Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാൽപത്തിയെട്ടാം വയസ്സിൽ വിശ്വനാഥൻ ആനന്ദിന് ലോക റാപ്പിഡ് ചെസ് കിരീടം

Viswanathan Anand

റിയാദിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ ലോക റാപ്പിഡ് ചെസ് കിരീടം ചൂടിയതിനുശേഷം ആനന്ദിനെ തേടിയെത്തിയ ആദ്യ അഭിനന്ദന ട്വീറ്റുകളിലൊന്ന് ഗാരി കാസ്പറോവിന്റേതായിരുന്നു. ‘‘അറുപതുകളിൽ ജനിച്ച മനുഷ്യന് അഭിനന്ദനങ്ങൾ. ഈ വിജയം താങ്കൾ വിരമിക്കുന്നില്ലേ എന്ന് ചോദിക്കുന്നവർക്കു സമർപ്പിക്കൂ...’’–ആനന്ദ് പറയാനാഗ്രഹിക്കുന്നതും എന്നാൽ തന്റെ മാന്യത കൊണ്ട് പറയാതിരിക്കുന്നതുമായ കാര്യം കാസ്പറോവ് പറഞ്ഞു!

ഈ വർഷമാദ്യം ഒരിക്കൽ വിരമിക്കലിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ ആനന്ദിന്റെ മറുപടി മറ്റൊരു വിധത്തിലായിരുന്നു. ‘‘ഏതൊരു മൽസരത്തിലും പൂജ്യത്തിനു മുകളിലുള്ള ഒരു സാധ്യത എനിക്കുണ്ടല്ലോ. അതെങ്കിലും എനിക്കു നൽകൂ...’’ പറഞ്ഞു പറഞ്ഞു മടുത്തിട്ടാകാം ഒടുവിൽ ആനന്ദ് ജയിച്ചു കാണിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ചത്. എക്കാലത്തും തന്റെ ഇഷ്ട പോർക്കളമായ റാപ്പിഡ് ചെസ് തന്നെ അതിനു തിരഞ്ഞെടുത്തു. റിയാദിൽ നടന്ന ചാംപ്യൻഷിപ്പിൽ ഒരു റൗണ്ട് പോലും തോൽക്കാതെയാണ് ആനന്ദ് ചാംപ്യനായത്. പതിനഞ്ചു റൗണ്ടുകൾക്കുശേഷം ടൈ വന്നതോടെ ടൈബ്രേക്കിൽ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ വ്ലാദിമിർ ഫെദോസീവിനെ തോൽപിച്ചാണ് ആനന്ദ് കിരീടം ചൂടിയത്. പതിനാലു വർഷങ്ങൾക്കു ശേഷമാണ് ആനന്ദ് ലോക റാപ്പിഡ് ചെസ് കിരീടം ചൂടുന്നത്.

ജയത്തിനൊപ്പം ആനന്ദിനും ആരാധകർക്കും സന്തോഷം നൽകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. രണ്ടു വട്ടം ക്ലാസിക്കൽ ലോക ചാംപ്യൻഷിപ്പിൽ തന്നെ വീഴ്ത്തിയ നോർവെയുടെ മാഗ്‌നസ് കാൾസനെ കൂടി തോൽപിച്ചാണ് ആനന്ദ് കിരീടത്തിലെത്തിയത്. ഒൻപതാം റൗണ്ടിൽ കാൾസനെ തോൽപിച്ചത് ആനന്ദിന് വിജയത്തിലേക്കുള്ള മധുരവും ഇന്ധനവുമായി. രണ്ടായിരത്തിൽ ടെഹ്റാനിൽ ആനന്ദ് ആദ്യ ഫിഡെ ലോക ചെസ് കിരീടം ചൂടുമ്പോൾ പത്തു വയസ്സുകാരനായിരുന്നു കാൾസൻ. പതിനേഴു വർഷങ്ങൾക്കുശേഷം കാൾസൻ വാഴുന്ന കാലത്തും ആനന്ദ് കളത്തിലുണ്ട്– ഒപ്പമുള്ളവരെല്ലാം വീണു പോയിട്ടും ഒറ്റയ്ക്കു പൊരുതുന്ന ഒരു കാലാളായി.