പി.വി.സിന്ധു; ക്ഷമിച്ചു ജയിച്ചു !

പി.വി.സിന്ധു മത്സരത്തിനിടെ

ക്ഷമയുടെ ഫലം വിജയമാകുന്നു. പുസർല വെങ്കിട്ട സിന്ധു ഇനി രണ്ടാം സ്ഥാനക്കാരിയല്ല. രണ്ടു ലോക ചാപ്യൻഷി‌പ്പുകളുടെ കലാശക്കളിയിൽ പൊരുതിത്തോറ്റ ശേഷം, ഒളിംപിക്സ്, വേൾഡ് ചാംപ്യൻഷിപ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് ഫൈനലുകളിലെ പരാജയത്തിനു ശേഷം എണ്ണം പറഞ്ഞ ഈ വിജയം. ബാഡ്മിന്റനിൽ ചൈനീസ് വൻ മതിൽ മറികടക്കാനാവുമെന്നു തെളിയിച്ച സൈന നെഹ്‌വാളിന്റെ പിന്മുറക്കാരി വാതിൽ തുറക്കുന്നതു ലോകനേട്ടങ്ങളുടെ പുതുയുഗത്തിലേയ്ക്കാണ്.

ഇന്ത്യൻ ബാഡ്മിന്റൻ പ്രേമികൾ അതിമോഹികളാകുന്നതു 130 കോടി ജനസംഖ്യയുള്ള രാജ്യത്തിന്റെ കായികദാരിദ്ര്യം കൊണ്ടു കൂടിയാണ്. ലോക ചാംപ്യൻഷിപ്പിലെ ആദ്യ വനിതാ സിംഗിൾസ് വെങ്കലവും ഒളിംപിക്സിൽ ആദ്യ വെള്ളിയും കൊണ്ടു വന്നപ്പോഴും സിന്ധുവിനു കൈവിട്ട കിരീടത്തെക്കുറിച്ചു നാം പരാതിപ്പെട്ടു. അവസാന കടമ്പയിൽ കാലിടറുന്നതിന്റെ മന:ശാസ്ത്രം പരിശോധിച്ചു.

ക്ഷമിച്ചാൽ‍ ജയിക്കാമെന്നു തിരിച്ചറിയാൻ തെല്ലു സമയമെടുക്കും; ബാഡ്മിന്റൻ താരമാകുമ്പോൾ 20 വയസും കഴിയും! ഫൈനലിൽ നസോമ ഒകുഹാരയ്ക്കെതിരെ മാത്രമല്ല, ടൂർ ചാംപ്യൻഷിപ്പിലെ ഓരോ കളിയിലും ക്ഷമയായിരുന്നു സിന്ധുവിന്റെ പുതിയ ആയുധം.  ആക്രമണത്തിനു പകരം ഉചിതാവസരത്തിനായി കാത്തിരിക്കാനുള്ള ക്ഷമ. എതിരാളി തിരിച്ചടിക്കുമ്പോൾ ,നിയന്ത്രണം വിട്ട പ്രത്യാക്രമണത്തിലൂടെ പെട്ടെന്നു ജയിക്കാൻ ശ്രമിക്കാതിരിക്കാനുള്ള ക്ഷമ. ഈ ക്ഷമാശീലത്തിന്റെ വിജയമായിരുന്നു ഫൈനലിലെ ആദ്യ സെറ്റ്. പാതിവഴിക്ക് ഏഴു പോയിന്റ് പിന്നിലായിരുന്ന ഒകുഹാര, കബളിപ്പിക്കുന്ന ട്രേഡ് മാർക് ഡ്രോപ് ഷോട്ടുകളിലൂടെ ഒപ്പത്തിനൊപ്പമെത്തിയപ്പോഴും സിന്ധുവിനു താളം തെറ്റിയില്ല.

ടൂർണമെന്റിൽ ഫിറ്റ്നസിലും ഒരു പടി മുന്നിൽ നിന്നു, സിന്ധു. മൂന്നു സെറ്റു നീണ്ടതു ലോക ഒന്നാം റാങ്കുകാരി തായ് സു യിങ്ങിനെതിരായ പോരാട്ടം മാത്രം.  ‘ഞാനാണു ജയിച്ചത്. ഫൈനൽ ജയിക്കില്ലെന്ന് ഇനിയാരും പറയരുത്. സ്വർണം നേടിയതു ഞാനാണ്!’, ഒകുഹാരയ്ക്കെതിരായ കലാശക്കളിക്കു ശേഷം സിന്ധു പറഞ്ഞു. അതിനർഥം, ഇന്ത്യ ലോക‌ ബാഡ്മിന്റന്റെ നെറുകയിലേയ്ക്കു ചുവടുവയ്ക്കുന്നുവെന്നാണ്.. രണ്ടാം ‌സ്ഥാനം ‌കൊണ്ടു തൃപ്തിപ്പെടാൻ പുതുതലമുറ തയാറല്ലെന്നാണ്.