പത്തിന്റെ രസം എട്ടുമാസം പ്രായമുള്ള ഏദന്; ഈ ബൂട്ടുകൾ ഇനിയും ശബ്ദിക്കട്ടെ!

കൊച്ചിയിൽ ന‌ടന്ന ഡൽഹി ഡൈനമോസിനെതിരെയുള്ള മൽസരത്തിൽ ഗോൾ നേ‌ടിയശേഷം കൈവിരൽ വായിലിട്ട് ആഹ്ലാദം പ്രകടിപ്പിച്ച് ഗോൾ മകനുവേണ്ടി സമർപ്പിക്കുന്ന സി.കെ.വിനീത്. ഏദനാണ് ഇൻസെറ്റിൽ.

വിനീതിന്റെ ആ ഗോൾ ഈ പുഞ്ചിരിക്കുട്ടിക്കു വേണ്ടിയായിരുന്നു. എട്ടു മാസം പ്രായമുള്ള മകൻ ഏദനുവേണ്ടി, ഏദൻ സ്റ്റീവിനുവേണ്ടി. കൊച്ചിയിൽ ഉണ്ടായിരുന്നെങ്കിലും അച്ഛൻ ഗോൾ നേടുന്നതു കാണാൻ അവൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നില്ല. പകരം, താമസസ്ഥലത്ത് അമ്മയുടെ മടിയിലിരുന്ന് അവനതു കണ്ടു, അച്ഛന്റെ ഗോൾ.

ഗോൾ നേടിയശേഷം കൈവിരൽ വായിലിട്ട് ആഹ്ലാദം പ്രകടിപ്പിച്ച് നേട്ടം മകനു സമർപ്പിക്കുമ്പോൾ വിനീത് മറ്റൊരു നേട്ടത്തിലേക്കുകൂടി ഉയർന്നു. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേ‌ടിയ താരമെന്ന ബഹുമതി, 4 സീസണിൽനിന്ന് 10 ഗോൾ. ഇയൻ ഹ്യൂമിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ പദവി പങ്കിടുകയാണ് സി.കെ.വിനീത്.

കൊച്ചിയിൽ 20ന് ഡൽഹി ഡൈനമോസിനെതിരെ നേ‌ടിയ ഗോൾ വിനീതിന്റെ ഈ സീസണിലെ ആദ്യ ഗോളാണ്. 48-ാം മിനിറ്റിലെ ആ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ അവസാനനിമിഷ ഗോളിൽ ഡൽഹി പിടിച്ചുകെട്ടുകയായിരുന്നു. ഇന്ന് ജംഷഡ്പുർ എഫ്സിയെ അവരുടെ മൈതാനത്തു നേരിടുമ്പോൾ, വിനീതിന്റെ ബൂട്ടുകൾ വീണ്ടും ശബ്ദിക്കട്ടെ എന്ന പ്രാർഥനയിലാണ് ആരാധകർ.

∙ മതമില്ലാതെ ഏദൻ

ഏദൻ സ്റ്റീവ് - പേരിലെ പ്രത്യേകത മറ്റുപല കാര്യങ്ങളിലുമുണ്ട്. ജനന സർട്ടിഫിക്കറ്റിൽ ഏദനിന്റെ മതമേതെന്ന കോളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് നിൽ(ഇല്ല) എന്ന്. ജാതിയും മതവും മനുഷ്യനെ തമ്മിലകറ്റുമെന്ന് വിശ്വസിക്കുന്ന വിനീത് മകന് മതമില്ലെന്ന് ഉറക്കെപ്പറയുന്നു.

ഏദൻ എന്ന വാക്കിന് ഒരു പ്രത്യേകതയുമില്ലെന്ന് വിനീത് പറയും. എന്നാൽ സ്റ്റീവ് എന്ന വാക്കിന് ഒരുപാട് മാനങ്ങളുണ്ട്. കളത്തിലെ വിനീതിന്റെ ഹീറോയായ മുൻ ഇംഗ്ലിഷ് ഫുട്ബോൾ താരം സ്റ്റീവൻ ജോർജ് ജെറാർദിന്റെ പേരിൽനിന്നാണ് സ്റ്റീവിന്റെ വരവ്. ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ലിവർപൂളിന്റെ എക്കാലത്തെയും മികച്ച മധ്യനിരക്കാരനായിരുന്നു ജെറാർദ്, ഇംഗ്ലണ്ട് ദേശീയ ടീം അംഗമായിരുന്ന അദ്ദേഹം ലിവർപൂളിന്റെ നായകനുമായിരുന്നു.

ലോക ഫുട്ബോളിലെ മികച്ച താരങ്ങളിലൊരാളെന്ന് പെലെയും സിനദിൻ സിദാനും പ്രശംസിച്ച ജെറാർദ് കഴിഞ്ഞവർഷമാണ് വിരമിച്ചത്. ഇപ്പോൾ സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിന്റെ മാനേജർ. 2005 ലെ യുവേഫ ഫുട്ബോളർ പുരസ്കാരം നേടിയിട്ടുള്ള ജെറാർദ്, 2009 ലെ ബാലൻ ഡി ഓർ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടവരിൽ മൂന്നാമതെത്തിയിരുന്നു.

∙ നാലാം സീസൺ

ചെക്കിയോട്ട് കിഴക്കേവീട്ടിൽ വിനീത് എന്ന സി.കെ.വിനീത് തുടർച്ചയായ നാലാം സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. 2015ലെ ആദ്യവരവിൽ ഗോളൊന്നും (9 കളി)  നേടാനായില്ലെങ്കിലും 2016 ൽ ടീമിനെ ഫൈനൽ വരെയെത്തിച്ചതിന്റെ ക്രെഡിറ്റ് നേടി. 9 കളിയിൽനിന്ന് 5 ഗോളായിരുന്നു നേട്ടം. ആ സീസണിലെ ഐഎസ്എൽ ഇന്ത്യൻ താരങ്ങളിലെ ടോപ് സ്കോററുമായി. ആ സീസണിൽ എട്ടാമത്തെ മൽസരത്തിൽ പകരക്കാരനായാണ് വിനീത് ആദ്യമായി കളത്തിലിറങ്ങിയത്. എതിരാളി എഫ്സി ഗോവ. ഇഞ്ചുറി ടൈമിലെ വിനീതിന്റെ ഗോളിൽ ഗോവയെ 2 - 1ന് തോൽപിച്ച ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ് ചെന്നുനിന്നത് ഫൈനലിൽ.

എട്ടാം മൽസരം വരെ തപ്പിത്തടഞ്ഞു നീങ്ങുകയായിരുന്നു ടീം. ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തെത്തിയ കഴിഞ്ഞ സീസണിൽ 14കളിയിൽനിന്ന് 4 ഗോൾ നേ‌ടി. ഈ സീസണിൽ ഇതുവരെ 3 കളിയിൽനിന്ന് ഒരു ഗോൾ. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ തവണ കളത്തിലിറങ്ങിയിട്ടുള്ളവരിൽ മൂന്നാമനാണ് വിനീത്. നായകൻ സന്ദേശ് ജിങ്കാൻ (62), മെഹ്താബ് ഹുസൈൻ (38) എന്നിവർക്കു പിന്നിൽ 36 കളികൾ.