അന്ന് ഗ്രീൻഫീൽഡിൽ ആകെ എറിഞ്ഞത് 96 പന്തുകൾ; വരുമാനം 6.88 കോടി!

തിരുവനന്തപുരം ∙ വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ഏകദിനത്തിനായി ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്താനിരിക്കെ, ഓർമയിൽ തെളിയുന്നത് മഴയത്തു വെട്ടിച്ചുരുക്കി നടത്തിയ കഴിഞ്ഞ വർഷത്തെ ഇന്ത്യ–ന്യൂസീലൻഡ് മൂന്നാം ട്വന്റി20 മൽസരമാണ്. മഴയെ തോൽപിച്ചു വിജയകരമായി സംഘടിപ്പിച്ച ഈ മൽസരം കേരള ക്രിക്കറ്റ് അസോസിയേഷന്റെയും പണപ്പെട്ടി നിറയ്ക്കുകയും ചെയ്തു. 16 ഓവർ (96 പന്തുകൾ) മാത്രം നടന്ന കളിയിൽ നിന്നുള്ള ആകെ വരുമാനം 5.38 കോടി രൂപയായിരുന്നു. മൽസര നടത്തിപ്പിനായുള്ള ബിസിസിഐ വിഹിതമായ ഒന്നര കോടി രൂപ കൂടി ചേർത്താൽ ഇത് 6.88 കോടി രൂപയാവും.

ടിക്കറ്റ് വിൽപനയിലും ആകെ വരുമാനത്തിലും ഇതുവരെ കേരളത്തിൽ സംഘടിപ്പിച്ച രാജ്യാന്തര മൽസരങ്ങളിലെ റെക്കോർഡാണിത്. കൊച്ചിയിൽ നടന്ന രാജ്യാന്തര മൽസരങ്ങളിൽ ഗാലറി പൂർണമായും നിറഞ്ഞപ്പോൾ പോലും രണ്ടു കോടിക്കു താഴെയായിരുന്നു ടിക്കറ്റ് വരുമാനം. തിരുവനന്തപുരത്തു ടിക്കറ്റ് വരുമാനമായി ലക്ഷ്യമിട്ടത് 2.36 കോടി രൂപയായിരുന്നെങ്കിൽ ആവശ്യം ഏറിയതോടെ വിറ്റത് 2.91 കോടി രൂപയ്ക്ക്.

15 ഇരിപ്പിടം മാത്രമുള്ള ഒരു കോർപറേറ്റ് ബോക്സ് അമേരിക്കൻ കമ്പനി വാങ്ങിയത് അഞ്ച് ലക്ഷം രൂപയ്ക്കായിരുന്നു. 32000 ടിക്കറ്റുകളാണ് വിറ്റത്. പകുതിയിലേറെ ഓൺലൈനായി വിറ്റുപോയി.