Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലചായ്ക്കാൻ ശുചിമുറി! സ്കൂൾ കായികമേള സ്വർണ ജേതാവിന്റെ ഇന്നത്തെ അവസ്ഥ

Sharika-s-House മിന്നുന്നതെല്ലാം പൊന്നല്ല...: സ്കൂൾ കായികമേളയിലെ മുൻ സ്വർണമെഡൽ ജേതാവ് എം.എസ്.ശാരികയും കുടുംബവും താമസിക്കുന്ന ഷെഡ്. കിടപ്പുമുറിയായി ഉപയോഗിക്കുന്ന ശുചിമുറി പിന്നിൽ. ചിത്രം: അരുൺ ജോൺ ∙ മനോരമ

ചേർത്തല∙ ഈ വാർത്തയോടു തൊട്ടുചേർന്നു നാം വായിക്കുന്നതു സ്വർണവിജയങ്ങളുടെ കഥയെങ്കിൽ അത്തരമൊരു വിജയത്തിനു ശേഷവും പൊള്ളിനീറുന്ന ജീവിതത്തിന്റെ കഥയാണിവിടെ. 2015 ലെ സംസ്ഥാന സ്കൂൾ കായികമേളയിലെ ജാവലിൻ ത്രോ സ്വർണ ജേതാവ് എം.എസ്. ശാരികയുടെ (19) വീട്ടിലേക്കു വരിക. 

വാതിൽ പോലുമില്ലാത്ത ശുചിമുറിയാണ് അവളുടെ കിടപ്പുമുറി. അച്ഛനും അമ്മയും പുറത്ത്, വെറും നിലത്ത്. പട്ടണക്കാട് മേനാശേരി മാതമംഗലത്ത് 5 സെന്റിൽ പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡിൽ ചുവരിന്റെ സുരക്ഷിതത്വത്തിൽ കിടന്നുറങ്ങാൻ ശുചിമുറി മാത്രമേയുള്ളൂ. 

പട്ടണക്കാട് എസ്‍സിയു ജിവിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിയായിരിക്കെയായിരുന്നു സ്വർണനേട്ടം. നാടിന്റെ താരമായ ശാരികയും കെ.സി. വേണുഗോപാൽ എംപിയും ചേർന്നാണ് വീടിനു മുന്നിൽ കേന്ദ്രപദ്ധതിയിൽ നിർമിച്ച റോഡ് ഉദ്ഘാടനം ചെയ്തത്. പക്ഷേ, ആ റോഡരികത്ത്, മഴ പെയ്താൽ വെള്ളം കയറുന്ന ഷെഡിൽനിന്ന് ശാരികയ്ക്ക് ഉയർച്ചയുണ്ടായില്ല. സംസ്ഥാന കായികമേളയിലും അമച്വർ മീറ്റുകളിലുമായി നേടിയ 4 സ്വർണം ഉൾപ്പെടെയുള്ള മെഡലുകൾ മങ്ങി വെള്ളിനിറമായി.

കായിക പരിശീലനത്തിനിടെ പഠനത്തിൽ അൽപം പിന്നാക്കമായി. സ്കൂൾ അധികൃതർ യഥാസമയം കായിക സർട്ടിഫിക്കറ്റുകൾ നൽകാത്തതിനാൽ ഗ്രേസ് മാർക്കും ലഭിക്കാതെ പ്ലസ് ടുവിനു തോറ്റു. പഠനം മുടങ്ങി.

തെങ്ങുകയറ്റമായിരുന്നു അച്ഛൻ ശശീന്ദ്രന്റെ തൊഴിൽ. രോഗം കാരണം ജോലിക്കു പോകാതെയായി. അമ്മ ഉഷയും സഹോദരൻ ശരത്തും മീൻപിടിച്ചും വിറ്റും എട്ടംഗ കുടുംബത്തെ നയിക്കുന്നു. 5 വർഷം മുൻപു സർക്കാരിൽ നിന്നു ലഭിച്ച 1.80 ലക്ഷം രൂപയ്ക്കു വീടുപണി തുടങ്ങി. കെ.സി.വേണുഗോപാൽ എംപി അനുവദിച്ച 50,000 രൂപ കൊണ്ടും ഒന്നുമായില്ല. ബ്ലോക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്ത 3 ലക്ഷം ഇതുവരെ കിട്ടിയിട്ടില്ല. ലൈഫ് മിഷൻ പദ്ധതി ഉൾപ്പെടെയൊന്നും സഹായമായില്ല.