Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നസമാനമായ കുതിപ്പ്, ഒടുവിൽ തോൽവി; രാജ്യാന്തര ഫൈനലുകൾ സിന്ധുവിന് കണ്ണീർകടമ്പയോ?

P.V. Sindhu

ഫൈനൽ മൽസരങ്ങൾക്കിറങ്ങുമ്പോൾ ശാപം പിടികൂടിയ ശരീരഭാഷയാണു പി.വി.സിന്ധുവിന്. സ്വപ്ന സമാനമായ കുതിപ്പിനൊടുവിൽ മറ്റൊരു ഫൈനലിലും സിന്ധു തോറ്റു മടങ്ങിയിരിക്കുന്നു. കരുത്ത്, നിശ്ചയദാർഢ്യം, സാങ്കേതികത്തികവ്. ഇവ മൂന്നും ഒരുപോലെ സമ്മേളിക്കുന്ന ഈ ഇന്ത്യൻ താരത്തിന് ഫൈനലുകളിൽ തുടർച്ചയായി അടിതെറ്റുകയാണോ? ആണെന്നു കണക്കുകൾ പറയും. 2016 റിയോ ലോകകപ്പ് ഫൈനലിൽ കരോലിന മരിനോടുതന്നെ തോൽവി പിണഞ്ഞതിനു ശേഷം ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലുൾപ്പെടെ ആറു ഫൈനലുകളിലാണു സിന്ധു പരാജയം രുചിച്ചത്. കലാശക്കളിയിലേക്കെത്തുമ്പോൾ അമിത സമ്മർദത്തിന് അടിപ്പെടുന്നതാണു സിന്ധുവിനു വിനയാകുന്നതെന്നാണു വിലയിരുത്തൽ.  

ഫൈനലിൽ സിന്ധുവിന് അടിതെറ്റിയ ചില മൽസരങ്ങൾ ഇതാ,

റിയോ ഒളിംപിക്സ് 2016: ഇരുപത്തിയൊന്നുകാരിയായ സിന്ധുവിന്റെ കന്നി ഒളിംപിക്സ് ഫൈനൽ. സ്പെയിനിന്റെ കരോളിന മരിനെതിരെ ആദ്യ ഗെയിം സ്വന്തമാക്കിയതിനുശേഷം സിന്ധു തോറ്റു. സ്കോർ 19–21, 21–12, 21–15. വെള്ളി നേട്ടത്തിലൂടെ സിന്ധു ചരിത്രമെഴുതിയെങ്കിലും കൈവിട്ടത് ഒളിംപിക് സ്വർണം.

ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ് 2017: ഒളിംപിക്സിലെ സ്വർണനഷ്ടത്തിന് ബാഡ്മിന്റൻ ലോക കിരീടം നേടി സിന്ധു പ്രായശ്ചിത്തം ചെയ്യും എന്ന പ്രതീക്ഷയോടെ ഇന്ത്യ കാത്തിരുന്നു. ജാപ്പനീസ് താരം നോസോമി ഒക്കുഹാരയ്ക്കെതിരെ ഒരു മണിക്കൂർ 49 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ‌ സിന്ധു കീഴടങ്ങി. സ്കോർ 19–21, 22–20, 20–22.

ഹോങ്കോങ് ഓപ്പൺ 2017: ടൂർണമെന്റിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു സിന്ധു. കിരീടനേട്ടത്തിൽ കുറഞ്ഞതൊന്നും സിന്ധുവിൽനിന്നു പ്രതീക്ഷിക്കാതെയിരുന്ന ആരാധകർക്കു വീണ്ടും നിരാശ. ഇത്തവണ തോൽവി തായ്‌വാന്റെ തായ് സൂ യിങ്ങിനോട്. സ്കോർ 18–21, 18–21.

ലോക ബാഡ്മിന്റൻ സൂപ്പർ സീരിസ് 2017: ടൂർണമെന്റിലെ എല്ലാ മൽസരങ്ങളിലും എതിരാളികൾക്കുമേൽ വ്യക്തമായ മേൽകൈയോടെ ജയിച്ച് ഫെനലിൽ. ജപ്പാന്റെ അകാനെ യമാഗൂച്ചിയാണ് ഇത്തവണ കലാശക്കളിയിൽ സിന്ധുവിനെ വീഴ്ത്തിയത്. സ്കോർ 21–15, 12–21, 19–21.

കോമൺവെൽത്ത് ഗെയിംസ് 2018: ഓൾ ഇന്ത്യൻ ഫൈനലിൽ സൈന നെഹ്‌വാളും സിന്ധുവും നേർക്കുനേർ. സ്വർണവും വെള്ളിയും ഇന്ത്യ ഉറപ്പിച്ച മൽസരത്തിൽ റാങ്കിങ്ങിൽ പിന്നിലുള്ള സൈനയ്ക്കായിരുന്നു വിജയം, സ്കോർ 21–18, 23–21.