Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹലിനെല്ലാം സ്വപ്നം പോലെ

sahal-samad-kerala-blasters സഹൽ

പുണെ ∙ ഗൾഫിൽ പന്തുതട്ടി നടന്നപ്പോൾ സഹലിനു കേരളത്തിലെ ഫുട്ബോൾ കൗതുകക്കാഴ്ച മാത്രമായിരുന്നു. ഒരിക്കലും എത്തിപ്പെടാനാകാത്ത ഉയരത്തിലുള്ള സ്വപ്നം. കഠിനാധ്വാനം മാത്രമായിരുന്നു കൈമുതൽ. ഇന്നു സഹൽ അബ്ദുസ്സമദ് എന്ന കണ്ണൂരുകാരൻ കേരള ബ്ലാസ്റ്റേഴ്സിന്റെ അവിഭാജ്യ ഘടകമാണ്. ജംഷഡ്പുരുമായുള്ള മൽസരത്തിൽ ജീവനറ്റു കിടന്ന ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾക്ക് പകുതിക്കു ശേഷമിറങ്ങി ഊടും പാവും നൽകിയ മധ്യനിരയിലെ പോരാളി, സഹൽ മനോരമയോട്:

∙ ബ്ലാസ്റ്റേഴ്സ്

സ്വപ്നം പോലെയായിരുന്നു ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ്. അൽ ഐനിലാണ് പ്ലസ്ടുവരെ പഠിച്ചത്. പിന്നെ കണ്ണൂർ എസ്എൻ കോളജിൽ. ആദ്യമായി ഐഎസ്എൽ മാച്ച് നേരിട്ടു കാണുന്നത് ടീമിലെത്തിയ ശേഷമാണ്. എല്ലാ പൊസിഷനിലും മികച്ച താരങ്ങളാണുള്ളത്. ഇൗ സീസണിൽ ബ്ലാസ്റ്റേഴ്സിൽ കളിക്കാനാകുമെന്ന് കരുതിയിരുന്നില്ല. പ്രീ സീസണിലെ കഠിനപ്രയത്നമാണ് വഴിതുറന്നത്.

∙ ഡേവിഡ് ജയിംസ്

എല്ലാവർക്കും ഏതു സമയവും സംസാരിക്കാനും കാര്യങ്ങൾ ചോദിച്ചറിയാനും അവസരം നൽകുന്നയാളാണ്. സീനിയേഴ്സ്,ജൂനിയേഴ്സ് – വിദേശ താരങ്ങൾ, ഇന്ത്യക്കാർ എന്നിങ്ങനെ വ്യത്യാസങ്ങളൊന്നുമില്ല. പരിശീലന സമയത്തു മികവു കാട്ടിയാൽ ടീമിലിടം കിട്ടുമെന്ന് ഉറപ്പാണ്.

∙ ഗെയിം ചേഞ്ചർ

അങ്ങനെയൊന്നുമില്ല. സെക്കൻഡ് ഹാഫിലാണ് ടീം മികച്ച രീതിയിൽ കളിക്കുന്നതന്നാണ് തോന്നുന്നത്. മികച്ച മുന്നേറ്റങ്ങൾ ഉണ്ടാകുന്നു. ഒരാളുടെ മാത്രം മികവല്ല, ഒത്തൊരുമയാണ്.

∙ എനർജി

ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ തന്നെയാണ് ടീമിന്റെ പവർഹൗസ്. ജയിച്ചാലും തോറ്റാലും ആരാധകർക്കു വേണ്ടി കളിക്കണമെന്നാണ് ജിങ്കാന്റെ പക്ഷം. കേരളത്തിലെ ആരാധകരുടെ പിന്തുണ കണ്ടാൽ എങ്ങനെ കളിക്കാതിരിക്കും. നമ്മൾ തകർന്നാലും അവർ ആവേശം നൽകും.