Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാക്ക് മാറണം ; ഓരോ ലാപ്പിലും പ്രഫഷനലാകണം

sports-selection-track

നഴ്സറിയിൽ തുടങ്ങാം
ടി.പി. ദാസൻ
(സ്പോർട്സ് കൗൺസിൽ
പ്രസിഡന്റ്)

നഴ്സറി മുതൽ കായികവിദ്യാഭ്യാസം അനിവാര്യമാണ്. എന്നാൽ, നാലാം ക്ലാസ് വരെ ടിടിസിക്കാരായ അധ്യാപകരാണു സ്കൂളുകളിലുള്ളത്. ടിടിസിയുടെ ഫിസിക്കൽ എജ്യൂക്കേഷൻ സിലബസ് കാലപ്പഴക്കം ചെന്നതാണ്. ഇതു പരിഷ്കരിക്കണം. ഹൈസ്കൂളുകളിലും കായികാധ്യാപകരുടെ എണ്ണം കുറയുകയാണ്. യുപി സ്കൂൾ അധ്യാപകന്റെ വേതനമാണ് ഹൈസ്കൂളിലെ കായികാധ്യാപകനു കിട്ടുന്നത്. സ്കൂൾ സ്പോർട്സിനെ കായികരംഗവുമായി കൂട്ടിയോജിപ്പിക്കുന്ന ഒഫിഷ്യൽ ബോഡി നമുക്കുണ്ടാവണം. ബേസിക് ജിംനാസ്റ്റിക്സ് സിലബസിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചു ചർച്ചകൾ നടക്കുന്നു. കളരി പോലുള്ള മാ‍ർഷ്യൽ ആർട്സിനെയും ഇതുമായി ബന്ധപ്പെടുത്താവുന്നതാണ്.

പ്രഫഷനായി കാണണം
ഡോ. ജി.കിഷോർ
(സായ് മേഖലാ ഡയറക്ടർ)

കായികവാസന വളരെ ചെറുപ്പത്തിലേ കണ്ടെത്താനുള്ള ശ്രമങ്ങൾ ഉണ്ടാവണം. അതിനുശേഷം സായ്, സ്പോർട്സ് കൗൺസിൽ സംവിധാനങ്ങളിലേക്കു കൊണ്ടുവന്നു തുടർപരിശീലനം നൽകണം. സിന്ധുവാകണമെന്നോ ഉസൈൻ ബോൾട്ടാകണമെന്നോ കുട്ടികൾ പറയുന്ന ഒരു കാലം വരണം. അത്തരം തോന്നലുണ്ടാകുന്ന കാലത്തു കായികരംഗത്തു കുതിപ്പുണ്ടാകും. സ്പോർട്സിനെ ഒരു പ്രഫഷനായി കാണാനുള്ള മനോഭാവം സമൂഹവും രക്ഷിതാക്കളും വളർത്തിയെടുത്തെങ്കിൽ മാത്രമേ ഈ മേഖലയിലേക്കു കൂടുതൽ പേരെത്തുകയുള്ളൂ.


രണ്ടാം നിര വരട്ടെ
എസ്.പഴനിയാ പിള്ള
(ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ
ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ)

പോയിന്റ് അടിസ്ഥാനത്തിൽ ചാംപ്യൻഷിപ് നിർണയിക്കുന്ന രീതി വന്നതോടെ കൂടുതൽ താരങ്ങളെ ഇറക്കുന്ന സംസ്ഥാനത്തിനു കൂടുതൽ പോയിന്റ് കിട്ടിത്തുടങ്ങി. എന്നാൽ, കേരളത്തിൽനിന്ന് ഇപ്പോഴും രണ്ടോ മൂന്നോ പേർ മാത്രമേ ഓരോയിനത്തിലും ഉണ്ടാവൂ. മികച്ച ഒരു രണ്ടാംനിരയുടെ കുറവാണ് അടിസ്ഥാന പ്രശ്നം. സ്കൂളുകളിൽനിന്നാണ് ഈ രണ്ടാംനിരയെ കണ്ടെത്തേണ്ടത്. അതിനായി ചെറുപ്പം മുതലേ കുട്ടികൾക്കു ഫിറ്റ്നസ് ഉണ്ടാക്കണം. സാവധാനം അവർക്കു മികച്ച പരിശീലനം നൽകണം.

