ഫ്രഞ്ച് ഓപ്പണിലേക്ക് ക്ഷണം പ്രതീക്ഷിച്ച് ഷറപ്പോവ

പാരിസ്∙ അടുത്ത മാസം 28ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ വൈൽഡ് കാർഡ് പ്രവേശനം പ്രതീക്ഷിച്ച് ഇരിക്കുകയാണ്, മുൻ ലോക ഒന്നാം നമ്പർ താരമായ റഷ്യക്കാരി മരിയ ഷറപ്പോവ. ഉത്തേജക ഉപയോഗത്തിന്റെ പേരി‍ൽ 15 മാസത്തെ വിലക്കു നേരിട്ടു തിരിച്ചു വന്ന താരത്തിന് നേരിട്ടു പ്രവേശനത്തിനു യോഗ്യതയില്ല. അടുത്ത മാസം 16ന് അറിയാം ഷറപ്പോവയ്ക്കു ക്ഷണം ലഭിക്കുമോ എന്ന്. തിരിച്ചുവരവിൽ ഷറപ്പോവ ആദ്യം പങ്കെടുക്കുന്ന സ്റ്റട്ട്ഗർട്ട് ഓപ്പൺ ടൂർണമെന്റിലും വൈൽഡ് കാർഡായാണു പ്രവേശനം കിട്ടിയത്. ഫ്രഞ്ച് ഓപ്പണിന്റെ കാര്യം തീരുമാനമായാൽ, ഫെയ്സ്ബുക്ക് വഴി പരസ്യപ്പെടുത്തും മുൻപ് ഷറപ്പോവയെ വിളിച്ച് അറിയിക്കുമെന്ന് ഫ്രഞ്ച് ടെന്നിസ് ഫെഡറേഷൻ പ്രസിഡന്റ് ബെർണാഡ് ഗ്വിഡിസെല്ലി പറഞ്ഞു. ‘കളിക്കാരേക്കാൾ പ്രധാനം ടൂർണമെന്റാണല്ലോ’ – അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ സമ്മാനത്തുക കൂട്ടി

പാരിസ്∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ സമ്മാനത്തുക 12 ശതമാനം വർധിപ്പിക്കാൻ സംഘാടകർ തീരുമാനിച്ചു. 3.6 കോടി യൂറോ (നാലു കോടിയോളം യുഎസ് ഡോളർ) ആണു പുതുക്കിയ തുക. ഈ മാറ്റത്തോടെ കിരീട വിജയിയും ഒന്നാം റൗണ്ടിൽത്തന്നെ പുറത്താകുന്നവരും തമ്മിലുള്ള സമ്മാനത്തുകയിലെ വ്യത്യാസം കുറയും. 21 ലക്ഷം യൂറോയാണു വിജയിക്കു കിട്ടുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം യൂറോ കൂടുതലാണിത്. ഒന്നാം റൗണ്ടിൽ പുറത്താവുന്ന താരത്തിന് 35,000 യൂറോ കിട്ടും. സെർബിയയുടെ നോവാക് ജോക്കോവിച്ച് ആണു നിലവിലെ പുരുഷ ചാംപ്യൻ. വനിതാ ചാംപ്യൻ സ്പെയിനിന്റെ ഗാർബൈൻ മുരുഗുസയും.