ചെക്, ചെക് നിഹാൽ! വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളച്ച നിഹാൽ സരിനു പറയാനുള്ളത്...

സമനിലയായ മൽസരത്തിൽ നിഹാൽ സരിനും വിശ്വനാഥൻ ആനന്ദും ഹസ്തദാനം നടത്തിയപ്പോൾ.

തൃശൂർ∙ കളിക്കളത്തിൽ  നേർക്കുനേർ വന്നുപെട്ട രണ്ടു കുതിരക്കരുക്കളായിരുന്നു നിഹാലും ആനന്ദും. ബോർഡിന് ഇരുവശവും ഇരുന്ന്, കണ്ണുകളും കരുക്കളും കോർത്തു. റാപ്പിഡ് ചെസിന്റെ പൊടിപാറി.. ഒടുവിൽ നിഹാൽ എതിർ കുതിരയ്ക്കു സമനിലയുടെ കടിഞ്ഞാണിട്ടു;  എന്നിട്ടൊരൊറ്റ ചാട്ടം; നേരെ ‘രാജാവി’ന്റെ കളത്തിലേക്ക്! 

റാപ്പിഡ് ചെസിൽ ലോകം കീഴടക്കിയ ആനന്ദിനെ സമനിലയിൽ തളച്ച പയ്യൻ കൊൽക്കത്തയിലെ  ടാറ്റാ സ്റ്റീൽ റാപ്പിഡ് ചെസ് വേദിയിൽ ശരിക്കും രാജാവായി. 

എങ്കിലും നിഹാലിന്റെ നേട്ടങ്ങളെ എപ്പോഴും ട്വിറ്ററിലൂടെ ആനന്ദ് അഭിനന്ദിക്കും. അതിന്റെ മറുപടി ഒറ്റവാക്കിലൊതുങ്ങും: ‘താങ്ക്യു’!. അതാണു ശീലം.

ചെറുപ്പം മുതൽ ഇഷ്ടമായ ആനന്ദിനെതിരെ ആദ്യമായി നേർക്കുനേർ കളത്തിലെത്തിയപ്പോൾ കിട്ടിയതു വെള്ളക്കരു. അതൊരു സാധ്യതയാണ്. ആദ്യനീക്കം വെള്ളക്കരുവിനായതിനാൽ നേരിയൊരു മുൻതൂക്കം നിഹാലിനു കിട്ടി.  എതിരാളി ഈ ആദ്യനീക്കത്തിനു പിന്നാലെ കളിക്കണം. അതിനാൽ ജയിക്കുക അല്ലെങ്കിൽ പ്രതിരോധിച്ചു സമനില പിടിക്കുക എന്നതായിരുന്നു ആനന്ദിന്റെ കളിയുടെ ശൈലിയെന്നു നിഹാൽ പറയുന്നു. നിഹാൽ ജയിക്കാനായി കളിച്ചു. തോൽക്കാതിരിക്കാനായി ആനന്ദും. 

‘‘ജയിക്കാവുന്ന ചില അവസരങ്ങൾ ഉണ്ടായിരുന്നുവെന്നു തീർച്ച. നടത്തിയ നീക്കങ്ങളിൽ  അത്യാവശ്യം ‘വിഷം നിറച്ചിരുന്നു’. കളി കഴിഞ്ഞപ്പോൾ  ആനന്ദ്  ചെറിയൊരു വിശകലനം നടത്തി. ഇരുവർക്കും മെച്ചപ്പെടുത്താമായിരുന്ന മുന്നേറ്റങ്ങൾ... ഒപ്പത്തിനൊപ്പം കളിച്ചതിന്റെ രസം.. അങ്ങനെ’’. ‘കരു’തലിന്റെ ആ നിമിഷം നിഹാൽ പങ്കുവച്ചു.

നാട്ടിലെത്തിയ നിഹാലുമായി ഒരു ഫോൺ സല്ലാപം.

? ഹലോ നിഹാൽ, അഭിനന്ദനങ്ങൾ. എങ്ങനുണ്ടായിരുന്നു ആ സമനില നിമിഷം. ?

∙ പ്രത്യേകിച്ചൊന്നുമില്ല. സന്തോഷം. അത്ര തന്നെ.

? ആനന്ദിന്റെ ഫാൻ ആണോ?

ആനന്ദിനെ ചെറുപ്പംമുതൽ  ഇഷ്ടമാണ്. ആരുടെയും ഫാനല്ല, പക്ഷേ എല്ലാ മികച്ച കളിക്കാരെയും ‘ഫോളോ’ ചെയ്യും. 

? റാപ്പിഡ് ചെസാണോ ക്ലാസിക്കാണോ കൂടുതൽ ഇഷ്ടം?

 അതു റാപ്പിഡ് തന്നെ. കുറഞ്ഞ സമയം കൊണ്ടു മികച്ച നീക്കങ്ങൾ നടത്തുന്നതിൽ ത്രില്ലുണ്ട്.

? ചെസ് അല്ലാതെ ഏതു കളിയാണിഷ്ടം?

∙ ക്രിക്കറ്റ്, ഫുട്ബോൾ. ഐപിഎല്ലിനോടു ഭ്രമമുണ്ട്. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ഇഷ്ട ടീം. 

? മൽസരം കഴിഞ്ഞു വീട്ടിലെത്തിയല്ലോ, ഇപ്പോൾ എന്തെടുക്കുകയാണ്

∙ ഞാൻ ചെസ് കളിക്കുകയാണ്.

? വീണ്ടും മൽസരത്തിലാണോ?

∙ അല്ല ഇന്റർനെറ്റിൽ, നേരമ്പോക്കിന്. !

മലയാളത്തിലെ പഴയ കോമഡി സിനിമകളുടെ ഇഷ്ടക്കാരനാണു നിഹാൽ. നാടോടിക്കാറ്റ്, പട്ടണപ്രവേശം.. ഒക്ക ഇഷ്ടം. കൊൽക്കൊത്തയിൽ നിന്നു മൽസരം കഴിഞ്ഞു മടങ്ങുമ്പോൾ വിമാനത്തിലെ സ്ക്രീനിൽ സിനിമ തപ്പി. 

ലിസ്റ്റിൽ ഒരു സിനിമ – പുലിവേട്ടയുടെ കഥ പറഞ്ഞ ശിക്കാരി ശംഭു. ഫെയ്സ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു. ‘വാച്ചിങ് ശിക്കാരി ശംഭു’. 

പുലിയെ  വേട്ടയാടിയിട്ടു  മടങ്ങുകയായിരുന്നല്ലോ ആ കൊച്ചുവേട്ടക്കാരൻ!