വേൾഡ് ടൂർ: സിന്ധുവിന് ഉജ്വല ജയം

ഗ്വാങ്ചൗ∙ ബാഡ്മിന്റൻ വേൾഡ് ടൂർ ഫൈനൽസിന്റെ ആദ്യ മൽസരത്തിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് ആദ്യ റൗണ്ടിൽ ഉജ്വല വിജയം. നിലവിലെ ചാംപ്യനും ലോക രണ്ടാം നമ്പർ താരവുമായ ജപ്പാന്റെ അകാനെ യമഗുച്ചിയെ കടുത്ത പോരാട്ടത്തിനൊടുവിൽ 24–22, 21–15ന് സിന്ധു തോൽപിച്ചു. കഴിഞ്ഞ വർഷം യമഗുച്ചിയോടാണു സിന്ധു ഫൈനലിൽ തോറ്റത്. പുരുഷവിഭാഗത്തിൽ സമീർ വർമ ആദ്യ മൽസരത്തിൽത്തന്നെ തോൽവി ഏറ്റുവാങ്ങി. ലോക ഒന്നാം നമ്പർ താരവും ലോക ചാംപ്യനുമായ കെന്റോ മോമോട്ടോട് 18–21, 6–21ന് ദയനീയ തോൽവി സമീർ ഏറ്റുവാങ്ങി. സയ്യിദ് മോഡി ഇന്റർനാഷനൽ ടൂർണമെന്റ് ജയിച്ചു വേൾഡ് ടൂറിനു യോഗ്യത നേടിയ സമീർ വർമയ്ക്ക് അടുത്ത മൽസരങ്ങളിൽ തായ്‌ലൻഡിന്റെ കാന്റഫോൺ വാങ്ചാരോൺ, ഇന്തൊനീഷ്യയുടെ ടോമി സുഗിയാർത്തോ എന്നിവരെ തോൽപിച്ചാൽ മാത്രമേ നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറാൻ കഴിയൂ.

തുടർച്ചയായ മൂന്നാം തവണയാണു വേൾഡ് ടൂർ ഫൈനൽസിൽ സിന്ധു കളിക്കുന്നത്. യമഗുച്ചിക്കെതിരായ മൽസരവിജയങ്ങളിൽ 9–4ന്റെ മുൻതൂക്കവുമായിരുന്നു. പലപ്പോഴും പോയിന്റ് നിലയിൽ പിന്നിൽപ്പോയപ്പോഴും നിയന്ത്രണം വിടാതെ തിരിച്ചടിച്ചാണു സിന്ധു മുന്നേറിയത്. 27 മിനിറ്റ് നീണ്ടുനിന്ന ആദ്യ ഗെയിമിൽ രണ്ടു താരങ്ങളും ആധിപത്യത്തിനായി കടുത്ത പോരാട്ടം നടത്തി. ഒരു ഘട്ടത്തിൽ 6–11ന് പിന്നിൽ നിന്ന ശേഷം 19–19 ഒപ്പമെത്തിയാണു സിന്ധു വിജയത്തിലേക്കു മുന്നേറിയത്. രണ്ടാം ഗെയിമിലും ബ്രേക്കിൽ 11–10ന് ലീഡിൽ യമഗുച്ചി ആയിരുന്നു. എന്നാൽ പിന്നീട് മുന്നേറിയ സിന്ധു ഗെയിമും വിജയവും സ്വന്തമാക്കി.