കായിക മികവിന് അംഗീകാരവുമായി റെയിൽവേ

പീയുഷ് ഗോയൽ (ഫയൽ ചിത്രം)

കൊച്ചി ∙ റെയിൽവേയിലെ കായികതാരങ്ങൾക്കുള്ള പുതിയ പ്രമോഷൻ നയത്തിന് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ പീയുഷ് ഗോയൽ അംഗീകാരം നൽകി. ഇത് പ്രകാരം ഒളിംപിക്‌സിൽ മെഡലോ സ്ഥാനമോ നേടുന്ന കായികതാരങ്ങൾക്ക് പുറമേ പത്മശ്രീ ലഭിക്കുന്ന കായികതാരങ്ങൾക്കും പരിശീലകർക്കും ഓഫിസർമാരായി റെയിൽവേ സ്ഥാനക്കയറ്റം നൽകും. 

ഒളിംപിക്‌സിൽ രണ്ടു തവണ പങ്കെടുത്തവർക്കും, ഏഷ്യൻ/കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയവർക്കും ഓഫിസർ റാങ്കിലേക്ക് പ്രമോഷൻ ലഭിക്കും. അർജുന അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്‌ന പോലുള്ള പുരസ്‌കാരങ്ങൾ ലഭിക്കുന്ന റെയിൽവേ കായികതാരങ്ങൾക്കും ഈ സ്ഥാനക്കയറ്റം ലഭിക്കും. പരിശീലകരുടെ സംഭാവനകൾക്കും സ്ഥാനക്കയറ്റം നൽകാൻ പുതിയ നയം ശുപാർശ ചെയ്യുന്നു. ഒളിംപിക്‌സിലോ ലോകകപ്പിലോ ലോക ചാംപ്യൻഷിപ്പിലോ ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസിലോ കുറഞ്ഞത് മൂന്ന് മെഡൽ നേട്ട പ്രകടനം കാഴ്ചവച്ച ട്രെയിനികളുള്ള പരിശീലകർക്കും ഓഫിസർ റാങ്കിലേക്ക് പ്രമോഷൻ നൽകും.