Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേ അക്കാദമി, രണ്ടിടത്ത് പരിശീലനം; സൈനയ്ക്കും സിന്ധുവിനുമിടയിൽ?

Sindhu-saina

രണ്ടു വാളുകൾ ഒരു ഉറയിൽ ഇടാനാവില്ല. കളിക്കളത്തിൽ ഇടയ്ക്കിടെ നേർക്കുവരുന്ന ബാഡ്മിന്റൻ സൂപ്പർതാരങ്ങളായ പി.വി.സിന്ധുവും സൈന നെഹ്‌വാളും സൂപ്പർ സുഹൃത്തുക്കളായിരിക്കുമെന്നു പ്രതീക്ഷിക്കാനും വയ്യ. എന്തായാലും കോമൺവെൽത്ത് ഗെയിംസിനു പിന്നാലെ ഇരുവരും തമ്മിൽ ഉടലെടുത്ത വൈരം പാരയായിരിക്കുന്നത് ഇവരുടെ പരിശീലകൻ പുല്ലേല ഗോപീചന്ദിനാണ്. ഒരുമിച്ച് പരിശീലിക്കില്ലെന്ന് വാശി പിടിച്ചതിനെ തുടർന്ന് ഇരുവരെയും വെവ്വേറെ അക്കാദമികളിലാണ് ഗോപീചന്ദ് പരിശീലിപ്പിക്കുന്നതത്രെ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് െചയ്തത്.

കോമൺവെൽത്ത് ഗെയിംസിനുശേഷം മടങ്ങിവന്നതിനു പിന്നാലെയാണ് ഇവരുടെ വൈരം സർവ സീമകളും ലംഘിച്ചത്. ഇനി ഒരുമിച്ച് പരിശീലിക്കില്ലെന്ന് വാശി പിടിച്ചതോടെയാണ് ഗോപീചന്ദ് ഇവരെ വെവ്വേറെ അക്കാദമികളിൽ പരിശീലിപ്പിക്കാനാരംഭിച്ചത്. താരങ്ങളുടെ സൗകര്യത്തിനു യോജിച്ച രീതിയിൽ പരിശീലിപ്പിക്കുന്നതാണ് തന്റെ രീതിയെന്നാണ് ഇതേക്കുറിച്ച് ഗോപീചന്ദിന്റെ പ്രതികരണം.

ഇരുവരെയും വെവ്വേറെ അക്കാദമികളിലേക്കു മാറ്റിയതോടെ, തന്റെ ടീമിനെത്തന്നെ രണ്ടായി വിഭജിക്കേണ്ടി വന്നു ഗോപീചന്ദിന്. ഒരു സംഘം കളിക്കാരും പരിശീലകരും സൈനയ്ക്കൊപ്പവും രണ്ടാമത്തെ സംഘം പരിശീലകരും കളിക്കാരും സിന്ധുവിനൊപ്പവും പരിശീലിക്കുന്ന രീതിയിലാണ് ക്രമീകരണം.

ഇക്കാര്യത്തിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. എല്ലാം നന്നായിത്തന്നെ പോകുന്നു. കളിക്കാരും ഇപ്പോഴത്തെ ക്രമീകരണത്തിൽ സംതൃപ്തരാണ് – ഗോപീചന്ദ് പറയുന്നു.

അര കിലോമീറ്റർ ദൂരത്തിലാണ് സൈനയും സിന്ധുവും പരിശീലിക്കുന്ന അക്കാദമികൾ. സിംഗിൾസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരങ്ങളെയാണ് ഒരു അക്കാദമിയിൽ പരിശീലിപ്പിച്ചിരുന്നത്. എന്നാൽ, ഒരിക്കൽ പിണങ്ങിപ്പോയ സൈന കഴിഞ്ഞ സെപ്റ്റംബറിൽ ഗോപീചന്ദിന്റെ അക്കാദമിയിലേക്കു മടങ്ങിയെത്തിയതോടെ രംഗം മാറി. ആദ്യം ഒരുമിച്ചു പരിശീലിച്ചിരുന്ന ഇരുവരും പിന്നീട് മാനസികമായി അകലുകയായിരുന്നു. ഇതോടെയാണ് രണ്ടു താരങ്ങളെയും രണ്ടിടത്താക്കാൻ ഗോപീചന്ദ് തീരുമാനിച്ചത്. ഇരുവരെയും അടുത്തറിയാവുന്നവർക്ക് ഇതിൽ തെല്ലും ആശ്ചര്യമില്ലെന്നാണ് അണിയറ വർത്തമാനം.