സ്കൂൾ മൽസരം മാത്രം പോരാ

ബേബി മാത്യു സോമതീരം 

(കേരള അത്‌ലറ്റിക് 

അസോസിയേഷൻ പ്രസിഡന്റ്)

സ്കൂളുകൾ തമ്മിലുള്ള മത്സരത്തിനുവേണ്ടി മാത്രം താരങ്ങളെ ഒരുക്കുന്ന രീതിക്കു മാറ്റം വരുത്തണം. കായിക വിദ്യാഭ്യാസ പരിപാടി ഫലപ്രദമായി നടപ്പാക്കണം. പരിശീലകർക്കായി തുടർവിദ്യാഭ്യാസ പരിപാടികൾ ആസൂത്രണം ചെയ്യണം. ശാസ്ത്രീയരീതിയിലുള്ള ഭക്ഷണക്രമം താരങ്ങൾക്കായി കൊണ്ടുവരണം. മീറ്റുകളിൽ പങ്കെടുക്കാൻ പോകുന്ന താരങ്ങൾക്കു മികച്ച സൗകര്യങ്ങളൊരുക്കാൻ ഫണ്ട് അനുവദിക്കണം.

പരിശീലനം പ്രധാനം
എം.ആർ.രഞ്ജിത്ത്
(സ്പോർട്സ് കൗൺസിൽ
ഭരണസമിതി അംഗം)

അത്‍ലറ്റിക്സിൽ പ്രതിഭകളെ കണ്ടത്തുന്നതിനു സ്പോർട്സ് കൗൺസിലിന് ഒട്ടേറെ പദ്ധതികളുണ്ട്. പക്ഷേ, കേരളത്തിലെ കായിക താരങ്ങളിലും പരിശീലകരിലും ഒട്ടേറെ പേർ അതിനോട് മുഖംതിരിച്ചുനിൽക്കുന്നതാണു പ്രശ്നം. ഓപ്പറേഷൻ ഒളിംപിയ പദ്ധതിയിലേക്കു കൗൺസിൽ 20 താരങ്ങളെ തിരഞ്ഞെടുത്തു. പക്ഷേ, അവരിലൊരാൾ പോലും പരിശീലന പദ്ധതിയിൽ ചേർന്നിട്ടില്ല. വിദഗ്ധ പരിശീലന അവസരങ്ങൾ നഷ്ടമാക്കി അത്‍ലീറ്റുകൾ ഒരു പരിശീലകനു കീഴിൽ തുടരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായേ തീരൂ. അത്‍ലീറ്റുകളുടെ നല്ല ഭാവിയെക്കരുതി സ്കൂൾതല മൽസരങ്ങളുടെ എണ്ണം നിയന്ത്രിക്കണം. സ്പോർട്സ് കൗൺസിലിനു കീഴിലുള്ള കുട്ടികളുടെ പരിശീലനത്തിനും ഭക്ഷണത്തിനുമായി കോടികളാണു ചെലവിടുന്നത്. എന്നാൽ, ചിലയിടത്തു കുട്ടികൾക്ക് അർഹതപ്പെട്ടവ നൽകാതെ ക്രമക്കേടുകൾ നടക്കുന്നുണ്ട്.

കിഡ്സ് അത്‌ലറ്റിക്സ്
വേണം
പി.ഐ.ബാബു
(കേരള അത്‍ലറ്റിക്സ്
അസോസിയേഷൻ സെക്രട്ടറി)

അത്‍ലറ്റിക്സിലേക്കു പുതുതായെത്തുന്ന കുട്ടികളുടെ എണ്ണം കുറയുന്നു. താൽപര്യത്തോടെ എത്തുന്നവരിൽ പലരെയും ചെറുപ്രായത്തിൽ നൽകുന്ന അമിത പരിശീലനം തളർത്തുന്നു. പതിനാലു വയസ്സിനു മുൻപു കുട്ടികൾക്ക് മൽസരയിനങ്ങൾ നിശ്ചയിച്ച് പരിശീലനം നൽകരുതെന്നാണു രാജ്യാന്തര അത്‍ലറ്റിക്സ് ഫെഡറേഷന്റെ നിർദേശം. കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാൻ രാജ്യാന്തര തലത്തിൽ ആവിഷ്കരിച്ച ‘കിഡ്സ് അത്‍ലറ്റിക്സ്’ കേരളത്തിലും നടപ്പാക്കേണ്ടതാണ്.


