Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവിയിലേക്ക് കരുതിവയ്ക്കാൻ‌ അപർണയും സാന്ദ്രയും

judges എം. എ. ജോർജ്, ഡോ. ജിമ്മി ജോസഫ്, ഒളിംപ്യൻ ജിൻസി ഫിലിപ് എന്നിവർ മനോരമ സ്വർണപ്പതക്ക ജേതാക്കളെ കണ്ടെത്താനുള്ള വിധിനിർണയത്തിനിടെ.

തിരുവനന്തപുരം ∙ രാജ്യാന്തരതലത്തിലെ പ്രകടനങ്ങളോടു കിടപിടിക്കുന്ന മികവ്. ഭാവിയിലേക്കു കരുതിവയ്ക്കാവുന്ന പ്രതിഭ. ഈ 2 കാര്യങ്ങൾ പരിഗണിച്ചാണ് അപർണ റോയി, എ.എസ്.സാന്ദ്ര എന്നിവരെ മലയാള മനോരമയുടെ സ്വർണപ്പതക്കത്തിനായി വിദഗ്ധ സമിതി തിരഞ്ഞെടുത്തത്. ഒളിംപ്യൻ ജിൻസി ഫിലിപ്പ്, ചങ്ങനാശേരി അസംപ്ഷൻ കോളജ് കായികവിഭാഗം മേധാവി ഡോ. ജിമ്മി ജോസഫ്, തിരുവനന്തപുരം സായിയിലെ പരിശീലകൻ എം.എ.ജോർജ് എന്നിവരടങ്ങിയ സമിതിയാണു തിരഞ്ഞെടുപ്പു നടത്തിയത്. 

സീനിയർ പെൺ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ അപർണയുടെ പ്രകടനമാണു മീറ്റിലെ ഏറ്റവും മികച്ചതെന്നു സമിതി അഭിപ്രായപ്പെട്ടു. രാജ്യാന്തരനിലവാരവുമായി തട്ടിച്ചു നോക്കുമ്പോഴാണിത്. ഹർഡിൽസിൽ ഏഷ്യൻ ജൂനിയർതലത്തിലെ ശ്രദ്ധേയ പ്രകടനവുമാണിത്.

ഭാവിയിൽ ഏഷ്യൻ ഗെയിംസിലേക്കെത്താൻ തക്ക മികവ് ഇപ്പോഴേ താരത്തിൽ പ്രകടവുമാണെന്നും സമിതി പറയുന്നു. പ്രധാനയിനമായ ഹർഡിൽസിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും 100ലും 200ലും മത്സരിച്ചു മെഡൽ സ്വന്തമാക്കാനും താരത്തിനു കഴിഞ്ഞു. ഉയരം, ശരീരഘടന, ഓരോ വർഷവും മെച്ചപ്പെട്ടു വരുന്ന പ്രകടനം എന്നിവ അപർണയുടെ മികവായി സമിതി ചൂണ്ടിക്കാട്ടി. കോഴിക്കോട് കല്ലുരുട്ടി സെന്റ് തോമസ് സ്കൂൾ പ്രധാനാധ്യാപകനായ റോയ് ഓവേലിയുടെയും കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ അധ്യാപിക ടീനയുടെയും മകളായ അപർണയുടെ അവസാനത്തെ സ്കൂൾ മീറ്റാണിത്.  ടോമി ചെറിയാനാണു പരിശീലകൻ. 

ജൂനിയർ 400 മീറ്ററിൽ സാന്ദ്രയുടെ ഓട്ടമാണ് മീറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമെന്നു സമിതി വിലയിരുത്തി. സീനിയർ വിഭാഗത്തിലേതിനേക്കാൾ മികച്ച സമയമാണു ജൂനിയറിൽ താരം കുറിച്ചത്. ശാസ്ത്രീയ പരിശീലനത്തിലൂടെ ഒരുക്കിയാൽ ഭാവിയിൽ ഏഷ്യൻതലത്തിൽവരെ മെഡൽ നേടാനുള്ള സാധ്യത സാന്ദ്രയ്ക്കുണ്ട്. 400നു പുറമേ 100ലും 200ലും സ്വർണം നേടി മേഴ്സി കുട്ടന്റെ ഈ ശിഷ്യ മികവു തുടരുകയും ചെയ്തു.

കൊട്ടാരക്കര ഗോവിന്ദമംഗലം ചെരുവിളവടക്കേതിൽ അജിമോൻ ജോയിയുടെയും ഷൈനിയുടെയും മകളാണ്. സീനിയർ ട്രിപ്പിൾ ജംപിൽ റെക്കോർഡോടെ സ്വർണം നേടിയ സാന്ദ്ര ബാബു, സീനിയർ 100ലും 200ലും സ്വർണം നേടിയ ആൻസി സോജൻ, ജൂനിയർ 200ലും 400ലും സ്വർണം നേടിയ സി.ആർ.അബ്ദുൽ റസാഖ്, ജൂനിയർ 400 മീ. ഹർഡിൽസിൽ സ്വർണം നേടിയ എ.രോഹിത് എന്നിവരുടെ പ്രകടനങ്ങളും സമിതി പരിഗണിച്ചെങ്കിലും മികവിൽ മുന്നിലെത്തിയ അപർണയ്ക്കും എ.എസ്.സാന്ദ്രയ്ക്കും പതക്കം നൽകാൻ തീരുമാനിക്കുകയായിരുന്നു.