ഉലച്ചു കളഞ്ഞ തോൽവി

കോമൺവെൽത്ത് ഗെയിംസ് തോൽവിയെക്കുറിച്ച് പി.വി. സിന്ധു നടത്തിയ വൈകാരിക പ്രതികരണമാണ് സൈനയുമായുള്ള ബന്ധത്തെക്കുറിച്ച് സംശയങ്ങളുയർത്തിയത്.. ഫൈനലിൽ സൈനയോടേറ്റ തോൽവി താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്നു തോന്നിപ്പിക്കുന്നതായിരുന്നു സിന്ധുവിന്റെ പ്രതികരണം.

ഗോൾഡ്കോസ്റ്റിൽ സൈനയ്ക്കെതിരായ തോൽവിക്കുശേഷമുള്ള സിന്ധുവിന്റെ ശരീരഭാഷ കളിപ്രേമികൾ ഒട്ടും കണ്ടുശീലിച്ചതായിരുന്നില്ല. ഒളിംപിക്സിലും ലോക ചാംപ്യൻഷിപ്പിലും കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെട്ടിട്ടും പതറാതെ, പുഞ്ചിരിച്ച സിന്ധു സൈനയ്ക്കെതിരായ തോൽവിക്കു പിന്നാലെ തീർത്തും നിരാശയായി. 

മാധ്യമങ്ങൾക്കു മുൻപിൽ കാര്യമായ പ്രതികരണങ്ങൾക്കു മുതിരാതെ സ്റ്റേഡിയം വിട്ടു. പിന്നാലെ, തുടർതോൽവികളിൽ തന്നെ എഴുതിത്തള്ളരുതെന്നും ശക്തമായി തിരിച്ചുവരുമെന്നും അറിയിച്ചു സിന്ധു ട്വിറ്ററിലൂടെ കത്തും പുറത്തുവിട്ടു. ബാഡ്മിന്റനിലെ ഇന്ത്യയുടെ അഭിമാനതാരങ്ങൾക്കിടയിൽ സംഭവിക്കുന്നതെന്താണ്?

ഇരുവരും തമ്മിൽ

കളത്തിനകത്തും പുറത്തും സിന്ധുവും സൈനയും തമ്മിൽ ഒട്ടും നല്ല ബന്ധത്തിലല്ലെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഞങ്ങൾ‌ തമ്മിൽ വെറും ‘ഹായ്–ബൈ’ ബന്ധം മാത്രമേ ഉള്ളൂവെന്നും ഒരുമിച്ചിരുന്നു സംസാരിക്കുന്ന അവസരങ്ങൾപോലും ഉണ്ടാകാറില്ലെന്നും സിന്ധു മുൻപ് അഭിമുഖത്തിൽ വ്യക്തമാക്കിയതാണ്.

ഇന്ത്യൻ ബാഡ്മിന്റൻ കോർട്ട് അടക്കിഭരിച്ചിരുന്ന സൈനയുടെ പ്രതാപത്തിനു മങ്ങലേറ്റതു സിന്ധുവിന്റെ വരവോടെയാണ്. പ്രായത്തിൽ തന്നെക്കാൾ അഞ്ചുവയസ്സു പിന്നിലുള്ള ഹൈദരാബാദുകാരിക്കൊപ്പം പരിശീലിക്കാനുള്ള മടികൊണ്ടാണു 2014ൽ സൈന ഗോപിചന്ദ് അക്കാദമി വിട്ടുപോയത്. തനിക്ക് ഒറ്റയ്ക്കു വിദഗ്ധ പരിശീലനം ലഭിക്കേണ്ടതുണ്ടെന്നാണ് അന്ന് അതിനു പറഞ്ഞ ന്യായീകരണം. ഇടയ്ക്കു സൈന പരുക്കിന്റെ പിടിയിലമർന്ന കാലത്തു സിന്ധു കോർട്ടിലും റാങ്കിങ്ങിലും കുതിപ്പുകാട്ടി.

പരുക്കു പൂർണമായും വിട്ടുമാറാതെ ഇരുപത്തെട്ടുകാരി സൈന റിയോ ഒളിംപിക്സിനെത്തിയത് സിന്ധുവിനെ തോൽപിക്കാനാണെന്ന് അന്നുതന്നെ വാർത്തയായിരുന്നു. പരുക്കു വിട്ടുമാറാത്ത സൈന നിറംമങ്ങിയപ്പോൾ സിന്ധുവിന്റെ റാക്കറ്റ് ലോകവേദിയിൽ‌ വിസ്മയം കാട്ടി.

