Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിന്ധു 2.0

sindhu-marin റിയോ ഒളിംപിക്സ് ഫൈനൽ വിജയത്തിനു ശേഷം സിന്ധുവിനെ ആശ്വസിപ്പിക്കുന്ന കരോലിന മാരിൻ(ഫയൽചിത്രം)

ഉഗ്രനൊരു ഫോർഹാൻഡിലൂടെ നൊസോമി ഒകുഹാരയുടെ അവസാനത്തെ പ്രതീക്ഷയും പി.വി. സിന്ധു തകർത്ത സുവർണനിമിഷം. സർവഭാരങ്ങളും ഇറക്കിവയ്ക്കുന്ന പോലെ കാൽമുട്ടിലേക്ക് കൈകൾ ചേർത്ത് സിന്ധു നിന്നപ്പോൾ അതിനൊരു റാഫേൽ നദാൽ സ്പർശമുണ്ടായിരുന്നു. അവസാന പോയിന്റ് നേടി കിരീടം സ്വന്തമാക്കുമ്പോൾ, എല്ലാം മറന്ന് കോർട്ടിലേക്കു മലർന്നു വീഴുന്ന റാഫയെ സിന്ധു അനുകരിച്ചില്ലെങ്കിലും കണ്ണുകളിൽ അതേ വിജയ തീക്ഷ്ണത! പൊരുതി ജയിച്ചവളുടെ അഭിമാനഭാവം. തികഞ്ഞ ഏകാഗ്രതയും പതറാത്ത മനസ്സും കരുത്തുറ്റ ചലനങ്ങളുമായി എതിരാളികളെ ഒന്നൊന്നായി അരിഞ്ഞു വീഴ്ത്തിയത്, താരത്തിന്റെ പുത്തൻരൂപമാണ്– സിന്ധു വേർഷൻ 2.0.

കരുത്തുറ്റ നെറ്റ് പ്ലേ

മുൻകോർട്ടിലെ പിഴവുകൾ പരിഹരിക്കുന്നതിൽ സിന്ധു ഏറെ മുന്നോട്ടു പോയെന്നതാണ് ഈ ടൂർണമെന്റിലെ സവിശേഷതകളിലൊന്ന്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ സിന്ധുവിനെ വീഴ്ത്തിയ നിലവിലെ ചാംപ്യൻ അകാനെ യമഗൂച്ചിക്കെതിരെ കഴിഞ്ഞ ബുധനാഴ്ച ടൂർണമെന്റിലെ ആദ്യ മൽസരത്തിൽ നടത്തിയ പോരാട്ടം തന്നെ ഉദാഹരണം. ആദ്യ ഗെയിമിന്റെ ഇടവേളസമയത്ത് 6–11നു പിന്നിൽനിന്ന ശേഷം ക്ഷമാപൂർവം കളിച്ച സിന്ധു എതിരാളിക്കു പിഴയ്ക്കും വരെ റാലികളിൽ പിടിച്ചുനിന്നു. 37 ഷോട്ടുകൾ നീണ്ട ഒരു റാലിയിൽ പോയിന്റ് പിടിച്ചെടുത്ത സിന്ധുവിന്റെ ക്ഷമയ്ക്കു മുന്നിൽ യമഗൂച്ചി പതറി. 24–22, 21–15നു മത്സരം സിന്ധുവിന്റെ വരുതിയിൽ.

നവോൻമേഷം

കഴിഞ്ഞ മാസം ഹോങ്കോങ് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പതറി വീണ താരത്തിൽ നിന്ന് ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു സിന്ധു. ആ തോൽവിക്കു ശേഷം സയ്യദ് മോദി ഇന്റർനാഷനൽ ടൂർണമെന്റിൽ പങ്കെടുക്കാമായിരുന്നു. അത് വേൾഡ് ടൂർ ഫൈനൽസിലെ കായികക്ഷമതെ ബാധിക്കുമെന്നു തിരിച്ചിറിഞ്ഞ താരം ഗ്വാങ്ചൗവിലെ ഓരോ മൽസരത്തിലും തീർത്തും ഫ്രഷ് ആയിരുന്നു. നീണ്ട റാലികൾക്കു ശേഷവും തളരാത്ത പോരാട്ടവീര്യവുമായി നിന്ന സിന്ധുവിനെതിരെ ശക്തരായ എതിരാളികൾ പോലും കീഴങ്ങേണ്ടി വന്നു.

മുന്നിൽ സുവർണകാലം

കിരീട നേട്ടങ്ങളുടെ പൊൻപ്രഭാകാലമാണ് ഇനി സിന്ധുവിനു മുന്നിലുള്ളത്. മേജർ ടൂർണമെന്റുകളുടെ കലാശപ്പോരാട്ടത്തിൽ വിജയിക്കേണ്ടതെങ്ങനെ എന്നു തിരിച്ചറിഞ്ഞ താരം ഓർമിപ്പിക്കുന്നത് ടെന്നിസ് ഇതിഹാസം ആന്ദ്രെ ആഗസിയെയാണ്. 1986ൽ 16–ാം വയസ്സിൽ പ്രഫഷനൽ രംഗത്തെത്തിയ ആഗസിക്ക് ആദ്യത്തെ ഗ്രാൻസ്‌ലാം സ്വന്തമായത് 92ൽ. സമപ്രായക്കാരനെങ്കിലും പ്രതിഭയിൽ പിന്നിലായിരുന്ന ജീം കൂറിയർ അതിന് ഒരു വർഷം മുൻപേ ഗ്രാൻസ്‌ലാം കിരീടം വെട്ടിപ്പിടിച്ചു. പക്ഷേ, കൂറിയറുടെ നേട്ടം നാലു ഗ്രാൻസ്‌‌ലാമുകളിലൊതുങ്ങിയപ്പോൾ ആഗസി കരിയർ സ്‌ലാം പൂർത്തിയാക്കി ഇതിഹാസ താരമായി. അതേ വിധിയാകട്ടെ സിന്ധുവിനെയും കാത്തിരിക്കുന്നത്.