ഉപേക്ഷിച്ചുപോയ അച്ഛനും അമ്മയും അറിയുന്നുണ്ടോ, മഹേഷിന്റെ പ്രതികാരം

സബ് ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ മഹേഷ്. ചിത്രം: മനോരമ

തിരുവനന്തപുരം ∙ പേരിന്റെ ഇനിഷ്യൽ ചോദിച്ചാൽ മഹേഷ് പറയില്ല; അല്ലെങ്കിലും ഒൻപതാം മാസത്തിൽ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ അവൻ സ്വന്തം പേരിനൊപ്പം ആരുടെ പേര് ചേർക്കാൻ? 13 വർഷം മുൻപ് മാതാപിതാക്കൾ കൈവിട്ട ആ കുഞ്ഞ് ഇന്നലെ സംസ്ഥാന കായിക മേളയിലെ പൊൻമകനായി. സബ്ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ ആലപ്പുഴ കലവൂർ സ്വദേശി മഹേഷ് പൊരുതിത്തോൽപിച്ചത് അനാഥത്വത്തെയും ദാരിദ്ര്യത്തെയുമാണ്. 

ആലപ്പുഴ ലിയോ തേർട്ടീൻത് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ മഹേഷ് എന്നും പുലർച്ചെ 4.30ന് ഏഴുന്നേൽക്കും.  വീട്ടുജോലികൾ കഴിഞ്ഞ് 6 മുതൽ പരിശീലനം. ഗ്രൗണ്ടിൽനിന്നു നേരെ സ്കൂളിലേക്ക്. സ്കൂൾ വിട്ടാലുടൻ ലോട്ടറി വിൽപന. മഹേഷിന്റെ അവസ്ഥ കേട്ടറിഞ്ഞ മന്ത്രി തോമസ് ഐസക്ക് വീടുവയ്ക്കാൻ സഹായം വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ യാഥാർഥ്യമായില്ല. സഹപാഠിയുടെ സ്പൈക്സ് കടംവാങ്ങിയാണ് മഹേഷ് ഇന്നലെ  മ‍ൽസരത്തിനെത്തിയത്.

രക്ഷിതാക്കൾ ഉപേക്ഷിച്ചു പോയപ്പോൾ മഹേഷിനെ വളർത്തിയതു മുത്തച്ഛനും മുത്തശ്ശിയുമാണ്. വാടക വീട്ടിലാണു താമസം. രണ്ടുമാസം മുൻപ് മുത്തച്ഛൻ പക്ഷാഘാതം വന്നു കിടപ്പിലായി. വരുമാനം നിലച്ചതോടെയാണു കുടുംബം പുലർത്താൻ ലോട്ടറി വിൽപന ഉൾപ്പെടെ പല ജോലികൾ ചെയ്തു തുടങ്ങിയത്. ആ കഠിധ്വാനത്തിന് ഇന്നലെ ലഭിച്ച പ്രതിഫലം ഒരു ബംപർ സമ്മാനം തന്നെയായി. മൽസരത്തിന് ഇറങ്ങിയപ്പോൾ കൂട്ടത്തിലേറ്റവും ചെറുതായിരുന്നു 5 അടിയിൽ താഴെ ഉയരമുളള മഹേഷ്. ഭയന്നു പിൻവാങ്ങാനാണ് ആദ്യം തോന്നിയത്. പക്ഷേ, പിന്നിട്ട വഴികളോർത്തപ്പോൾ വിജയത്തിന്റെ അവകാശം തനിക്കുമുണ്ടെന്നു മനസ്സിലുറപ്പിച്ചു. മൂന്നാമത്തെ ശ്രമത്തിൽ 38.03 മീറ്റർ ദൂരമെറിഞ്ഞ് സ്വർണം നേടി. പേരിന്റെ ഇനിഷ്യൽ ചോദിച്ച പത്രലേഖകരോട് അവൻ പറഞ്ഞു: എന്റെ പേരിന് ഇനിഷ്യൽ ഇല്ല .