ചെസിൽ പതിമൂന്നിലെ ഭാഗ്യം തേടി നിഹാൽ

ഭാഗ്യദോഷത്തിന്റെ നമ്പറാണ് 13 എന്ന സങ്കൽപം മാറ്റിമറിക്കാൻ ഒരുങ്ങുകയാണ് ചെസ് ചാംപ്യൻ നിഹാൽ സരിൻ. നിഹാലിന്റെ ഇപ്പോഴത്തെ പ്രായം 13. ജനനത്തീയതി ജൂലൈ 13. പതിമൂന്നാം വയസ്സിലേക്കു പ്രവേശിച്ച നിഹാലിനെ തേടി ചില സുപ്രധാന നേട്ടങ്ങൾ പടിവാതിൽക്കലെത്തി നിൽക്കുന്നു. വെറും 13 പോയിന്റ് കൂടി നേടിയാൽ നിഹാൽ ഫിഡെ റേറ്റിങ്ങിൽ 2500 ക്ലബ്ബിലെത്തും. ഗ്രാൻഡ് മാസ്റ്റർ പദവിക്കുള്ള ആദ്യ ‘നോം’ ഏഴു മാസം മുൻപു നിഹാൽ സ്വന്തമാക്കിയിരുന്നു. രണ്ടു നോം കൂടി നേടിയാൽ ഗ്രാൻഡ്മാസ്റ്റർ പദവിയും തേടിയെത്തും. 

കഴിഞ്ഞ ഏപ്രിലിൽ നോർവേയിൽ നടന്ന ടൂർണമെന്റിലാണ് നിഹാൽ അവസാനമായി കളിച്ചത്. അന്ന് ഒറ്റയടിക്ക് 25 എലോ റേറ്റിങ് ഒറ്റയടിക്ക് ഉയർത്തുകയും ആദ്യ നോം സ്വന്തമാക്കുകയും ചെയ്തു. ഈ നേട്ടം സ്വന്തമാക്കിയ ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരൻ. നവംബർ ഏഴിനു നിഹാൽ അട‍ുത്ത പര്യടനത്തിനു പുറപ്പെടും.

ഐസ്‌ലൻഡ്, ഇംഗ്ലണ്ട്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്ര. റേറ്റിങ്ങിൽ 2600–2700 ഘട്ടത്തിലുള്ള മൂന്നു ഗ്രാൻഡ്മാസ്റ്റർമാരെയെങ്കിലും ഓരോ ടൂർണമെന്റിലും കീഴ്പ്പെടുത്തിയാൽ ഗ്രാൻഡ് മാസ്റ്റർ പദവി വേഗത്തിലാകും. ഡിസംബർ ആദ്യവാരത്തിൽ അഹമ്മദാബാദിൽ നടക്കുന്ന ലോക യൂത്ത് ചെസ് ഒളിംപ്യാഡിലും നിഹാൽ പങ്കെടുക്കും.