പ്രൊ കബഡി ലീഗ്: പ്ലേഓഫ് നാളെയും മറ്റന്നാളും; പോരാട്ടം തീപാറും!

കൊച്ചി∙ കബഡി കണ്ടിരിക്കുന്നതിനേക്കാൾ ആവേശമാണു പ്ലേ ഓഫിൽ ഏതൊക്കെ ടീമുകൾ നേർക്കു നേരെ വരുമെന്നറിയാൻ! അവസാന ലീഗ് മൽസരം വരെ ആവേശം നിലനിർത്തിയാണ് ഇക്കുറി പ്രൊ കബഡി ലീഗ് പ്ലേ ഓഫ് ഘട്ടത്തിലെത്തുന്നത്. എ, ബി, സോണുകളിലായി 12 ടീമുകൾ കരുത്തു പരീക്ഷിച്ച ലീഗ് ഘട്ടം പൂർത്തിയാകാതെ പ്ലേ ഓഫിലെ പോരാട്ടങ്ങൾ പ്രവചിക്കാൻ കഴിയാത്ത സ്ഥിതി.

സോൺ എ

ലീഗ് മൽസരങ്ങളെല്ലാം പൂർത്തിയാകും മുൻപു തന്നെ ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സ് 1–ാം സ്ഥാനം ഉറപ്പാക്കിയിരുന്നു. യു മുംബ തൊട്ടു പിന്നിൽ. ദബാങ് ഡൽഹി 3–ാം സ്ഥാനത്ത്. ഗംഭീര പ്രകടനം പുറത്തെടുത്ത ഗുജറാത്ത് ആകെയുള്ള 22 ലീഗ് മൽസരങ്ങളിൽ 17 എണ്ണവും സ്വന്തമാക്കി. ആകെ നേട്ടം 83 പോയിന്റ്.

സോൺ ബി

ബെംഗളൂരു ബുൾസും ബംഗാൾ വോറിയേഴ്സും പ്ലേ ഓഫ് നേരത്തെ ഉറപ്പാക്കിയിരുന്നെങ്കിലും ആര് ഒന്നാമനെന്നറിയാൻ അവസാന മൽസരം വരെ കാത്തിരിക്കേണ്ടിവന്നു. ബംഗാൾ വോറിയേഴ്സ് യുപി യോദ്ധയോടു തോറ്റതോടെ കളം തെളിഞ്ഞു. ബെംഗളുരൂ ഒന്നും ബംഗാൾ രണ്ടും സ്ഥാനത്ത്. 3–ാം പ്ലേ ഓഫ് ടീം ആരെന്നതിലെ അനിശ്ചിതത്വവും തീർന്നു. അവസാന മൽസരത്തിൽ വോറിയേഴ്സിനെ തകർത്ത യോദ്ധയ്ക്കു പ്ലേ ഓഫ്.  പട്ന പൈറേറ്റ്സ് അവരുടെ അവസാന കളിയിൽ തോറ്റതോടെയാണ് അതുവരെ 4–ാം സ്ഥാനത്തു നിന്ന യുപി യോദ്ധയ്ക്കു സാധ്യത തെളിഞ്ഞത്. കിട്ടിയ അവസരം അവർ മുതലാക്കുകയും ചെയ്തു.

നേർക്കുനേർ

30 ന് രാത്രി 8 നു കൊച്ചിയിൽ ആദ്യ എലിമിനേറ്ററിൽ യു മുംബ യുപി യോദ്ധയെ നേരിടും. 2– ാം എലിമിനേറ്ററിൽ രാത്രി 9 നു ദബാങ് ഡൽഹിയും ബംഗാൾ വോറിയോഴ്സും മല്ലിടും. 

31 നു രാത്രി 8 ന് ആദ്യ ക്വാളിഫയറിൽ ഇരു ഗ്രൂപ്പിലെയും 1 –ാം സ്ഥാനക്കാരായ ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സും ബെംഗളൂരു ബുൾസും തമ്മിലാണു യുദ്ധം. വിജയിക്കുന്നവർ ഫൈനലിലെത്തും. ഒന്നും രണ്ടും എലിമിനേറ്ററുകളിലെ വിജയികൾ തമ്മിലുള്ള 3– ാം എലിമിനേറ്ററാണു കൊച്ചിയിലെ അവസാന കളി; 31 നു രാത്രി 9 ന്.  

മുംബൈയിലാണു ഫൈനൽ; 5 ന്. ടിക്കറ്റുകൾ ഓൺലൈൻ (bookmyshow) മുഖേന. വില 250 രൂപ. കളികൾ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തൽസമയം.