Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക ചെസിലെ യെന്തിരനായി മാഗ്നസ് കാൾസൻ

magnes-carlsen-sketch മാഗ്നസ് കാൾസൻ (വര: റിങ്കു തിയോഫിൻ)

ലേറ്റായി വന്താലും മാഗ്നസ് കാൾസൻ ലേറ്റസ്റ്റ് തന്നെ; കളത്തിലെ ഒരു നീക്കം 100 നീക്കത്തിനു തുല്യവും ! അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഫാബിയാനോ കരുവാനയ്ക്കെതിരെ ലോക ചെസ് ചാംപ്യൻഷിപ്പിൽ 12 ഗെയിമുകൾ സമനില വഴങ്ങിയ ശേഷം ടൈബ്രേക്കറിൽ നോർവെ താരം മാഗ്നസ് കാൾസന് കണ്ണഞ്ചിപ്പിക്കുന്ന ജയം.

ടൈബ്രേക്കറിലെ ആദ്യ മൂന്നു ഗെയിമുകളും ജയിച്ചാണ് കാൾസൻ നാലാം വട്ടം ലോക കിരീടമണിഞ്ഞത്. മനുഷ്യബുദ്ധിയുടെ അളവു കോലുകളിലൊന്നായ ചെസിൽ സഹജമായ ബുദ്ധിയും യന്ത്രസമാനമായ കൃത്യതയും പ്രദർശിപ്പിച്ച് 27കാരൻ കാൾസന്റെ ജയം. 

∙ നോർവെക്കാരനായ മാഗ്‌നസ് കാൾസന്റെ നാലാം ലോക ക്ലാസിക്കൽ ചെസ് കിരീടമാണിത്. 2013, 2014 വർഷങ്ങളിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെയും 2016ൽ റഷ്യയുടെ സെർജി കര്യാക്കിനെയുമാണ് കാൾസൻ തോൽപ്പിച്ചത്. 

∙ ലോക ചാംപ്യൻ പട്ടം നിലനിർത്താനായി മാഗ്നസ് കാൾസൻ ഇത്തവണ കളിച്ചത് 50 മണിക്കൂറിലേറെ സമയം. ആദ്യ ഗെയിം ആയിരുന്നു ഏറ്റവും ദൈർഘ്യമേറിയത്. ഏഴു മണിക്കൂർ. 

∙ ഗാരി കാസ്പറോവ്–അനറ്റൊളി കാർപ്പോവ്(1990) മൽസരത്തിനു ശേഷം ഇതാദ്യമായിട്ടാണ് ലോക ഒന്നാം നമ്പർ താരവും രണ്ടാം നമ്പർ താരവും ലോക ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. 

∙ ചെസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിങ് നേടിയ താരമാണ് കാൾസൻ. 2014 മേയിൽ കൈവരിച്ച 2882 ആണിത്. 

∙ അഞ്ച് തവണ ചെസ് ഓസ്കാർ നേടിയ താരമാണ് കാൾസൻ. റഷ്യൻ മാസികയായ 64 ആണ് ചെസിലെ ഈ ഉന്നത പുരസ്കാരം നൽകുന്നത്. 

∙ മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിനെതിരെ ഒരു ചെസ് മൽസരത്തിൽ പങ്കെടുത്തിട്ടുണ്ട്. വെറും 80 സെക്കൻഡിൽ ഒൻപതു നീക്കങ്ങൾ കൊണ്ട് കാൾസൻ ഗേറ്റ്സിനെ തോൽപ്പിച്ചു. 

∙ കാൾസന്റെ ചെസിലെ മികവു കണ്ട് വാഷിങ്ടൻ പോസ്റ്റ് ദിനപത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചതിങ്ങനെ: ചെസിലെ മൊസാർട്ട്. 

∙ കാൾസന്റെ പിതാവ് ഹെൻറിക് കാൾസനും ചെസ് താരമായിരുന്നു. അദ്ദേഹത്തിനെതിരെ കളിച്ചു ജയിച്ചിട്ടുമുണ്ട് കാൾസൻ. 

∙ 2010ൽ വാസെലിൻ ടോപലോവിനെതിരെ ലോക ചാംപ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദിന്റെ ഒരുക്കങ്ങളിൽ അദ്ദേഹത്തെ സഹായിച്ചിരുന്നു കാൾസൻ. 

∙ ആനന്ദ് കാൾസനെ വിളിച്ചിരുന്നത് ‘മാഗി’ എന്നാണ്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ കാൾസന്റെ മറുപടിയിങ്ങനെ. ആനന്ദ് ഒരു ലോക ചാംപ്യനാണ്. അദ്ദേഹത്തിന് എന്നെ എന്തും വിളിക്കാം. 

∙ റയൽ മഡ്രിഡ് ഫുട്ബൾ ക്ലബിന്റെ ആരാധകനാണ് കാൾസൻ. 2014ൽ സെൽറ്റ വിഗോയ്ക്കെതിരെ റയലിന്റെ ഒരു മൽസരത്തിന് കിക്കോഫ് നടത്തിയത് കാൾസൻ ആയിരുന്നു.