ഫൈനലിൽ സംഭവിച്ചത്‌

കോമൺവെൽത്ത് ഗെയിംസിനിടെ പരുക്കിന്റെ നിഴലിലായിരുന്നു സിന്ധു. ഫിറ്റ്നെസിൽ തനിക്കുള്ള മൈൽക്കൈ കലാശപ്പോരാട്ടത്തിൽ മുതലെടുക്കുന്ന രീതിയിലായിരുന്നു സൈനയുടെ ഗെയിം പ്ലാൻ. നെടുനീളൻ റാലികൾക്കൊടുവിൽ തളർന്ന സിന്ധുവിന്റെ ലക്ഷ്യം പിഴച്ചപ്പോൾ സൈനയ്ക്കു മുന്നേറ്റം സുഗമമായി. തന്റെ ദൗർബല്യം മുതലെടുത്ത് എതിരാളി പോയിന്റ് നേടുന്നതു കണ്ട സിന്ധു കളത്തിൽ കൂടുതൽ നിരാശ കാട്ടി.

‘സിന്ധുവിന് എന്നെക്കാൾ ഉയരമുണ്ട്, കാലുകൾക്കു നല്ല നീളവും. എന്നെക്കാൾ നന്നായി അവൾക്കു കോർട്ട് കവർ ചെയ്തു കളിക്കാനാകും, എനിക്ക് കോർട്ടു മുഴുവൻ ഓടിനടക്കണം. പ്രതിബന്ധങ്ങൾ ഒട്ടേറെയുണ്ടായിട്ടും വിജയിക്കാനായതിൽ സന്തോഷം’ – മൽസരശേഷമുള്ള സൈനയുടെ പ്രതികരണത്തിലുമുണ്ടായിരുന്നു സിന്ധുവിനെതിരെ ‘കുത്ത്’.

സിന്ധു ട്വിറ്ററിൽ കുറിച്ചത്

‘ഒരിക്കൽകൂടി വീണു, പക്ഷേ ഇനിയും എനിക്കേറെ മുന്നേറാനുണ്ട്. ഈ കളിക്കായി ജീവിതം സമർപ്പിച്ച എനിക്ക് ഇനിയും വേദികളിൽ പ്രകമ്പനം സൃഷ്ടിച്ച് വിജയിച്ചുകയറാനാകും. ഒരു സ്പോർട്സ് താരമെന്ന നിലയിൽ എന്റെ യാത്രയിലെ ചെറിയൊരു വീഴ്ച മാത്രമാണ് കഴിഞ്ഞ ദിവസത്തെ തോൽവി. പക്ഷേ ഈ വീഴ്ചയ്ക്ക് അധികായുസ്സില്ല. 

ഒരു തോൽവിക്കും എന്നെ തളർത്താനാകില്ല, എന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനുമാകില്ല. ഫൈനലിൽ ഓരോ പിഴവുകൾക്കുശേഷവും ഞാൻ എന്നോടു തന്നെ പറഞ്ഞിരുന്നു; എന്റെ അശ്രദ്ധകൊണ്ടു മാത്രമാണ് ഇതെല്ലാം സംഭവിച്ചത്. എന്തിരുന്നാലും വിക്ടറി പോഡിയത്തിൽ തലയുയർത്തി നിൽക്കുമ്പോഴും വെള്ളി മെഡലണിയാൻ ശിരസ്സുകുനിക്കുമ്പോഴും എന്റെ ഹൃദയത്തിൽ അഭിമാനം തിരയടിക്കുകയായിരുന്നു. 

ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ദേശീയ പതാകയേന്തിയ നിമിഷം രാജ്യത്തിനായി സ്വർണം നേടുകയെന്നത് എന്റെ വലിയ ഉത്തരവാദിത്തമാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. 130 കോടി ജനങ്ങളുടെ പ്രതീക്ഷ കാക്കാൻ ഞാൻ ആവതും പരിശ്രമിച്ചു. എന്റെ കഴിവിന്റെ പരമാവധി കോർട്ടിൽ പുറത്തെടുത്തു. ആദ്യ സർവു മുതൽ അവസാന സ്മാഷുവരെ കീഴടങ്ങാത്ത മനസ്സുമായാണ് ഞാൻ പൊരുതിയത്. കാരണം തോറ്റുകൊടുക്കുക എന്നത് എന്റെ വഴിയല്ല. 

വിജയിക്കുകയെന്നത് എന്റെ ശീലവും അതിനായി വിയർപ്പൊഴുക്കുയെന്നത് എന്റെ മനോഭാവവുമാണ്. അതുകൊണ്ട് ആരാധകരെ, കായിക പ്രേമികളെ, കഴിഞ്ഞ കളിയിൽ ഞാൻ നന്നായി കളിച്ചില്ലെന്ന് എനിക്കറിയാം. പക്ഷേ എന്റെ പോരാട്ടവീര്യം അവസാനിക്കില്ല. മികച്ച പ്രകടനം നടത്തി സ്വർണം നേടുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. ഒന്നാമതെത്തുക എന്നതാണ് എക്കാലവും എന്റെ ലക്ഷ്യം’