Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഹാൽ സമം ‘ആനന്ദം’! വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളച്ച് പതിനാലുകാരൻ നിഹാൽ സരിൻ!

Nihal ടാറ്റാ സ്റ്റീൽ റാപ്പിഡ് ചെസിൽ നിഹാൽ സരിൻ വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ പിടിച്ചപ്പോൾ. ടാറ്റാ സ്റ്റീൽ ചെസ് ഇന്ത്യ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം.

തൃശൂർ∙ റാപ്പിഡ് ചെസ് ‘രാജാവ്’ വിശ്വനാഥൻ ആനന്ദിനെ ‘സുപ്രസിദ്ധ ചെസ് പയ്യൻ’ ‍നിഹാൽ സരിൻ തളച്ചു. കൊൽക്കത്തയിൽ നടക്കുന്ന ടാറ്റാ സ്റ്റീൽ രാജ്യാന്തര റാപിഡ് ചെസ് മൽസരത്തിന്റെ എട്ടാം റൗണ്ടിലാണു നിഹാൽ സരിൻ,  വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ പിടിച്ചത്. ഇതോടെ, 14–ാം വയസിൽ നിഹാൽ സരിനു ചെസ് ബോർഡിൽ വീണ്ടും അപൂർവനേട്ടം.

എട്ടുകളിയിൽ ആറെണ്ണത്തിലും സമനില പിടിച്ച നിഹാൽ പിടികൂടിയതെല്ലാം വമ്പൻ ലോകതാരങ്ങളെയാണ്. റാപിഡ് ചെസിലെ മുൻ ലോകചാംപ്യൻ ആനന്ദിനെക്കൂടാതെ കഴിഞ്ഞ വർഷത്തെ ലോകചാംപ്യൻഷിപ്പിൽ റണ്ണർ അപ് ആയ സെർജി കറിയാക്കിൻ, നിലവിലെ ലോക മൂന്നാം നമ്പർ താരം മാമദ്യെറോവ്, ലോക 25–ാം നമ്പർ ഹരികൃഷ്ണ, 44–ാം നമ്പർ താരം വിദിത് ഗുജറാത്തി എന്നിവരെയൊക്കെ മികച്ചപ്രകടനത്തിലൂടെ നിഹാൽ സമനിലയിൽ പിടിച്ചു. 

തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലെ അസിസ്‌റ്റന്റ് പ്രഫസർ അയ്യന്തോൾ ശ്രുതിയിൽ ഡോ. എ.സരിന്റെയും സൈക്യാട്രിസ്‌റ്റ് ഡോ. ഷിജിൻ എ. ഉമ്മറിന്റെയും മകനായ നിഹാൽ കുറച്ചുനാൾ മുൻപ്  ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയിരുന്നു.  ഇന്ത്യയുടെ അൻപത്തിമൂന്നാം ഗ്രാൻഡ്മാസ്റ്ററാണു നിഹാൽ. ലോക യൂത്ത് ചെസ് ഒളിംപ്യാഡിൽ  സ്വർണം കൊയ്ത നിഹാൽ അണ്ടർ 14 ലോക ഒന്നാം നമ്പർ താരമായിരുന്നു

നിഹാൽ സരിന്റെ മികവ് അറിയാവുന്ന ആനന്ദ് മികച്ചൊരു പോരാട്ടം പ്രതീക്ഷിച്ചു തന്നെയാണു കളിച്ചതെന്നു നിഹാലിന്റെ മാനേജർ പ്രിയദർശൻ ബൻജാൻ പറഞ്ഞു. വെള്ളക്കരുവിൽ കളിച്ചതിന്റെ ആനുകൂല്യം ഉപയോഗിച്ചുള്ള മുന്നേറ്റമായിരുന്നു നിഹാലിന്റേത്. സമനിലയിൽ പതറാതെ ഇരുവരും കളി വിശകലനം ചെയ്തു പിരിഞ്ഞു. 

മൽസരത്തിനു പുറപ്പെടും മുൻപ് ആനന്ദ് ട്വീറ്റ് ചെയ്തിരുന്നു: ‘‘ മനസിൽ പ്രിയമേറിയ ചെസ് ഓർമകൾ നിറയ്ക്കുന്ന കൊൽക്കത്തയിലേക്കു പോവുകയാണ്’’. മടങ്ങിപ്പോകുമ്പോൾ കൊൽക്കത്തയിലെ അത്ര പ്രിയതരമല്ലാത്ത ഓർമയാണ് ആനന്ദിന്,  നിഹാൽ സരിൻ!