ചെറുപ്രായത്തിൽ തീരരുത്
ഡോ. പി.ടി.ജോസഫ്
(ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ,
കണ്ണൂർ യൂണിവേഴ്സിറ്റി)

ജൂനിയർ തലത്തിൽ അത്‍ലീറ്റുകൾക്കായി പരിശീലന പദ്ധതികളില്ലാത്തതാണ് ഇപ്പോൾ കേരളം നേരിടുന്ന വെല്ലുവിളി. സ്കൂൾ മീറ്റുകളിൽ മിന്നിത്തിളങ്ങുന്ന താരങ്ങളിലധികവും സർവകലാശാല തലത്തിൽ നിറംമങ്ങുന്നതിനു കാരണവും ഇതാണ്. ഇതിനു മാറ്റമുണ്ടാകണം. മൽസര ഇനങ്ങൾ നിയന്ത്രിച്ചു കൗമാര താരങ്ങളെ ശാസ്ത്രീയമായ പരിശീലന പരിപാടികളിലേക്കു വഴിതിരിച്ചുവിടണം. സർക്കാർ സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികളുടെ പ്രകടനങ്ങൾ നിരീക്ഷിക്കാൻ സംവിധാനം വേണം.


കായികാധ്യാപകർ വേണം

ടോമി ചെറിയാൻ
(അത്‍ലറ്റിക്സ് പരിശീലകൻ)

പ്രൈമറി തലത്തിൽ കായിക അധ്യാപകരെ നിയമിക്കാതെ ഗ്രാസ്റൂട്ട് ലെവലിൽനിന്ന് അത്‍ലീറ്റുകളെ കണ്ടെത്തണമെന്നു പറയുന്നത് മണ്ടത്തരമാണ്. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി സംസ്ഥാനത്തെ 56 ശതമാനം പൊതു വിദ്യാലയങ്ങളിൽ നിലവിൽ കായിക അധ്യാപകരില്ല. 873 ഗവ. യുപി സ്കൂളുകളിൽ കായിക പരിശീലകരുള്ളത് 143 സ്കൂളുകളിൽ മാത്രമാണ്. 610 ഗവ. ഹൈസ്കൂളുകളിലും കായിക പഠനമില്ല ഹയർസെക്കൻഡറി സ്കൂളുകളിലെവിടെയും കായിക അധ്യാപക തസ്തികയില്ല.
എൽപി സ്കൂളുകളിൽ കായിക വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കണം. പ്രൈമറി തലത്തിൽ തന്നെ അത്‍ലറ്റിക്സിലെ പ്രാഥമിക പരിശീലന പരിപാടികൾ ആരംഭിക്കാനായാൽ ദേശീയ താരങ്ങളുടെ എണ്ണം കൂടും.

സ്വതന്ത്ര ഏജൻസി വേണം
പി.പി.ബിനീഷ്
(അസി. പ്രഫസർ, ഫിസിക്കൽ എജ്യുക്കേഷൻ,
പരിയാരം മെഡിക്കൽ കോളജ്)

48 ഒളിംപ്യൻമാരാണ് കേരള കായിക രംഗത്തിന് ഇതുവരെ ലഭിച്ചത്. അതിൽ 33 പേരും അത്‍ല
റ്റിക്സിൽ നിന്നായിരുന്നു. നാടിനു കൂടുതൽ ദേശീയ, രാജ്യാന്തര നേട്ടങ്ങൾ സമ്മാനിക്കുന്ന കായിക ഇനത്തെ സംരക്ഷിക്കാൻ ഇവിടെ ഫലപ്രദമായ സംവിധാനങ്ങൾ വേണം. ജിംനാസ്റ്റിക്സ് എന്ന കായിക ഇനത്തിനു വേണ്ടി മാത്രം ചൈനയിൽ പ്രത്യേക സർക്കാർ ഏജൻസി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ അത്‍ലറ്റിക്സിനായി വേണ്ടതും ഇത്തരമൊരു സ്വതന്ത്ര ഏജൻസിയെയാണ്. അത്‍ലറ്റിക്സിന്റെ വളർച്ചയ്ക്ക് കേരളത്തിൽ സർക്കാർ മേൽനോട്ടത്തിൽ സ്വതന്ത്ര സംവിധാനം വേണം.


