Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊട്ടതെല്ലാം പിഴച്ച് വിൻഡീസ്, കളമറിഞ്ഞ് ഇന്ത്യൻ ബോളർമാർ: കാര്യവട്ടത്ത് ജയം അനായാസം

അഖിൽ രാജൻ
bumrah-kohli-celebraions

പിച്ച് മനസിലാക്കി നിലയുറപ്പിച്ചശേഷം ബാറ്റുവീശണമെന്ന അടിസ്ഥാന തത്വം വിൻഡീസ് നിര മറന്നപ്പോൾ ഇന്ത്യൻ ബോളര്‍മാർക്ക് കാര്യങ്ങള്‍ എളുപ്പമായ കാഴ്ചയാണ് കാര്യവട്ടത്ത് അഞ്ചാം ഏകദിനത്തില്‍ കണ്ടത്. ലൂസ് ഷോട്ടുകൾ കളിച്ച് അലക്ഷ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞെന്നും മികച്ച പിച്ചായിരുന്നെന്നും എന്നുള്ള വിൻഡീസ് ക്യാപ്റ്റൻ ജേയ്സൺ ഹോൾഡറുടെ ‘കുറ്റസമ്മതം’ മൽസരത്തിന് തൊട്ടുപിന്നാലെ വന്നു.

എന്തുകൊണ്ട് ആദ്യം ബാറ്റ് ചെയ്തു ?

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ എടുത്ത തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു വിൻഡീസ് ബാറ്റിങ് നിരയുടെ പ്രകടനം. പക്ഷെ എന്തുകൊണ്ട് വിൻഡീസ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു ? പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്ന ധാരണയാണ് മൽസരത്തിന് മുൻപ് ലഭിച്ചിരുന്നത്. അതോടൊപ്പം നാലാം ഏകദിനത്തിൽ ഏറ്റ വമ്പൻ പരാജയത്തിൽ നിന്നു പൂർണമായും വിൻഡീസ് മുക്തമായിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത് ഒരു ഡിഫൻസീവ് ടോട്ടൽ സ്വന്തമാക്കി ഇന്ത്യൻ നിരയെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിലായിരുന്നു വിൻഡീസ്.

കളമറിഞ്ഞ് ഇന്ത്യൻ ബോളർമാർ

ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയും പിച്ചറിഞ്ഞു പന്തെറിഞ്ഞപ്പോൾ വിൻഡീസ് മുൻനിര ലക്ഷ്യമില്ലാതെ ഷോട്ടുകൾ ഉതിർക്കാനാണു ശ്രമിച്ചത്. 5 വിക്കറ്റുകൾ വീതം വീഴ്ത്തി പേസർമാരും സ്പിന്നര്‍മാരും ചേർന്ന് വിൻ‍‍‍ഡീസിനെ എറിഞ്ഞിട്ടു. ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവറിന്റെ നാലാം പന്തിൽതന്നെ കീറോൺ പവൽ ധോണിയുടെ കയ്യിലെത്തി.

വിൻഡീസ് ഇന്നിങ്സ് കെട്ടിപ്പെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ഷായ് ഹോപ് തൊട്ടടുത്ത ഓവറിൽ ബുമ്രയ്ക്ക് വിക്കറ്റ് സമ്മാനിച്ചതോടെ ചിത്രം വ്യക്തമായി. വമ്പനടിക്കാരനായിരുന്ന ഹെയ്റ്റ്മെയർ തൊട്ടുപിന്നാലെ ജഡേജയ്ക്ക് വിക്കറ്റ് നൽകി കൂടാരംകയറി. വിൻഡീസ് നിരയിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചത് മർലോൺ സാമുവൽസ് മാത്രമാണ്. വിൻഡീസ് ബാറ്റ്സ്മാൻമാരിൽ 3 പേരാണ് സംപൂജ്യരായത്, 8 പേർക്ക് രണ്ടക്കം കടക്കാൻ പോലുമായില്ല ! 

