Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചടങ്ങിനു വേണ്ടി മാത്രം ഒരു മേള! പി.ടി. ഉഷ എഴുതുന്നു

School-meet-winners 1. സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ദേശീയ റെക്കോർഡ് മറികടന്ന സി. ഡി. അഖിൽകുമാർ (എച്ച്എസ് മുണ്ടൂർ, പാലക്കാട്). 2. സബ് ജൂനിയർ ആൺകുട്ടികളുടെ 600 മീറ്ററിൽ റെക്കോർഡോടെ സ്വർണം നേടുന്ന ചിങ്കിസ് ഖാൻ (സെന്റ് ജോർജ്, കോതമംഗംലം).

പ്രളയത്തിന്റെ പേരിൽ നടത്തിയ തട്ടിക്കൂട്ട് മേളയാണു തിരുവനന്തപുരത്ത് അരങ്ങേറിയത്. മെഡലും പാരിതോഷികവും നൽകാതെ നടത്തിയ മീറ്റ് നമ്മുടെ കുരുന്നുകളുടെ ആവേശം കെടുത്തുന്ന മേളയായിപ്പോയി. ഉരുകുന്ന വെയിലിൽ, ഉച്ചയ്ക്ക് ഒന്നരയ്ക്കുപോലും ഫൈനൽ നടത്തി കുട്ടിത്താരങ്ങളെ തളർത്തുകയായിരുന്നു സംഘാടകർ. ചെലവു ചുരുക്കാൻ ഉത്സാഹം കാട്ടിയവർ കഴിഞ്ഞ 2 വർഷത്തെ സമ്മാനക്കുടിശിക കൊടുത്തു തീർക്കാൻകൂടി താൽപര്യമെടുക്കണം. 

നിലവാരമില്ലാത്ത ട്രാക്കും മത്സരാധിക്യവും അത്‍ലിറ്റുകളുടെ തളർച്ചയ്ക്ക് ആക്കംകൂട്ടി. റെക്കോർഡുകൾ കുറഞ്ഞതിനും ദേശീയ നിലവാരമുള്ള പ്രകടനങ്ങൾ അകന്നുനിന്നതിനും കാരണം തേടി മറ്റെങ്ങും പോകേണ്ടതില്ല. സമയത്തു മത്സരങ്ങൾ പൂർത്തിയാക്കുന്നതിൽ മാത്രമായിരുന്നു സംഘാടകരുടെ ശ്രദ്ധ. അതിൽ അവർ വിജയിക്കുകയും ചെയ്തു. ഫൈനൽ മത്സരങ്ങൾക്കറിങ്ങുന്ന താരങ്ങളെ മൈക്കിലൂടെ അനൗൺസ്മെന്റ് നടത്തി പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച രീതി വേറിട്ടതായി. ഇനി വരുന്ന മീറ്റുകളിലും ഇതു പിന്തുടരണം. 

ഇതിനെല്ലാമിടയിൽ മികച്ച ചില പ്രകടനങ്ങൾ ഉണ്ടായി എന്നത് ആശ്വാസം പകരുന്നു. അപർണ റോയി ഹർഡിൽസിലെ ഭാവി വാഗ്ദാനമാണ്. എ.എസ്.സാന്ദ്രയും സാന്ദ്ര ബാബുവും ദേശീയ, രാജ്യാന്തര തലങ്ങളിൽ തിളങ്ങാനുള്ളവരാണ്. സ്പ്രിന്റ് ഡബിൾ തികച്ച ആൻസി സോജനിൽനിന്നു കൂടുതൽ മികച്ച പ്രകടനം പ്രതീക്ഷിക്കാം. ഇപ്പോഴത്തെ പോരാട്ട മികവ് നിലനിർത്താൻ പാകത്തിലുള്ള പരിശീലനമാണ് ഇനി ആ കുട്ടിക്കു നൽകേണ്ടത്. സി.ആർ.അബ്ദുൽ റസാഖ്, എ.രോഹിത് എന്നിവരെയും ദേശീയതലത്തിലേക്കു വളർത്തിയെടുക്കാൻ കഴിയും.