന്നും ടീമിന്റെ പ്രകടനത്തിൽ പ്രതിഫലിക്കുന്നില്ല.

ബെംഗളൂരുുവിന്റെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ആരാധകക്കൂട്ടത്തെ വെല്ലുന്ന പിന്തുണയുണ്ടായിട്ടും കൊച്ചിയിലെ ഹോം മാച്ചുകളിൽ ബ്ലാസ്റ്റേഴ്സ് കളി മറക്കുന്നു. കൊച്ചിയിൽ കളിച്ച കഴിഞ്ഞ 11 മൽസരങ്ങളിൽ രണ്ടു മൽസരങ്ങളിൽ മാത്രമാണു ആതിഥേയർ ജയത്തോടെ മടങ്ങിയത്. രണ്ടു മൽസരങ്ങളിൽ പരാജയമറിഞ്ഞ ബ്ലാസ്റ്റേഴ്സ് ഏഴു തവണ സമനിലയിൽ കുരുങ്ങി. ഗോൾ സ്കോറിങ്ങിന്റെ കാര്യത്തിലും നാട്ടിൽ തെല്ലും തിളങ്ങുന്നില്ല മഞ്ഞപ്പട. കഴിഞ്ഞ11 കളികളിൽ ഒന്നിലധികം ഗോൾ കുറിച്ചത് ഒരേയൊരു തവണ മാത്രം.