ഫോം തുടർന്ന് ഹിറ്റ്മാൻ

നാലാം ഏകദിനത്തിൽ നിർത്തിയിടത്തുനിന്നുതന്നെ രോഹിത് ശർമ തുടങ്ങി. പിച്ചിന്റെ സ്വഭാവും പന്തിന്റെ ഗതിയും മനസിലാക്കി രോഹിത് ബാറ്റ് വീശിയപ്പോൾ ആരാധകർക്കത് വിരുന്നായി. മിഡ് വിക്കറ്റിനും മിഡ് ഓഫിനും മുകളിലൂടെ രോഹിത് പറത്തിയ സിക്സറുകൾ ആരാധകരെ ആവോളം ആവേശത്തിൽമുക്കി. നേരിട്ട ആദ്യപന്തിൽ തന്നെ ബൗണ്ടറി നേടി കോഹ്‍ലിയും വരവറിയിച്ചു. 56 പന്തുകളിൽ നിന്നായി 63 റൺസ് അടിച്ചെടുത്ത ഹിറ്റ്മാനും 29 പന്തുകളിൽ നിന്ന് 6 ബൗണ്ടറികൾ സഹിതം 33 റണ്‍സ് നേടിയ കോ‍ഹ്‍ലിയും ചേർന്ന് ഇന്ത്യൻ വിജയം വളരെപ്പെട്ടെന്നാക്കി. ശിഖർ ധവാന്റെ പ്രകടനം മാത്രമാണു നിരാശപ്പെടുത്തിയത്. അ‍ഞ്ച് മൽസരങ്ങളുടെ ഏകദിന പരമ്പരയിൽ ഒരു അർധ സെഞ്ചുറി പോലും കുറിക്കാനാകാതെ പോകുന്നത് ധവാന്റെ കരിയറിൽ ആദ്യമാണ്. 

സെറ്റായി ടീം

പരമ്പരയ്ക്ക് മുൻപായി ഇന്ത്യൻ ക്യാപ്റ്റൻ കോ‍ഹ്‍ലി വാചാലനായത് ഇടംകയ്യൻ പേസ് ബോളർ ഖലീൽ അഹമ്മദിനെക്കുറിച്ചും അമ്പാട്ടി റായുഡുവിനെക്കുറിച്ചുമാണ്. ക്യാപ്റ്റന്റെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം ഈ പരമ്പരയിലുടനീളം ഇരുവർക്കും കാഴ്ചവയ്ക്കാനായി. കാര്യവട്ടത്തെ മൽസരത്തിനുശേഷം കോ‌ഹ്‍ലി നടത്തിയ വാർത്താസമ്മേളനത്തിൽ ഏറെ പ്രശംസിച്ചതും ഇരുവരെയുമാണ്. ഇടം കയ്യൻ പേസറെന്ന നിലയിൽ ഖലീൽ അഹമ്മദ് ടീമിന്റെ പേസ്നിരയ്ക്ക് ശക്തിപകരും. മികച്ച രീതിയിൽ ഖലീൽ പന്തെറിയുന്നുണ്ട്. അമ്പാട്ടി റായുഡുവിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുന്ന നാലാം നമ്പറിൽ റായുഡു അനുയോജ്യനാണ്, കോഹ്‍ലി പറഞ്ഞു.

എം.എസ്.ധോണി ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പ് കളിക്കുമെന്നും ഇന്ത്യൻ  നായകൻ വ്യക്തമാക്കി. ട്വന്റി 20 പരമ്പരയിൽ നിന്ന് ധോണിയെ ഒഴിവാക്കിയത് സംബന്ധിച്ച് സിലക്ടർമാർ വിശദീകരിച്ചിട്ടുണ്ട്. ഏകദിന മല്‍സരങ്ങളിൽ ധോണി ഇന്ത്യൻ ടീമിന് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ട്വന്റി 20യിൽ ധോണിയെ മാറ്റിനിർത്തിയത് ഋഷഭ് പന്തിന് കൂടുതൽ അവസരം നൽകാനാണ്, അല്ലാതെ മറ്റൊന്നും അതിലില്ലെന്ന് ക്യാപ്റ്റനെന്ന നിലയില്‍ തനിക്ക് ഉറപ്പുനൽകാൻ കഴിയുമെന്നും കോ‌ഹ്‍ലി പറഞ്ഞു. വരാനിരിക്കുന്ന ലോകകപ്പ് മുന്നിൽ കണ്ട് ടീമിന്റെ ഫീൽഡിങ് മെച്ചപ്പെടുത്തേണ്ടതുണ്ട്. ഫിറ്റ്നസ് വീണ്ടെടുത്ത് ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയാൽ രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന് ഉറപ്പുപറയാൻ കഴിയല്ലെന്നും നായകൻ കൂട്ടിച്ചേർത്തു.

related stories