ഈ പരിശീലനം ‌പോരാ
പത്മിനി തോമസ്
(മുൻ രാജ്യാന്തര താരം)

ചെറുപ്രായത്തിൽ കുട്ടികളിലെ കഴിവു കണ്ടെത്താൻ സൗകര്യങ്ങളില്ല. 10–ാം വയസ്സിൽ താരങ്ങളെ കണ്ടുപിടിക്കണം. ഇതിനു വിദഗ്ധമായ രീതികളുണ്ട്. പരിശീലകരും പരിശീലന രീതികളും മെച്ചപ്പെടണം. പരിശീലകരിൽ ഏറെപ്പേരും രാവിലെയും വൈകിട്ടും രണ്ടുമണിക്കൂർ വീതം പരിശീലനം കൊണ്ടു ജോലി അവസാനിപ്പിക്കുന്നവരാണ്. പ്ലസ് ടു തലത്തിൽ സ്കൂളുകളിൽ കായികാധ്യാപകരില്ലാത്തതും പോരായ്മയാണ്. സംസ്ഥാനത്തെ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ളവയിൽ വേണ്ടത്ര സൗകര്യങ്ങളില്ല. സ്പോർട്സ് ഹോസ്റ്റലുകളിൽ കുട്ടികൾക്കു നല്ല ഭക്ഷണം പോലും ലഭിക്കുന്നില്ല.

നല്ല പരിശീലകരില്ല
ടി.പി. ഔസേപ്പ്
(അത്‌ലറ്റിക്സ് പരിശീലകൻ
എംഎ സ്പോർട്സ് അക്കാദമി)

വിദേശസ്കൂളുകളിൽ എൽകെജി തലം മുതൽ സ്പോർട്സ് ഉണ്ട്. ഇന്ത്യയിൽ ഒരിടത്തുമില്ല ഇപ്പോഴും ഇത്. അത്‌ലറ്റിക്സ് ഇപ്പോഴും പാവപ്പെട്ടവരുടെ കളി ആണ്. അടിത്തട്ടിൽനിന്നു കണ്ടെത്തുന്ന കുട്ടികളെ കഷ്ടപ്പെട്ടു വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. അവരെ ഇന്ത്യൻ ക്യാംപിലേക്ക് അയയ്ക്കാറില്ല പലപ്പോഴും. കാരണം, ഈ ക്യാംപുകളിൽ മികച്ച പരിശീലകർ വളരെക്കുറവായിരിക്കും. നല്ല പരിശീലകരുണ്ടെങ്കിൽ ഉറപ്പായും കുട്ടികളെ അയയ്ക്കാം. അതില്ലാത്ത അവസ്ഥ മാറട്ടെ ആദ്യം.
എം.എ. അക്കാദമിയിലെ സാന്ദ്ര ബാബു കഴിഞ്ഞ തവണ വിദേശത്ത് ഉൾപ്പെടെയുള്ള മീറ്റുകൾ കഴിഞ്ഞു വന്നപ്പോൾ മൂന്നു മാസം പോയി. പഠനം ശരിയായില്ലെന്ന പഴി ഏറെ കേൾക്കേണ്ടി വന്നു. മീറ്റുകളുടെ കലണ്ടർ നോക്കി കുട്ടികളുടെ പഠനം അതനുസരിച്ചു ക്രമീകരിക്കാനുള്ള സമ്പ്രദായവും നമുക്ക് അനിവാര്യമാണ്.


കേരളം മുന്നോട്ടു തന്നെ
ഡോ. ജിമ്മി ജോസഫ്
(കായികാധ്യാപകൻ, അസംപ്ഷൻ കോളജ്,
ചങ്ങനാശേരി)

അത്‌ലറ്റിക്സിൽ കേരളം പിന്നോട്ടല്ല. അത്‌ലറ്റിക്സിന്റെ കലണ്ടർ മാറിയപ്പോഴും പരിശീലന രീതി മാറിയില്ലെന്നതാണ് ഇപ്പോഴത്തെ കിതപ്പിനു കാരണം. ജനുവരിയോടെ കേരളത്തിലെ സ്കൂളുകളിൽ പരിശീലനം അവസാനിക്കും. ഏപ്രിൽ– മേയ് മാസങ്ങളിൽ പരിശീലനമില്ല. സ്കൂൾ മീറ്റുകൾക്കു മാത്രമാണു കേരളത്തിലെ സ്കൂളുകൾ പ്രധാന്യം നൽകുന്നത്. അവ കഴിഞ്ഞാൽ പിന്നീടു പരീക്ഷാത്തിരക്കായി. പിന്നീടു സ്കൂൾ തുറന്ന ശേഷം ജൂണിൽ മാത്രമേ പരിശീലനം പുനരാരംഭിക്കു. ഈ സമയത്തു നടക്കുന്ന ജൂനിയർ ചാംപ്യൻഷിപ്പുകളിൽ കേരളത്തിനു മെഡൽ കുറയാൻ ഒരു കാരണമിതാണ്. യൂത്ത് ചാംപ്യൻഷിപ്പിലെ പങ്കാളിത്തം വളരെക്കുറവാകുന്നതിനും ഇതാണു കാരണം.