പ്രോ കബഡി ലീഗ് കേരളത്തിലേക്ക്; പ്ലേ ഓഫ് പോരാട്ടങ്ങൾ 30നും 31നും കൊച്ചിയിൽ

കൊച്ചി ∙ കബഡി.. കബഡി... കബഡി... 13 നഗരങ്ങളിലെ വേദികളിൽ മിന്നൽ റെയ്ഡുകളിലൂടെ ആരാധകരെ വാരിപ്പിടിച്ച പ്രോ കബഡി ലീഗ് പ്ലേ ഓഫ് പോരാട്ടങ്ങൾക്കായി കേരളത്തിലേക്ക്. 3 എലിമിനേറ്ററുകളും ഒരു ക്വാളിഫയറും ഉൾപ്പെടെ 4 മൽസരങ്ങളാണു കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ അരങ്ങേറുക. കളികൾ 30, 31 തീയതികളിൽ രാത്രി 8 നും 9 നും. ടിക്കറ്റുകൾ ഓൺലൈൻ (bookmyshow) മുഖേന. വില 250 രൂപ. കളികൾ സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ലൈവ്.

∙ ഒക്ടോബർ 7 ന് ആരംഭിച്ച ലീഗിന്റെ 6 –ാം പതിപ്പിൽ സോൺ ‘എ’ യിൽ നിന്നു ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സ്, യു മുംബൈ, ദബാങ് ഡൽ‌ഹി ടീമുകൾ യഥാക്രമം ആദ്യ 3 സ്ഥാനങ്ങൾ ഉറപ്പിച്ചു പ്ലേഓഫിലെത്തി. സോൺ ‘ബി’യിൽ ബെംഗളൂരു ബുൾസും ബംഗാൾ വാരിയേഴ്സും പ്ലേ ഓഫ് ഉറപ്പാക്കി. പട്ന പൈറേറ്റ്സോ യുപി യോദ്ധയോ ആകും 3– സ്ഥാനത്തെത്തുക. പ്രാഥമിക ഘട്ട മൽസരങ്ങൾ 27നു പൂർത്തിയാകുന്നതോടെ സോൺ ബിയിലെ സ്ഥാനക്രമങ്ങളും പ്ലേ ഓഫ് മൽസരക്രമവും വ്യക്തമാകും. ഇന്നു രാത്രി 8 നു ഹരിയാന സ്റ്റീലേഴ്സ് – തമിൾ തലൈവാസ് പോരും 9 നു ബംഗാൾ വാരിയേഴ്സ് – തെലുഗു ടൈറ്റൻസ് പോരാട്ടവും അരങ്ങേറും.

∙ 30 നു രാത്രി 8നാണു കൊച്ചിയിലെ ആദ്യ എലിമിനേറ്റർ. സോൺ എയിലെ 2–ാം സ്ഥാനക്കാരായ യു മുംബൈയെ സോൺ ബിയിലെ 3– സ്ഥാനക്കാർ (പട്ന അല്ലെങ്കിൽ യുപി) നേരിടും. രാത്രി 9നു രണ്ടാം എലിമിനേറ്ററിൽ സോൺ എയിലെ 3–ാം സ്ഥാനക്കാരായ ദബാങ് ഡൽഹി സോൺ ബിയിലെ 2– സ്ഥാനക്കാരെ (ബെംഗളൂരു അല്ലെങ്കിൽ ബംഗാൾ) നേരിടും. 

∙ 31നു രാത്രി 8ന് ആദ്യ ക്വാളിഫയറിൽ സോൺ എ ജേതാക്കളായ ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സ് സോൺ ബി ജേതാക്കളെ (ബെംഗളൂരു അല്ലെങ്കിൽ ബംഗാൾ) നേരിടും. വിജയികൾ ഫൈനലിലെത്തും. രാത്രി 9നു മൂന്നാം എലിമിനേറ്ററിൽ ആദ്യ 2 എലിമിനേറ്ററുകളിലെ ജേതാക്കൾ ഏറ്റുമുട്ടും. ഇതിലെ വിജയിയും ആദ്യ ക്വാളിഫയറിലെ പരാജിതരും തമ്മിലാണു രണ്ടാം ക്വാളിഫയർ.