പ്രൊ കബഡി ലീഗ് പ്ലേഓഫ്: ഇന്ന് യു മുംബ–യുപി യോദ്ധ, ദബാങ് ഡൽഹി– ബംഗാൾ വോറിയേഴ്സ്

പ്രൊ കബഡി ലീഗ് ടീമുകളുടെ ക്യാപ്റ്റൻമാർ കൊച്ചിയിൽ ഫൊട്ടോ ഷൂട്ടിൽ.

കൊച്ചി ∙ പ്രൊ കബഡി ലീഗ് പ്ലേ ഓഫ് മൽസരങ്ങളുടെ ആവേശ റെയ്ഡുകൾക്ക് ഇന്നു കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. 12 ടീമുകളിൽ നിന്നു ലീഗ് 6 ടീമുകളിലേക്കു ചുരുങ്ങിക്കഴിഞ്ഞു. പ്ലേ ഓഫിലെ 2 എലിമിനേറ്ററുകളാണ് ഇന്ന് അരങ്ങേറുക. ആദ്യ പോരിൽ (രാത്രി 8) യു മുംബ യുപി യോദ്ധയെയും രണ്ടാമങ്കത്തിൽ (രാത്രി 9) ദബാങ് ഡൽഹി ബംഗാൾ വോറിയേഴ്സിനെയും നേരിടും. 

മൽസരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തൽസമയം. ടിക്കറ്റുകൾ ഓൺലൈനായി (bookmyshow) വാങ്ങാം. ഒന്നും രണ്ടും എലിമിനേറ്ററുകളിൽ ജയിക്കുന്ന ടീമുകൾ തമ്മിലുള്ള മൂന്നാം എലിമിനേറ്റർ പോരാട്ടം നാളെ രാത്രി 9 നു നടക്കും. ആദ്യ ക്വാളിഫയർ നാളെ രാത്രി 8 നാണ്; ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സും ബെംഗളൂരു ബുൾസും തമ്മിൽ. അതോടെ, പ്രൊ കബഡി ലീഗിന്റെ കൊച്ചി ആതിഥ്യത്തിനും ആരവമടങ്ങും. ശേഷം, കളി മുംബൈയിൽ.  

യു മുംബ – യുപി യോദ്ധ (രാത്രി 8.00)

ആദ്യ എലിമിനേറ്ററിൽ, മുൻ ചാംപ്യൻമാരായ യു മുംബയുടെ എതിരാളികൾ യുപി യോദ്ധ. സീസണിൽ ഇരു ടീമുകളും നേർക്കു നേർ വരുന്നതു 3 –ാം വട്ടം. ആദ്യ ലീഗ് മൽസരത്തിൽ മുംബ 17 പോയിന്റ് വ്യത്യാസത്തിനു യുപിയെ തകർത്തെങ്കിൽ 2 –ാം പോരിൽ വെറും 2 പോയിന്റ് വ്യത്യാസത്തിൽ യുപി മുംബയെ വീഴ്ത്തി. നിർണായക എലിമിനേറ്ററിൽ തോൽക്കുന്ന ടീം പുറത്താകുമെന്നതിനാൽ  ഇന്നു മരണപ്പോരാട്ടം പ്രതീക്ഷിക്കാം. 

ടീമെന്ന നിലയിൽ യു മുംബയ്ക്ക് മികവു കൂടും. ഡിഫൻസിലും റെയ്ഡിങ്ങിലും ഒരേ മികവ്. തികച്ചും സന്തുലിത ടീം. എങ്കിലും, പ്ലേ ഓഫിലെത്താൻ അവസാന ലീഗ് മൽസരം ജയിച്ചേ മതിയാകൂ എന്ന അതിസമ്മർദം വിജയകരമായി മറികടന്നെത്തിയ യുപിയുടെ യോദ്ധാക്കളെ വില കുറച്ചു കാണാനാവില്ല. പ്രതിരോധത്തിൽ ലെഫ്റ്റ് കോർണർ ഫസൽ അട്രാചലിയും റൈറ്റ് കവർ സുരീന്ദർ സിങ്ങുമാണു മുംബയുടെ കരുത്ത്. ടാക്കിൾ പോയിന്റുകൾ വാരിക്കൂട്ടുന്നതിൽ ഇരുവരും മിടുക്കർ. ഇറാനിയൻ താരമായ ഫസൽ ഏതു റെയ്ഡറെയും പൂട്ടാൻ മികവുള്ള ഡിഫൻഡറായാണ് അറിയപ്പെടുന്നത്. സിദ്ധാർഥ് ദേശായിയും ദർശൻ കാഡിയനും രോഹിത് ബാല്യാനും റെയ്ഡ് വീരൻമാർ. സച്ചിൻ കുമാറും നരേന്ദറുമാണു യുപിയുടെ പ്രതിരോധ വിശ്വസ്തർ. റെയ്ഡിൽ മികവു കാട്ടുന്നതു റിഷാങ്ക് ദേവഡിഗയും പ്രശാന്ത് കുമാർ റായിയും. 

ദബാങ് ഡൽഹി – ബംഗാൾ വോറിയേഴ്സ് (രാത്രി 9.00)‌

ഇത്തവണ ഏറ്റുമുട്ടിയ 2 ലീഗ് മൽസരങ്ങളിലും വോറിയേഴ്സിനെ തോൽപിച്ച ആത്മവിശ്വാസവുമായാണു ദബാങ് ഡൽഹി നിർണായക എലിമിനേറ്റർ പോരാട്ടത്തിനിറങ്ങുന്നത്. രവീന്ദർ പഹൽ, ജോഗീന്ദർ നർവാൾ എന്നിവരാണു ദൽഹിയുടെ പ്രതിരോധക്കോട്ടകൾ; റെയ്ഡിൽ നവീൻ കുമാറും മിറാജ് ഷെയ്ക്കും തന്നെ പുലികൾ. കൊറിയൻ താരം ജാങ് കുൻ ലീയും മനീന്ദർ സിങ്ങുമാണു വോറിയേഴ്സിന്റെ കുന്തമുനയായ റെയ്ഡർമാർ. പ്രതിരോധം ഉറപ്പിക്കുന്നതു സുർജീത് സിങ്ങും. പാലക്കാട് സ്വദേശി ഷബീർ ബാപ്പുവാണു ദബാങ്ങിന്റെ മലയാളി മുഖം.